Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്താക്കിയ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കേന്ദ്ര സർവകലാശാല അടച്ചു

central-university-kerala കേന്ദ്ര സർവകലാശാല ക്യാംപസ്. ചിത്രം: ഫെയ്സ്ബുക്

കാസർകോട് ∙ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള കേന്ദ്ര സർവകലാശാല പുറത്താക്കിയ വിദ്യാർഥി ക്യാംപസിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു ദിവസം മുഴുവൻ നീണ്ട വിദ്യാർഥി സമരത്തിനു പിന്നാലെ സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു.

ഇന്റർനാഷനൽ റിലേഷൻസ് വിഭാഗത്തിലെ ഒന്നാം വർഷ എംഎ വിദ്യാർഥി തൃശൂർ സ്വദേശി അഖിൽ തായത്താണ് ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിൽസയിലുള്ള അഖിൽ അപകടനില തരണം ചെയ്തു. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ തുടങ്ങിയവരുടെ പേരുകൾ പരാമർശിച്ച് അഖിൽ എഴുതിയ ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതൽ രാത്രി 8 വരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രോ വൈസ് ചാൻസലറുടെ ഓഫിസിനു മുന്നിൽ ഇരുന്നൂറോളം വിദ്യാർഥികൾ സമരം നടത്തി. ജീവനക്കാരെയുൾപ്പെടെ പുറത്തേക്കു വിട്ടില്ല. ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണു വിദ്യാർഥികൾ പിരിഞ്ഞു പോയത്. തുടർന്നാണു സർവകലാശാല അടച്ചതായി വൈസ് ചാൻസലറുടെ ഉത്തരവു വന്നത്. ഇന്നു വീണ്ടും വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സർവകലാശാല അധികൃതരെ അധിക്ഷേപിച്ചു പോസ്റ്റ് ഇട്ടെന്നു കാണിച്ചാണ് അഖിലിനെ കഴിഞ്ഞ ജൂലൈയിൽ പുറത്താക്കിയത്. എന്നാൽ പോസ്റ്റിൽ അധ്യാപകരുടെയോ അധികൃതരുടെയോ പേരു പരാമർശിച്ചിരുന്നില്ല. സർവകലാശാല അധികൃതർ അഖിലിനെ തിരിച്ചെടുക്കാൻ നടപടി സ്വീകരിച്ചില്ലെന്നും നവംബറിൽ നടക്കുന്ന പരീക്ഷ എഴുതാനുള്ള അവസരം ഇല്ലാതാക്കിയെന്നും വിദ്യാർഥികൾ ആരോപിച്ചു.