Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതുകുകടി സഹിച്ചാണ് ഞങ്ങൾ ദലിതരുടെ വീട്ടിൽ പോകുന്നത്: വിവാദമുയർത്തി ബിജെപി മന്ത്രി

Anupama-Jaiswal ഉത്തർപ്രദേശ് മന്ത്രി അനുപമ ജയ്സ്വാൾ. (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി∙ ദലിത് ഭവനങ്ങളിൽ പോയി അവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കാൻ ആർഎസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെ, ബിജെപിക്കു തലവേദനയായി ഉത്തർപ്രദേശ് മന്ത്രിയുടെ വിവാദ പരാമർശം. ‘കൊതുകുകടി കൊണ്ടും ഞങ്ങൾ ദലിതരുടെ വീട്ടിൽ പോകുന്നത് അവർക്കായി സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ്’ – എന്നായിരുന്നു യുപി അടിസ്ഥാന വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്‌സ്വാളിന്റെ പ്രസ്താവന.

ആദ്യമായാണു യുവാക്കളെയും വനിതകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഇവിടെ ഒരു സർക്കാർ നിലവിൽ വന്നിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ഉന്നമനം ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. അതിനായി എല്ലാ മന്ത്രിമാരും കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. രാത്രി മുഴുവൻ കൊതുകുകടി സഹിച്ചാണു ഞങ്ങൾ ദലിത് ഭവനങ്ങളിൽ സമയം ചെലവഴിക്കുന്നത്. അങ്ങനെ പദ്ധതികളുടെ കൃത്യമായ നിർവഹണം ഉറപ്പാക്കുന്നു – മന്ത്രി പറഞ്ഞു.

തൊട്ടുപിന്നാലെ മന്ത്രിയുടെ പരാമർശത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ബിജെപിക്കാരുടെ ഈ നാടകം നാളുകളായി നാം കാണുന്നതാണ്. ദലിതരുടെ ഭവനങ്ങളിൽ ചെന്ന് അവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനു പകരം, ദലിതർക്കു പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കുകയാണു ബിജെപി സർക്കാർ ചെയ്യേണ്ടത്. അവർക്കു മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യവും ഇതിനൊപ്പം ഉറപ്പാക്കണം. അതിനു പകരം രാഷ്ട്രീയ നാടകം കളിക്കാനാണു ബിജെപിയുടെ ശ്രമം – സമാജ്‌വാദി പാർട്ടി നേതാവ് സി.പി. റായ് പ്രതികരിച്ചു.

ദലിത് ഭവനസന്ദർശനവുമായി ബന്ധപ്പെട്ടു ബിജെപി നേതാക്കൾ വിവാദത്തിൽപ്പെടുന്നത് ഇതാദ്യമല്ല. സമാനമായ ചില വിവാദങ്ങളിലൂടെ:

∙ ബിജെപി നേതാക്കൾ ദലിത് ഭവനങ്ങൾ സന്ദർശിക്കുന്നതിലൂടെ അവരെ അനുഗ്രഹിക്കുകയാണെന്നായിരുന്നു യുപി മന്ത്രി രാജേന്ദ്ര പ്രതാപ് സിങ്ങിന്റെ പ്രസ്താവന.

∙ അതേസമയം, ബിജെപി നേതാക്കൾ ദലിത് ഭവനങ്ങൾ സന്ദർശിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയ നേതാവാണ് ഉമാഭാരതി. ദലിത് ഭവനങ്ങൾ സന്ദർശിച്ച് അവരെ ‘ശുദ്ധീകരിക്കാൻ’ താൻ സ്വയം ശ്രീരാമനാണെന്ന് കരുതുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി കൂടിയായ ഉമാഭാരതിയുടെ പ്രസ്താവന.

∙ ഇതിനിടെ, അലിഗഡിലെ ഒരു ദലിത് ഭവനത്തിൽ സന്ദർശനം നടത്തവെ സ്വന്തം വീട്ടിൽനിന്ന് ഭക്ഷണവും വെള്ളവുമായെത്തിയ യുപി മന്ത്രി സുരേഷ് റാണയും വിവാദത്തിൽപ്പെട്ടു. എന്നാൽ, ഈ ഭക്ഷണം ഗ്രാമവാസികൾ ഗ്രാമത്തിൽവച്ചുതന്നെ പാകം ചെയ്തതാണെന്നായിരുന്നു റാണയുടെ വാദം.

∙ നേതാക്കൾ ദലിത് ഭവനങ്ങളിൽ പോയി ഭക്ഷണം കഴിക്കുന്നതുകൊണ്ടു പാർട്ടിക്കു തിരഞ്ഞെടുപ്പിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ബിജെപി എംപി ഉദിത് രാജും കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. ബിജെപി നേതാക്കളുടെ ഇത്തരം സന്ദർശനങ്ങൾ ദലിത് വിഭാഗക്കാരുടെ അപകർഷതാബോധം വർധിപ്പിക്കാനേ ഉപകരിക്കൂ. ദലിതരുടെ ഭവനങ്ങൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം പങ്കിട്ട രാഹുൽ ഗാന്ധിയുടെ നീക്കമാണു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയിലേക്കു നയിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

related stories