Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡിജിറ്റൽ വിപ്ലവത്തിന്റെ മെച്ചമുണ്ടാക്കണം’

mastermind-grand-finale കൊല്ലത്തു നടന്ന മലയാള മനോരമ – ഐബിഎസ് – യുവ മാസ്റ്റർ മൈൻഡ് ഗ്രാൻഡ് ഫിനാലെയിൽ സ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം മേരി നിലയം സീനിയർ സെക്കൻഡറി സ്കൂൾ ടീമും (ഇടത്ത്), കോളജ് വിഭാഗം ഒന്നാം സ്ഥാനം നേടിയ തൃശൂർ ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ് ടീമും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോടൊപ്പം. ജൂറി ചെയർമാൻ ജി.വിജയരാഘവൻ, മലയാള മനോരമ ഡപ്യൂട്ടി എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, ഐബിഎസ് ഫൗണ്ടറും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ്, അമൽജ്യോതി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ സെഡ്.വി. ളാകാപറമ്പിൽ എന്നിവർ സമീപം

ലോകത്തില്‍ ഏറ്റവും വലിയ ഡിജിറ്റൽ വിപ്ലവം നടക്കുന്നത് ഇന്ത്യയിലാണെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പക്ഷേ, വെല്ലുവിളികൾ ഏറ്റെടുത്തു സംരംഭങ്ങൾ തുടങ്ങുന്ന കാര്യത്തിൽ ഇനിയും മുന്നേറാനുണ്ട്. മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റര്‍മൈന്‍ഡ് സീസൺ എട്ടിലെ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രമുഖ രാജ്യാന്തര കമ്പനികളുടെ തലപ്പത്തൊക്കെ ഇന്ത്യക്കാരാണ്. എന്നാൽ, നമ്മുടെ രാജ്യത്ത് അത്തരം കമ്പനികൾക്കു രൂപം നൽകുന്നതിൽ നാം പരാജയപ്പെട്ടു. നമ്മുടെ ഐടി മേഖല വിദേശ കമ്പനികള്‍ക്കുള്ള പുറംജോലികളിലാണു കൂടുതൽ ശ്രദ്ധിക്കുന്നത്. മലയാളികള്‍ ആത്മാർഥതയും കഠിനാധ്വാനവുമുള്ള സമൂഹമാണ്. പക്ഷേ, ഇവിടെ സംരംഭങ്ങള്‍ കുറവാണ്. വിദ്യാഭ്യാസരീതിയിലും മാറ്റം വേണം. പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് ഒരു ലോകമുണ്ടെന്നു കുട്ടികൾ മനസ്സിലാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മനസ്സിൽ രൂപപ്പെടുത്തിയ ആശയത്തിനു വേണ്ടി മറ്റെല്ലാം മറന്നു പ്രവർത്തിക്കുന്നവര്‍ വിജയിക്കുമെന്ന് ഐടി രംഗത്തെ പ്രമുഖ സ്ഥാപനമായ ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടിവ് ചെയർമാനുമായ വി.കെ.മാത്യൂസ് പറഞ്ഞു.

മാസ്റ്റര്‍മൈന്‍ഡ് ജൂറി ചെയർമാന്‍ ജി.വിജ‌യരാഘവന്‍, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് പ്രിന്‍സിപ്പൽ ഡോ. സെഡ്.വി. ളാകപ്പറമ്പിൽ, മലയാള മനോരമ ഡപ്യൂട്ടി എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മന്‍ മാത്യു, ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ എന്നിവർ പ്രസംഗിച്ചു. ഐബിഎസ് ആണ് യുവ മാസ്റ്റർമൈൻഡിന്റെ മുഖ്യപ്രായോജകർ. അമൽജ്യോതി കോളജാണ് സാങ്കേതിക സഹായം ഒരുക്കിയത്. 

ആശയവിസ്മയം രചിച്ചവ

സ്കൂൾ

ഒന്നാം സ്ഥാനം: (50,000 രൂപയും ഫലകവും)

വൈദ്യതിയുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് യൂറിനൽ ഫ്ലഷിങ് സംവിധാനം വികസിപ്പിച്ചെടുത്ത തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സീനിയർ സെക്കൻഡറി സ്കൂൾ.

ടീം അംഗങ്ങൾ:  ബി.കെ.ഭരത് അർജുൻ, അലൻ അൻസെൽ, എച്ച്.അനന്തപദ്മനാഭൻ. 

മാർഗനിർദേശം: ഇ.ജെ.സൗമ്യ, എ.ആർ.റീജ. 

രണ്ടാം സ്ഥാനം (30,000 രൂപയും ഫലകവും)

വാഴപ്പിണ്ടിയിൽനിന്ന് പ്ലാസ്റ്റിക്കിനു ബദലായ ‘ഇക്കോപ്ലാസ്റ്റിക്കസ്’ എന്ന കണ്ടുപിടിത്തവുമായെത്തിയ കണ്ണൂർ, പയ്യന്നൂർ കേന്ദ്രീയ വിദ്യാലയം.

ടീം അംഗങ്ങൾ: എ.പി.മേധ, അനി കെ.രാഘവൻ, കെ.പി.അമൃത, സീമ സുരേന്ദ്രൻ. 

മാർഗനിർദേശം: പി.കെ.ഷൈനി, സജീഷ്കുമാർ. 

മൂന്നാം സ്ഥാനം (20,000 രൂപയും ഫലകവും)

തളർന്നു കിടപ്പിലായ രോഗികൾക്ക് കണ്ണിന്റെ ചലനങ്ങളിലൂടെ അവരുടെ ആവശ്യങ്ങളറിയിക്കാൻ സഹായിക്കുന്ന വിഷൻ ഓഫ് ലൈഫ് എന്ന കണ്ടുപിടിത്തത്തിലൂടെ പത്തനംതിട്ട മേരിമാതാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്.

 ടീം അംഗങ്ങൾ: എഫ്.നികേത്, നിതിൽ മാത്യു അലക്സ്, എസ്.കെ. ശ്രീജിത്ത്, ക്ലെയ്ൻ ജോർജ് കോശി, ജോയൽ ഏബ്രഹാം മനോജ്. 

മാർഗനിർദേശം: പ്രിൻസി ജോൺ, ടിബു ചാക്കോ.

പ്രഫ. സതീഷ് ജോൺ സ്മാരക പുരസ്കാരം: (40,000 രൂപ, ഫലകം)

കൊതുകുകളെ ആകർഷിച്ചുവരുത്തി കുടുക്കാനുള്ള കണ്ടുപിടിത്തവുമായെത്തിയ, തിരുവനന്തപുരം നെടുമങ്ങാട് കൈരളി വിദ്യാഭവൻ സീനിയർ സെക്കൻഡറി പബ്ലിക് സ്കൂളിന്. 

ടീം അംഗങ്ങൾ: എം.ആർ.ഗൗരിപ്രിയ, അസ്ന താജ്, എ.ആരിഫ്, എം.എസ്.യാസീൻ. 

മാർഗനിർദേശം: കെ.ഷീല. 

കോളജ്

ഒന്നാം സ്ഥാനം (ഒരുലക്ഷം രൂപയും ഫലകവും)

ചെലവുകുറഞ്ഞ രീതിയിൽ ബ്രെയിലി പ്രിന്ററുകൾ വികസിപ്പിച്ചെടുത്ത തൃശൂർ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജ്.  കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്നവർക്കു പ്രയോജനം നൽകുന്നതാണ് ഈ കണ്ടുപിടിത്തം.

ടീമംഗങ്ങൾ:പാലാട്ടി ജെസ്വിൻ ജോസഫ്,വി.വി.പ്രണവ്,ശ്രുതി ചന്ദ്രൻ, എന്‍.വരദ,കെ.ബി.ബർണാഡ്, 

മാർഗനിർദേശം:കെ.ജെ.ജിനേഷ്, ഡോ.പി.സുരേഷ്

രണ്ടാംസ്ഥാനം(60,000 രൂപയും ഫലകവും)

മുട്ടിനുമുകളിൽ കാൽ നഷ്ടപ്പെട്ടവർക്ക് ഉപയോഗിക്കാനായി കുറഞ്ഞ ചെലവിൽ കൃത്രിമക്കാൽ നിർമിച്ച മലപ്പുറം കുറ്റിപ്പുറം എംഇഎസ് കോളജ് ഓഫ് എൻജിനീയറിങ്.

ടീമംഗങ്ങൾ: യു. മുഹമ്മദ് ജനീഷ്,എ. അഭിജിത്ത്, ജി.അനിരുദ്ധ്, എ.പി.അരുണ്‍കുമാർ, നജീം അബ്ദുൽ സത്താർ, ഫാരിസ് ഫൈസൽ.

മാർഗനിർദേശം:പ്രഫ.കെ.പദ്‌മകുമാർ

മൂന്നാം സ്ഥാനം(40,000 രൂപയും ഫലകവും)

മലിനജലം മികച്ചരീതിയിൽ ശുദ്ധീകരിക്കാൻ സാധിക്കുന്ന ‘കാട്രിഡ്ജ്’ വികസിപ്പിച്ചെടുത്ത തൃശൂർ സെന്റ് മേരീസ് കോളജ്. 

ടീമംഗങ്ങൾ: ശ്വേത ജീവൻ, റൈന മേരി ഷാജു,  ജൂഹി മാത്യു,  ജിഷ ജോസ് , എം.എസ്.രമ്യ , 

മാർഗനിർദേശം:ഡോ.ദീപ .ജി.മുരിക്കൻ.

പ്രത്യേക ജൂറി പുരസ്കാരങ്ങള്‍ (30000 രൂപ വീതം)

തൃശൂർ വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത ഓട്ടമാറ്റിക് വെർട്ടിക്കൽ ക്രാഡിൽ , തലശേരി കോളജ് ഓഫ് നഴ്‌സിങ് അവതരിപ്പിച്ച ‘ആന്റി ഡിവിറ്റി സ്റ്റോക്കിങ്സ് ’ എന്നീ കണ്ടുപിടിത്തങ്ങൾക്ക്. കുട്ടികളെ ചുമലിൽ കിടത്തിയുറക്കുന്ന രീതിയിലുള്ള തൊട്ടിലാണ് ഓട്ടമാറ്റിക് വെർട്ടിക്കൽ ക്രാഡിൽ. നടക്കുമ്പോഴുള്ള സമ്മർദം ഉപയോഗിച്ച്, വെരിക്കോസ് വെയ്ൻ വേദന ശമിപ്പിക്കുന്നതാണ് ആന്റി ഡിവിറ്റി സ്റ്റോക്കിങ്സ്.

തൃശൂർ വിദ്യാ അക്കാദമി ടീമംഗങ്ങൾ: കെ.കെ.അരുൺ,പി.ആര്‍.ബബീഷ്,കെ.ആർ.അക്ഷയ്‌കുമാർ, അക്ഷയ് ശിവാനന്ദ്, ഐ.എസ്.അക്ഷയ്, 

മാർഗനിർദേശം:എ.ബി.പ്രശാന്ത്. 

തലശേരി കോളജ് ഓഫ് നഴ്‌സിങ് ടീമംഗങ്ങൾ: കാരലീന മരിയ ജോസഫ്,ആഗ്ന ചന്ദ്രൻ, പി.പി സ്വാതി, വി.എസ്.ആര്യ, പി.ഇ.ശ്രേയ, 

മാർഗനിർദേശം: ഷെറിങ് പോൾ, അപർണ.

അവസരങ്ങളെ തേടിപ്പിടിക്കൂ...

dennison-john

അവസരങ്ങള്‍ ഒരിക്കലും ഇങ്ങോട്ടു കയറിവരില്ല. അവ തേടിപ്പിടിക്കണമെന്ന് എസ്എപി ലാബ്സ് ലാറ്റിനമേരിക്കന്‍ മേധാവി ഡെന്നിസണ്‍ ജോൺ. യുവമാസ്റ്റർമൈന്‍ഡില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിലും മറ്റും വിദ്യാർഥികള്‍ പഠനത്തോടൊപ്പം ജോലി ചെയ്യാറുണ്ട്. ഇതവർക്കു വരുമാനവും തൊഴില്‍പരിചയവും നൽകും.


സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവർ ധീരത‌യോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. ടെക്നോപാർക്കിൽനിന്നു തുടങ്ങിയ തന്റെ ഔദ്യോഗിക ജീവിതം ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സോഫ്റ്റ്‌വെയർ കമ്പനിയായ എസ്എപി വരെ എത്തിയ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.