Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നാക്ക സമുദായ സ്‌കോളർഷിപ് : അപേക്ഷ ഡിസംബർ 7 വരെ

scholarship

കുടുംബ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്ക സമുദായ വിദ്യാർഥികൾക്കുള്ള ഈ വർഷത്തെ ‘വിദ്യാസമുന്നതി’ സ്‌കോളർഷിപ്പുകൾക്ക് ഡിസംബർ 7നകം ഓൺലൈനിൽ അപേക്ഷിക്കണം. വെബ്സൈറ്റിലെ  ഡേറ്റ ബാങ്കിൽ ഒറ്റത്തവണ റജിസ്റ്റർ ചെയ്തുകിട്ടുന്ന നമ്പർ ഉപയോഗിച്ചാണ് അപേക്ഷ നൽകേണ്ടത്. അതതു സ്കീമിനുള്ള രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക. ഹാർഡ് കോപ്പി തപാലിൽ അയയ്ക്കേണ്ടതില്ല. ഇതോടൊപ്പമുള്ള പട്ടികയിലെ 4, 5, 6 ഇനങ്ങൾക്കു മാത്രം വാർഷികവരുമാനം  4.5 ലക്ഷം വരെയാകാം. ഇവയുടെ മറ്റു വ്യവസ്ഥകളിലും ചില വ്യത്യാസങ്ങളുണ്ട്. അപേക്ഷകർ കൂടുതലായാൽ, വരുമാനം കുറഞ്ഞവർക്കു മുൻഗണന.

സംവരണാനുകൂല്യമില്ലാത്തവർക്കാണു സഹായം. നിർദിഷ്ട പ്രായപരിധി പാലിക്കണം. ദേശീയ / ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് വേണം. മറ്റു സർക്കാർ സ്കോളർഷിപ്പോ സ്റ്റൈപൻ‍ഡോ വാങ്ങുന്നവ‌ർ അപേക്ഷിക്കേണ്ട. മുൻവർഷങ്ങളിൽ സഹായം കിട്ടി, പഠനം തുടരുന്നവർ പഴയ റജിസ്ട്രേഷൻ നമ്പർ  ഉപയോഗിച്ചു വീണ്ടും  അപേക്ഷിക്കണം.

സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ വഴിയാണു സഹായവിതരണം. വിലാസം: L 2, Kuleena, TC 9 / 476,  Jawahar Nagar, Kowdiar PO, Thiruvananthapuram – 695 003; ഫോൺ : 0471–2311215; ഇ–മെയിൽ: kswcfc@gmail.com; വെബ്: www.kswcfc.org. 

വിവിധ തലങ്ങളിലുള്ള സ്കോളർഷിപ്: 

1. ബിരുദതലം: കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ കോളജുകളിലെ  4000 പ്രഫഷനൽ വിദ്യാർഥികൾക്ക് 7000 രൂപ ക്രമത്തിലും 6600 നോൺ–പ്രഫഷനൽ വിദ്യാർഥികൾക്ക് 5000 രൂപ ക്രമത്തിലും വാർഷിക സ്കോളർഷിപ്. പ്ലസ്ടുവിന് 60% മാർക്കോ ‌തുല്യഗ്രേഡോ വേണം. നീറ്റ് വഴി ഇതര സംസ്ഥാനങ്ങളിൽ മെഡിക്കൽ പ്രവേശനം കിട്ടിയവർക്കും അപേക്ഷിക്കാം. 35 വയസ്സു തികയരുത്.

2. ബിരുദാനന്തര ബിരുദം: കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ കോളജുകളിലെ 250 പ്രഫഷനൽ വിദ്യാർഥികൾക്കു 16,000 രൂപ ക്രമത്തിലും 2000 നോൺ–പ്രഫഷനൽ വിദ്യാർഥികൾക്കു 10,000 രൂപ ക്രമത്തിലും വാർഷിക സ്കോളർഷിപ്. സയൻസ് വിഭാഗക്കാർ 60 %, ആർട്‌സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, നിയമ വിഭാഗക്കാർ 55 % എന്ന ക്രമത്തിലെങ്കിലും ബിരുദത്തിനു മാർക്ക് നേടിയിരിക്കണം. 35 വയസ്സു തികയരുത്.

3. ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ കോഴ്സുകൾ:  ഐഐടി, ഐഐഎം, ഐഐഎസ്‌സി, നാഷനൽ ലോ സ്‌കൂൾ, എൻഐടി, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ, എൻഐഎഫ്ടി മുതലായ ശ്രേഷ്‌ഠസ്‌ഥാപനങ്ങളിലെ അർഹരായ 75 വിദ്യാർഥികൾക്കു വർഷം 50,000 രൂപ വീതം. 35 വയസ്സു തികയരുത്.

4. സിവിൽ സർവീസസ് പരീക്ഷാപരിശീലനം: പ്രിലിമിനറിക്ക് 15,000 രൂപ, മെയിൻസിന് 25,000 രൂപ, തിരഞ്ഞെടുത്ത 10 പേർക്ക്. ഇന്റർവ്യൂവിന് 30,000 രൂപ. പ്രിലിമിനറി ജയിച്ചവർ അപേക്ഷിച്ചാൽ മതി. കുടൂംബവാർഷിക വരുമാനം 4.5 ലക്ഷം രൂപ വരെയാകാം. 32 വയസ്സു തികയരുത്.

5. ബാങ്ക്, പിഎസ്‌സി, യുപിഎസ്‌സി, മറ്റു മൽസരപരീക്ഷകൾക്കുള്ള പരിശീലനം: 1433 പേർക്ക് 6000 രൂപവരെ ലഭിക്കും. കുടൂംബവാർഷിക വരുമാനം 4.5 ലക്ഷം രൂപ വരെയാകാം

6. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷാപരിശീലനം:  ബിരുദ, ബിരൂദാനന്തര തലങ്ങളിൽ സഹായം. കുടൂംബവാർഷിക വരുമാനം 4.5 ലക്ഷം രൂപ വരെയാകാം. 10,000 രൂപ വരെ സഹായം ലഭിക്കും. പ്ല‌സ്ടൂവിൽ ബന്ധപ്പെട്ട ഓപ്ഷനൽ വിഷയങ്ങൾക്ക് 70%  മാർക്ക് അഥവാ ബി+ ഗ്രേഡ് വേണം.  20 വയസ്സു തികയരുത്.

7. ചാർട്ടേർഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, കോസ്‌റ്റ് അക്കൗണ്ടൻസി: ഫൈനൽ പരീക്ഷയ്‌ക്കു തയാറെടുക്കുന്ന 100 പേർക്ക് 10,000 രൂപ വീതം വാർഷിക സ്കോളർഷിപ്. 35 വയസ്സു തികയരുത്. ഇന്റർ ജയിച്ച് 4 വർഷം കഴിയരുത്.

8. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ: കേരളത്തിലെ അംഗീകൃത സ്‌ഥാപനങ്ങളിൽ പഠിക്കുന്ന 1000 വിദ്യാർഥികൾക്ക് 6,000 രൂപ വീതം വാർഷിക സ്കോളർഷിപ്. ഡിപ്ലോമാ വിദ്യാർഥികൾ 10ൽ 70%  മാർക്ക് അഥവാ ബി+, സർട്ടിഫിക്കറ്റ് വിദ്യാർഥികൾ 60% മാർക്ക് അഥവാ ബി ഗ്രേഡ് നേടിയിരിക്കണം. 25 വയസ്സു തികയരുത്.

9. ഹയർ സെക്കൻഡറി തലം: സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ 11,12 ക്ലാസുകളിൽ പഠിക്കുന്ന 10,000 കുട്ടികൾക്കു 4000 രൂപ വീതം വാർഷിക സ്കോളർഷിപ്.  10ൽ എല്ലാ വിഷയങ്ങൾക്കും 70%  മാർക്ക് അഥവാ ബി+ ഗ്രേഡ് വേണം. സ്കോളർഷിപ് സംബന്ധിച്ച പൂർണവിവരങ്ങൾ കോഴ്സ് തിരിച്ച് വെബ്സൈറ്റിൽ.

More Campus Updates>