മികച്ച അവതാരകൻ ആകാൻ 15 വഴികൾ

മികച്ച പ്രസന്റേഷന്റെ അടിത്തറ ശ്രോതാക്കളുമായി സ്ഥാപി ക്കുന്ന നേത്രബന്ധമാണെന്നു പറയാം. ഒരു ഓഡിയോ–വിഷ്വൽ പ്രസന്റേഷനാണ് നിങ്ങളുടേതെങ്കിൽപ്പോലും ആളുകൾ ഏറ്റവുമധികം സമയം ദൃഷ്ടിയൂന്നുന്നത് നിങ്ങളിൽത്തന്നെയായിരിക്കും. ശരിയായ നേത്രബന്ധം സ്ഥാപിക്കുകയെന്നത് നിങ്ങളുടെ സന്ദേശം ഹാളിലെ ഓരോ വ്യക്തിയിലുമെത്തിക്കാൻ അത്യന്താപേക്ഷിതമാണ്. തുടക്കത്തിൽ ശ്രോതാക്കളോരോരുത്തരിലും ചുരുങ്ങിയത് രണ്ടോ മൂന്നോ സെക്കന്‍ഡെങ്കിലും ദൃഷ്ടി പതിയത്തക്കവിധത്തിൽ ഹാളിലൊട്ടാകെയൊന്ന് കണ്ണോടിക്കണം. ഹാളിന്റെ ഇടതുഭാഗത്തുനിന്ന് വലത്തേക്കും അതു പോലെ തന്നെ തിരിച്ചും കോണോടുകോണും വളരെ താൽപ്പര്യപൂർവ്വം (ചുരുങ്ങിയത് താൽപര്യം അഭിനയി ച്ചുകൊണ്ടെങ്കിലും) കണ്ണോടിക്കണം. ഒരു മുക്കും മൂലയും വിട്ടു പോകരുത്.

ഇങ്ങനെ നോക്കുന്നതിനിടയിൽ സൗഹാർദ മനോഭാവമുള്ള മുഖങ്ങളിൽ അല്‍പം കൂടുതൽ സമയം നോക്കുകയും അല്ലാത്തവയെ തൽക്കാലത്തേയ്ക്കെങ്കിലും അവഗണിക്കുകയും ചെയ്യണം. ഭൂരിഭാഗം ആളുകളും ആദ്യത്തെ വിഭാഗത്തിൽപ്പെട്ടവരായിരിക്കാനാണ് സാധ്യത. ഒരു ചെറു പുഞ്ചിരിയോടെയായിരിക്കട്ടെ നിങ്ങളുടെ നോട്ടം. നിങ്ങളെങ്ങനെ നോക്കുന്നുവോ അതേ നോട്ടമായിരിക്കും തിരിച്ചും കിട്ടുക. നിങ്ങൾ പുഞ്ചിരിച്ചാൽ അവരും പ്രസന്നഭാവം പ്രകടിപ്പിക്കും.  നിങ്ങൾ നെറ്റി ചുളിച്ചാൽ അവരും നെറ്റി ചുളിച്ചിരിക്കും. ഇത്തരത്തിൽ  നേത്രബന്ധം സ്ഥാപിക്കുന്നത് കേൾവിക്കാരിലോരോരുത്തരിലും അവരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് നിങ്ങളുടെ സംസാരവും ബന്ധപ്പെട്ട മറ്റു പ്രകടനങ്ങളുമെന്ന തോന്നലുളവാക്കുന്നു. 

ഒരാളുടെ കണ്ണിൽ നേരിട്ട് നോക്കുകയെന്നത് ആ വ്യക്തിയെ നിങ്ങൾ വിശ്വാസത്തിലെടുക്കുന്നുവെന്നതിന്റെ സൂചനയാണ്. പരിഭ്രമം കാരണം അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നുന്ന പക്ഷം ചെറിയ ഒരു തന്ത്രമുപയോഗിച്ച് പ്രശ്നത്തെ മറികടക്കാം. ഒരു പ്രാവശ്യം ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്ത ശേഷം ഹാളിലുള്ള ഒരോരുത്തരുടെയും മുഖത്ത് കണ്ണിന്റെ കീഴ്ഭാഗത്തുമാത്രം നോട്ടം  പതിയത്തക്കവിധം മുക ളിൽ സൂചിപ്പിച്ചതു പോലെ കണ്ണോടിക്കുക. 

നിങ്ങളെ കേൾക്കുന്നവർ
നിങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രോതാക്കൾ അവരുടെ ശരീരഭാഷയിലൂടെ പ്രതികരിച്ചുകൊണ്ടിരിക്കും. ഇത്തരം നോൺവെർബൽ പ്രതികരണങ്ങളിൽ എപ്പോഴുമൊരു കണ്ണുവേണം. ചില ആളുകള്‍ നിങ്ങളെ നോക്കിക്കൊണ്ടല്ല ഇരിക്കുന്നതെങ്കിൽ നിങ്ങൾ പറയുന്നത് അവർ കേൾക്കുന്നുണ്ടാവില്ല. ഉച്ചഭാഷിണി ഉപയോഗിച്ചു കൊണ്ടല്ല നിങ്ങളുടെ സംസാരമെങ്കിൽ ഉടൻ തന്നെ ശബ്ദം അൽപം കൂടി ഉച്ചത്തിലാക്കണം. മുഷിപ്പിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നതെങ്കിൽ ചെറിയൊരു ഫലിത പ്രയോഗം കൊണ്ടോ ആംഗ്യങ്ങളും ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങളും നേരിയ തോതിൽ വ്യത്യാസപ്പെടുത്തിയോ  പ്രശ്നം പരിഹരിക്കാം. ഒരു പക്ഷേ നിങ്ങൾ പറയുന്ന ചില വാക്കുകളുടെയോ വാക്യ ഖണ്ഡങ്ങളുടെയോ പൊരുൾ അവർക്കു വ്യക്തമായിട്ടില്ലായിരിക്കാം. പരിഹാരം: കൂടുതൽ എളുപ്പമുള്ള വാക്കുകളുപയോഗിച്ച് കാര്യങ്ങൾ ലളിതമായ വിധത്തിൽ ആവർത്തിക്കുക.

പരിഹാസവും അസ്വസ്ഥതയുമൊളിപ്പിച്ചു വെച്ച ഒരു നേർത്ത പുഞ്ചിരിയോടെയാണ് ചിലരുടെ നോട്ടമെങ്കില്‍ അതിനു കാരണം നിങ്ങളുടെ വികൃതമായ മാനറിസങ്ങളെന്തെങ്കിലുമാകാം. ഭക്ഷണത്തിന്റെ അംശങ്ങളെന്തെങ്കിലും വസ്ത്രത്തിലെ വിടെയോ പറ്റിപ്പിടിച്ചിരിക്കുകയോ ശരിയായ വിധത്തിൽ ബട്ടണുകളിടാതിരിക്കുകയോ ചെയ്താലും ഇങ്ങനെ സംഭവിക്കാം. കഴിവതും ശ്രോതാക്കളുടെ ശ്രദ്ധയിൽ പെടുന്നതിനു മുമ്പേ പ്രശ്നം കണ്ടെത്തി പരിഹരിക്കണം. ശ്രോതാക്കളുടെ മുഖത്ത് സന്തോഷവും താൽപ്പര്യവും ശ്രദ്ധയുമാണ് കാണുന്നതെങ്കിലോ? നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന രീതിയിൽ മാറ്റം വരുത്താതെ ധൈര്യമായി മുന്നേറുക. നിങ്ങളുടെ പ്രകടനം ഗംഭീരമായിരിക്കും!

തുടക്കം പിഴച്ചാൽ
നിങ്ങളെക്കുറിച്ച് നേരത്തേ കേൾക്കുകയോ അറിയുകയോ ചെയ്യാത്ത ആളുകളടങ്ങുന്ന ഒരു സദസ്സിനെ അഭിമുഖീകരിക്കുന്നതെങ്കിൽ ആദ്യത്തെ ഏതാനും മിനിറ്റുകള്‍ നിർണായകങ്ങളാണ്. കാരണം അപ്പോൾ ശ്രോതാക്കൾ നിങ്ങളെ വിലയിരുത്തിക്കൊണ്ടിരിക്കുകയായിരിക്കും. നിങ്ങൾ തന്റേടിയാണോ, ആത്മാർഥതയുള്ളവനാണോ, അവരുടെ ശ്രദ്ധ പിടിച്ചെടുക്കാൻ മാത്രം കഴിവുറ്റവനാണോ എന്നിങ്ങനെ ഒരു പാടു  കാര്യങ്ങൾ ആളുകൾ വിലയിരുത്തുന്നത് ആദ്യത്തെ കുറച്ചു നിമിഷങ്ങളിലായിരിക്കും. First impression is the best impression  എന്നാണല്ലോ.

പ്രസന്റേഷൻ ഒന്നാംതരമാക്കാം
ആരെങ്കിലും നിങ്ങളെ പരിചയപ്പെടുത്തിക്കഴിഞ്ഞാല്‍ ആത്മ വിശ്വാസം സ്ഫുരിക്കുന്ന മുഖഭാവത്തോടെ, പതർച്ചയില്ലാത്ത കാൽവയ്പുകളോടെ  വേദിയുടെ മുൻഭാഗത്തേക്കു വരിക. നടക്കുമ്പോഴുള്ള ശാരീരിക ചലനം ശ്രോതാക്കളുടെ നോട്ടം നിങ്ങളെ പിൻതുടരാനും ശ്രദ്ധ നിങ്ങളിൽ കേന്ദ്രീകരിക്കാനും ഇടയാക്കുന്നു. പ്രസന്റേഷൻ ആരംഭിച്ചു കഴിഞ്ഞാൽ ശരീരചലനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെപ്പറയും വിധം സംഗ്രഹിക്കാം.

1.ചുമലുകൾ പുറകിലേക്കു തള്ളി നെഞ്ചുവിരിച്ച് തലയുയർ ത്തി നിവർന്നു നിൽക്കുക. ഈ നിൽപ്പ് നിങ്ങളിൽ അതിയായ ആത്മവിശ്വാസമുണർത്തും. 

2.പാദങ്ങൾ അൽപ്പം അകറ്റി നിൽക്കുക. കാൽമുട്ടുകൾ പിണ ച്ചു വയ്ക്കരുത്, അത് നിങ്ങളുടെ  നിൽപ്പിന്റെ  സന്തുലിതാ വസ്ഥയെ ബാധിക്കും. 

3.നെഞ്ചു മുന്നോട്ടു തള്ളിയും വയർ ഉള്ളിലേക്കു വലിഞ്ഞ അവസ്ഥയിലും നിൽക്കുക. ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യേണ്ടിവരുമ്പോൾ ഈ നിൽപ്പ് അതിനെ എളുപ്പമാക്കുന്നു. 

4.ശരീരചലനങ്ങളിൽ വൈവിധ്യം വേണം. അനുയോജ്യമായ ചലനങ്ങൾ ചില പോയിന്റുകള്‍ക്ക് ഊന്നൽ നൽകാനും മറ്റും സഹായകമാകും. പ്രസന്റേഷൻ സമയത്ത് ഒരേ സ്ഥാനത്തു തന്നെ തുടർച്ചയായി കുറേ സമയം നിൽക്കുകയോ ഇടതട വില്ലാതെ ചലിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്. എല്ലാറ്റിലും മിതത്വം വേണം. 

5.കൈകൾ കഴിവതും തുറന്നു പിടിക്കുക. മുഷ്ടി ചുരുട്ടിയ അവസ്ഥയിൽ വയ്ക്കരുത്– എന്തെങ്കിലും കാര്യങ്ങൾ ഊന്നിപ്പ റയുമ്പോൾ ഒഴികെ.

6.കൈവെള്ളകൾ ശ്രോതാക്കളിൽ നിന്നു മറച്ചു വയ്ക്കുന്ന അവസ്ഥയിൽ കഴിവതും നിൽക്കാതിരിക്കുക. കൈവെള്ളകൾ പ്രദർശിപ്പിക്കുന്നത് സത്യസന്ധതയുടെയും തുറന്ന മനസ്ഥിതി യുടെയും ലക്ഷണമാണെന്ന് മുൻ അദ്ധ്യായങ്ങളിൽ വായിച്ചിരു ന്നത് ഓർക്കുമല്ലോ.

7.ശ്രോതാക്കൾക്കു നേരെ വിരൽ ചൂണ്ടുന്നത് അഭികാമ്യമല്ല. എന്നാൽ ആവശ്യമെങ്കിൽ വശങ്ങളിലേക്കോ മുകളിലേക്കോ ചൂണ്ടുന്നതിൽ തെറ്റില്ല. കൈവെള്ളകൾ മുകളിലേക്കു വരത്ത ക്കവിധത്തിൽ കൈ ചൂണ്ടുന്നത് കർശനമായും ഒഴിവാക്കണം. ശ്രോതാക്കളെ അപമാനിക്കുന്നതിനു തുല്യമാണത്.

8.കാര്യങ്ങൾ ഊന്നിപ്പറയേണ്ടി വരുമ്പോൾ വിരലുകൾ മടക്കി  കോൺഫറൻസ് മേശയിലും മറ്റും കയ്യൂന്നി അൽപ്പം മുന്നോട്ടാ ഞ്ഞ് നിന്നുകൊണ്ട് സംസാരിക്കുന്നത് നിങ്ങളുടെ  നിശ്ചയ ദാര്‍ഢ്യത്തെ എടുത്തുകാണിക്കുന്നതോടൊപ്പം വാക്കുകളുടെ ദൃഢത വർധിപ്പിക്കുകയും ചെയ്യുന്നു.  പക്ഷേ ഈ നിൽപ്പ്  ശ്രോതാക്കളുമായി സാമാന്യത്തിലധികം അകലമുള്ളപ്പോൾ മാത്രമേ ആകാവൂ.  കാരണം ആളുകൾ അടുത്തിരിക്കുന്ന അവസ്ഥയിൽ അതിന് നേരിയ ഒരു ഭീഷണിയുടെ ചുവയുണ്ട്. 

9.വികാരഭരിതമായി സംസാരിക്കുമ്പോൾ നെഞ്ചിൽ കൈ വയ്ക്കുന്നത് ആത്മാർഥതയുടെ ലക്ഷണമായാണ് കരുതപ്പെ ടുന്നത്. അത് നിങ്ങളുടെ വാക്കുകളുടെ വിശ്വസനീയത ഉയർ ത്തുകയും സദസ്സിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണർത്തുകയും ചെയ്യുന്നു. 

10.ഓരോ നീക്കത്തിലും ചുരുങ്ങിയത് ഒരു ചുവടുവയ്പ്പെങ്കിലും വേണം. തറയിലൂടെ പാദങ്ങൾ നിരക്കി നീക്കരുത്.

11.ഒറ്റക്കാലിൽ മാത്രം ശരീരഭാരം അര്‍പ്പിച്ചുകൊണ്ടുള്ള നിൽപ്പ്, മുമ്പോട്ടും പുറകിലേയ്ക്കും വെറുതെ ആടിക്കൊണ്ടിരിക്കൽ, കൊച്ചു കൊച്ചു കാൽവയ്പ്പുകളോടെയുള്ള നടപ്പ് തുടങ്ങിയവ നിങ്ങളുടെ പ്രകടനത്തിന്റെ ആകർഷണീയതയെ പ്രതികൂലമാ യി ബാധിക്കും. 

12.പ്രസന്റേഷനിടയിൽ അവിചാരിതമായി കയ്യില്‍ നിന്നും എന്തെങ്കിലും സാധനങ്ങൾ (ചോക്ക്, പേന, പോയിന്റർ, മാർക്കർ തുടങ്ങിയവ) താഴെ വീണു പോയാൽ പരിഭ്രമിക്കരുത്. കാര്യമായിട്ടൊന്നും സംഭവിച്ചിട്ടില്ലാത്ത പോലെ വളരെ സാവ ധാനത്തിൽ കഴിവതും മുട്ടുവളയാതെ അതു കുനിഞ്ഞെടുക്കുക.

13.പ്രസന്റേഷൻ ഒരു ഘട്ടത്തിൽപ്പോലും കൈകെട്ടിയോ കാലു കൾ പിണച്ചുവെച്ചോ നിൽക്കരുത്. അത് അടഞ്ഞ മനസ്സിന്റെ സൂചനയാണ്. 

14.എന്തെങ്കിലും ലഘുലേഖകളോ നോട്ടുകളോ സദസ്യർക്കി ടയിൽ വിതരണം ചെയ്യാനുണ്ടെങ്കിൽ അതു നേരത്തെ എണ്ണി ത്തയാറാക്കി വെച്ചിരിക്കണം.  വിതരണത്തിനു സമയമാകു മ്പോൾ ഏറ്റവും മുന്നിലെ  നിരയിൽ ഒരറ്റത്തിരിക്കുന്ന ആളെ അവ മൊത്തത്തിൽ ഏൽപ്പിച്ചാൽ ഓരോരുത്തരും ഓരോന്നും വീതമെടുത്ത് ക്രമത്തിൽ പുറകിലേക്ക് പാസ് ചെയ്തു കൊള്ളും. ഇവിടെയും ധൃതി കാണിക്കരുത്.

15.സദസ്സിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ ഉന്നയിക്കുന്ന സമയങ്ങളിൽ കൈകൾ പരസ്പരം ഉരസിക്കൊണ്ട് നിൽക്കുന്നത് നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചിന്തകൾക്ക് കൂടുതൽ വ്യക്തത നൽകുകയും ചെയ്യും. സദസ്യരുടെ ചോദ്യങ്ങൾക്ക്  തൃപ്തികരമായ ഉത്തരം നൽകാൻ ഇത് രണ്ടും ആവശ്യമാണല്ലോ. 

പ്രസന്റേഷൻ വിജയകരമാക്കുന്നതിൽ നിങ്ങളുടെ വസ്ത്രധാരണ രീതി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രൗഢമായ വസ്ത്രധാരണം നിങ്ങളുടെ ആകർഷണീയതയ്ക്ക് മാറ്റു കൂട്ടുന്നു; ആത്മവിശ്വാസം വർധിപ്പിക്കുന്നു. അത് ശ്രോതാക്കളിൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് കൂട്ടുന്നു. പ്രസന്റേഷൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വസ്ത്രധാരണരീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങൾ.

∙ശ്രോതാക്കളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും വസ്ത്രധാരണ സമ്പ്രദായങ്ങളും മുൻകൂട്ടി മനസ്സിലാക്കി അതിനിണങ്ങുന്ന രീതിയിൽ വസ്ത്രധാരണം ചെയ്യുക.

∙ശ്രോതാക്കളെ അപേക്ഷിച്ച് അൽപം കൂടി യാഥാസ്ഥികമായ വസ്ത്രധാരണരീതിയായിരിക്കും കൂടുതൽ അഭികാമ്യം.

∙വസ്ത്രം ശരീരപ്രകൃതിക്കിണങ്ങുന്നതായിരിക്കണം. 

∙ശരീരത്തിന്റെ അളവുകൾക്കനുസരിച്ച് കൃത്യമായി മുറിച്ചു തുന്നിയതാകണം. ചുളിവില്ലാത്തതും വൃത്തിയുള്ളതും വെടിപ്പുള്ളതുമാകണം. 

∙അമിത ഫാഷൻ ഭ്രമം നന്നല്ല. അഴകിയ രാവണൻ ചമയുന്നത് മുഖ്യ ലക്ഷ്യത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കും. 

∙ഇളം നിറങ്ങളിലുള്ള ഷർട്ടുകളാണ് നല്ലത്. സ്യൂട്ടാണെങ്കിൽ നേവിബ്ലൂ നിറം, കറുപ്പ് തുടങ്ങിയവ ലോകത്തിലെവിടെയും സ്വീകാര്യമാണ്. 

∙തിളക്കമേറിയ ആഭരണങ്ങൾ, കട്ടികൂടിയ വാച്ച് തുടങ്ങിയവ ധരിക്കരുത്.

∙പോക്കറ്റുകൾ അതുമിതും കുത്തിനിറച്ച് മുഴച്ചു നിൽക്കുന്ന അവസ്ഥയിലാകരുത്. 

∙നിങ്ങൾ കണ്ണട ധരിക്കുന്ന ആളാണെങ്കിൽ ചില പോയിന്റു കൾ  ഊന്നിപ്പറയേണ്ടിവരുമ്പോൾ കണ്ണടയെടുത്ത് കയ്യിൽപ്പിടിക്കുന്നതു നന്നായിരിക്കും. അത് ശ്രോതാക്കളുമായി നിങ്ങളെ കൂടുതൽ അടുപ്പിക്കും. കളർ ഗ്ലാസുകൾ പ്രസന്റേഷൻ സമയത്ത് യാതൊരു കാരണവശാലും ധരിക്കരുത്.

∙നിങ്ങളുടെ ആകാരത്തെ സ്വയം അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യണം. ശ്രോതാക്കളും അതംഗീകരിച്ചു കൊള്ളും. എല്ലാവരും സിനിമാനടന്മാരെപ്പോലെ ആകാരഭംഗിയുള്ളവരായിക്കൊള്ളണമെന്നില്ലെന്ന് ഓർക്കുക. 

∙നടക്കുമ്പോൾ ശബ്ദമുണ്ടാക്കുന്ന നാണയത്തുട്ടുകൾ, താക്കോൽക്കൂട്ടങ്ങൾ പോലുള്ള യാതൊന്നും പോക്കറ്റിലുണ്ടായിരിക്കരുത്. ടക്....ടക്.... ശബ്ദമുണ്ടാക്കുന്ന ഷൂസും വർജിക്കപ്പെടേണ്ടതു തന്നെ.

ഓർക്കുക : നിങ്ങൾ എന്തു പറയുന്നു എന്നതിനേക്കാൾ പ്രധാനമാണ് എങ്ങനെ പറയുന്നുവെന്നത്. നിങ്ങളെക്കാൾ ഉച്ചത്തിൽ നിങ്ങളുടെ ശരീരം സംസാരിക്കുന്നുണ്ട്. പലപ്പോഴും ഈ നിശബ്ദ സന്ദേശങ്ങളാണ് നിങ്ങളുടെ പ്രസന്റേഷൻ ആകർഷകവും അർഥപൂർണവുമാക്കുന്നത്.

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>