Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസാരിക്കുമ്പോൾ വേണ്ട ഈ കാര്യങ്ങൾ

speech

നാമെല്ലാം ജനിക്കുന്നതിനു മുമ്പേ, ഗർഭപാത്രത്തില്‍ വച്ചു തന്നെ കൈകൾ കൊണ്ടുള്ള ആംഗ്യങ്ങൾ ആരംഭിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ജനിച്ച ഉടൻതന്നെ വെളിവാകാൻ തുടങ്ങുന്ന ആംഗ്യങ്ങൾ കാലം ചെല്ലുന്തോറും കൂടുതൽ അർഥപൂർണങ്ങളാകുകയും മികച്ച ആശയവിനിമയോപാധിയായി മാറുകയും ചെയ്യുന്നു. സാധാരണ സംഭാഷണങ്ങള്‍ മുതൽ പ്രഭാഷണങ്ങൾ, പ്രസന്റേഷനുകൾ തുടങ്ങിയവയെല്ലാം ഫലപ്രദവും ആകർഷണീയവുമാക്കുന്നതിൽ കൈകൊണ്ടുള്ള ആംഗ്യങ്ങൾക്ക് കാര്യമായ പങ്കു വഹിക്കാനുണ്ട്. അതു കൊണ്ടുതന്നെ കൈയാംഗ്യങ്ങളിൽ വരുന്ന പിഴവുകളും പാളിച്ചകളും ഉദ്ദേശിച്ചതിന്റെ നേർവിപരീത ഫലങ്ങളും ഉളവാക്കിയേക്കാം.

ഒരു ഇന്റർവ്യൂവിനു വേണ്ടിയോ പ്രഭാഷണത്തിനു വേണ്ടിയോ പാർട്ടിക്കു വേണ്ടിയോ ഉള്ള തയാറെടുപ്പുകൾക്കിടയിൽ എത്ര സമയം നിങ്ങൾ നിങ്ങളുടെ കൈകളുടെ ചലനങ്ങൾ ക്രമപ്പെടുത്താൻ ഉപയോഗപ്പെടുത്താറുണ്ട്? അധികമാളുകളും ഇക്കാര്യം ശ്രദ്ധിക്കാറേ ഇല്ലെന്നുള്ളതല്ലേ വാസ്തവം? ശരിയായ രീതിയിലുള്ള കൈയാംഗ്യങ്ങള്‍ നിങ്ങളുടെ ആശയങ്ങൾ നിങ്ങളുദ്ദേശിക്കുന്ന വിധത്തിൽത്തന്നെ മറ്റുള്ളവരിൽ എത്തിക്കുമെന്നു മാത്രമല്ല, അതവരുടെ മനസ്സിൽ നിന്നും മാഞ്ഞുപോകാതെ നില നിർത്തുകയും ചെയ്യും.

നേട്ടങ്ങളും ഉപയോഗങ്ങളും
ശരിയായ കൈയാംഗ്യങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ നിരവധിയാണ്. അവ താരതമ്യേന ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ആശയങ്ങൾ വിനിമയം ചെയ്യുന്നു. നിങ്ങളുടെ ആശയങ്ങൾക്ക് വർധിച്ച അർഥപുഷ്ടിയും സ്വീകാര്യതയും നൽകുന്നു. നിങ്ങളുടെ പ്രതിബദ്ധതയും ആത്മവിശ്വാസവും വെളിപ്പെടുത്തുക വഴി വ്യക്തിത്വവും ആർജവവും എടുത്തുകാണിക്കുന്നു. പ്രസന്റേഷനുകളിലും മറ്റും ദൃശ്യ, ശ്രാവ്യ ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നു.  കൈയാംഗ്യങ്ങളുടെ മുഖ്യ ഉപയോഗങ്ങള്‍ താഴെപ്പറയുംവിധം സംഗ്രഹിക്കാം.

∙വിവിധ വൈകാരികാവസ്ഥകളും മനോഭാവങ്ങളും പ്രകടമാക്കുന്നു. 

∙പ്രാധാന്യം, അടിയന്തിര സ്വഭാവം, മുൻഗണന തുടങ്ങിയ വയ്ക്ക് ഊന്നൽ നൽകുന്നു.

∙പ്രക്രിയകൾ, ബന്ധങ്ങൾ, വൈവിധ്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയങ്ങളെ ദൃശ്യവൽക്കരിക്കുന്നു. 

∙ആകൃതി, ദിശ, സ്ഥാനം മുതലായവ വ്യക്തമാക്കുന്നു.

∙തിരിച്ചറിവ്, അംഗീകാരം, സ്വീകാര്യത തുടങ്ങിയവ പ്രകടമാക്കുന്നു.

ആംഗ്യങ്ങളെ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്നു പരിശോധിക്കാം.

കൈകൾ കൊണ്ടുള്ള ആംഗ്യങ്ങള്‍ തികച്ചും സ്വാഭാവികമായിരിക്കണം. വാക്കുകളോടൊപ്പം കൃത്രിമമായി ഏച്ചുകെട്ടുന്ന ആംഗ്യങ്ങൾ വളരെ അരോചകമായിരിക്കും. ചലനങ്ങളുടെ സ്വാഭാവികതയെ പ്രതികൂലമായി ബാധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഘടകങ്ങൾ പലതാണ്. അവയേതെന്നും അവയെ ദൂരീകരിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നും നമുക്കു പരിശോധിക്കാം.

കൈയാംഗ്യങ്ങളെ മാത്രമല്ല വേദികളിൽ മൊത്തത്തിലുള്ള പ്രകടനത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ മുഖ്യമാണ് സഭാകമ്പം. ശരീരപേശികൾ–പ്രത്യേകിച്ചും കൈകളിലെ പേശികൾ –തമ്മിലുള്ള ഏകോപനത്തെ അതു തടസ്സപ്പെടുത്തുകയും അതുവഴി ആംഗ്യങ്ങളെ വികലമാക്കുകയും ചെയ്യുന്നു. 

പറയാനുള്ള പോയിന്റുകളടങ്ങിയ ചെറുകുറിപ്പുകൾ കൈയിൽപ്പിടിച്ചുകൊണ്ട് സംസാരിക്കുന്നത് കൈകളുടെ സ്വതന്ത്ര ചലനത്തെ പരിമിതപ്പെടുത്തും. കുറിപ്പുകൾ കൂടാതെ സംസാരിക്കാൻ പ്രയാസമുള്ളവർ അതു സ്ഥിരമായി കൈയിൽപ്പിടിക്കുന്നതിനു പകരം പ്രസംഗപീഠത്തിലോ മേശപ്പുറത്തോ വെച്ച്, അത്യാവശ്യമുള്ളപ്പോൾ മാത്രം എടുത്തു നോക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കൈകളുടെ ചലനങ്ങളെ മാത്രമല്ല ഒഴുക്കോടുകൂടിയുള്ള ആശയപ്രവാഹത്തെയും അതു തടസ്സപ്പെടുത്തും. 

ശരിയായ അളവിലുള്ളതല്ലാത്ത പ്രസംഗപീഠം ആംഗ്യങ്ങളെ ശ്രോതാക്കളുടെ ദൃഷ്ടിയിൽപ്പെടാത്തവിധം മറച്ചു കളയാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മൈക്ക് പീഠത്തിനു മുന്നിൽ നിന്നും അൽപ്പം മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാവുന്നതാണ്. 

നമ്മുടെ മുഖഭാവങ്ങൾ ശ്രോതാക്കളിലുണ്ടാക്കുന്ന പ്രതികരണങ്ങൾ വളരെ പ്രകടമായിരിക്കും. എന്നാൽ കൈയാംഗ്യങ്ങളുടെ കാര്യത്തിലാവുമ്പോൾ ശ്രോതാക്കളുടെ പ്രതികരണ ങ്ങൾ വിശകലനം ചെയ്യുക അത്ര എളുപ്പമല്ല, ഇക്കാരണത്താൽ അറിഞ്ഞോ അറിയാതെയോ ആംഗ്യങ്ങൾ പരിമിതപ്പെടുത്താനുള്ള ഉൾപ്രേരണ നമ്മിൽ ഉയർന്നു വരാനുള്ള സാധ്യത ഏറെയാണ്. കൈയും കലാശവും കാണിക്കുന്നതിനു പകരം കാര്യമാത്രപ്രസക്തമായി സംഗതി പറഞ്ഞവസാനിപ്പിക്കുന്നതാണ് നല്ലതെന്ന തോന്നലുണ്ടാക്കാൻ ഇതു കാരണ മാകുന്നു. പക്ഷേ ആംഗ്യങ്ങളെ മുൻവിധികൾവെച്ച് മനഃപൂർവം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുക തന്നെയോ ചെയ്യുന്നതു വഴി അതിശക്തമായ ഒരു ആശയവിനിമയോപാധിയെയാണ് നാം ഉപയോഗപ്പെടുത്താതെ അവഗണിക്കുന്നതെന്നോർക്കുക. ഇമേജുകൾക്കു പകരം വാക്കുകൾകൊണ്ടും വാചകങ്ങൾ കൊണ്ടും മാത്രം ഭംഗിയായി ആശയവിനിമയം നടത്താമെന്നു ള്ള അബദ്ധധാരണയും ആംഗ്യങ്ങളെ അവഗണിക്കുന്നതിനും കാരണമായിത്തീരാറുണ്ട്. ‍

ഒഴിവാക്കപ്പെടേണ്ട ആംഗ്യങ്ങളെക്കുറിച്ചാണ് ഇനി വിശദീകരി ക്കുന്നത്. 

ഇതു വേണ്ട കേട്ടോ

സന്ദർഭങ്ങൾക്കിണങ്ങുന്ന പ്രൗഢമായ ആംഗ്യങ്ങൾ ആശയവിനിമയ ക്ഷമതയും വ്യക്തിപരമായ ആകർഷണീയതയും വർധിപ്പിക്കുമെന്നതു പോലെതന്നെ വികലമായ ആംഗ്യങ്ങൾ വിപരീതഫലങ്ങളും ഉളവാക്കും. അവയിൽ സർവസാധാരണമായ ചിലത് താഴെ:

∙പ്രസംഗപീഠത്തിലോ മേശയുടെ വക്കിലോ കസേരക്കൈയിലോ മുറുകെപ്പിടിക്കൽ.

∙ഷർട്ടിന്റെ കഫിലോ സാരിത്തുമ്പിലോ വസ്ത്രത്തിന്റെ മറ്റേ തെങ്കിലും ഭാഗങ്ങളിലോ ഞെരടിപ്പിടിക്കൽ, നൂലു നുള്ളിപ്പറിക്കൽ.

∙കൈകൾ പരസ്പരം കോര്‍ത്തു പിടിക്കൽ.

∙പേപ്പർവെയ്റ്റ് പോലുള്ള സാധനങ്ങളിൽ കയറിപ്പിടിക്കൽ, താക്കോൽക്കൂട്ടം വിരലിലിട്ടു തിരിക്കൽ.

∙ചെവിക്കുന്നി പിടിച്ചു വലിക്കൽ, താടി തടവലും താടി രോമങ്ങൾ പിടിച്ചു വലിക്കലും, വിയർപ്പു തുടയ്ക്കാനെന്ന ഭാവേന നെറ്റി തടവൽ.

∙വിരലുകൾ അനാവശ്യമായി ഞൊടിക്കുകയോ ഇളക്കിക്കൊണ്ടിരിക്കുകയോ ചെയ്യൽ.

∙ഇന്റർവ്യൂകളിലും മറ്റും ബോർഡംഗങ്ങൾ ഇരിക്കാനാവശ്യപ്പെടുമ്പോൾ അറിയാതെ കൈപ്പത്തിക്കുമേൽ ഇരുന്നു പോകൽ.

∙അസ്വാഭാവികമാംവണ്ണം കൈകൾ നിശ്ചലമാക്കി വയ്ക്കൽ.

∙നഖം കടിക്കൽ, വിരലുകൾ ചുണ്ടുകൾക്കിടയിൽ തിരുകൽ.

∙സംസാരിക്കുമ്പോൾ വാ പൊത്തിപ്പിടിക്കൽ.

മിക്ക ആളുകളെ സംബന്ധിച്ചിടത്തോളവും അപരിചിതരുമായുള്ള സംസാരത്തിന്റെ തുടക്കത്തിലും പൊതുവേദികളിൽ സംസാരിക്കുമ്പോഴുമെല്ലാം കുറഞ്ഞതോതിലെങ്കിലും പരിഭ്രമ വും അതുപ്രകടമാക്കുന്ന ചേഷ്ടകളും സ്വാഭാവികമാണ്. എന്നാൽ അവ തുടരുന്നപക്ഷം നിയന്ത്രിക്കുന്ന കാര്യത്തിൽ അലംഭാവമരുത്. സംസാരം മുന്നേറുന്ന മുറയ്ക്ക് അൽപ്പം മനസ്സുവെച്ചാൽ അത്തരം ചേഷ്ടകളെ നിയന്ത്രണവിധേയ മാക്കാം. തുടര്‍ന്ന് കാലക്രമത്തിൽ ബോധപൂർവമുള്ള പരിശീലനത്തിലൂടെ അവയെ തീർത്തും ഒഴിവാക്കുകയും ചെയ്യാവുന്നതാണ്. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.