അതിജീവന ഭീഷണി നേരിടുന്ന കേരളത്തിലെ അറക്കവാള്‍ മത്സ്യം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ സമീപത്തുള്ള സമുദ്രങ്ങളില്‍ കാണപ്പെടുന്ന മത്സ്യങ്ങളാണ് അറക്കവാള്‍ മത്സ്യങ്ങള്‍ അഥവാ സോ മത്സ്യങ്ങള്‍. സോ അഥവാ അറക്കവാള്‍ എന്ന ആയുധത്തിന്‍റെ അതേ മാതൃകയിലുള്ള ചുണ്ടാണ് ഈ മത്സ്യത്തിന് ആ പേരു നേടിക്കൊടുത്തത്. പേരിലെ ഭീകരതയൊന്നും ഈ ജീവികള്‍ക്കില്ല.  ഇപ്പോൾ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയാണ് ഈ മത്സ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്

അഞ്ചു ഗണത്തില്‍ പെട്ട അറക്കവാള്‍ മത്സ്യങ്ങളാണുള്ളത്. ഇവ അഞ്ചും ഒരുമിച്ചു കാണപ്പെടുന്ന ഏക പ്രദേശം ഇന്ത്യന്‍ മഹാസമുദ്രമാണ്. പ്രത്യേകിച്ചും കേരളത്തിന്‍റെ തീരപ്രദേശം ഉള്‍പ്പെടുന്ന തെക്കു പടിഞ്ഞാറന്‍ സമുദ്രമേഖല. എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ 9 തവണ മാത്രമാണ് ഈ മത്സ്യങ്ങളെ ഗവേഷകര്‍ക്കു കണ്ടെത്താനായത്. ഇതില്‍ അഞ്ചു തവണയും മത്സ്യബന്ധന വലകളില്‍ കുടുങ്ങി ജീവൻ നഷ്ടപ്പെട്ട നിലയിലായിരുന്നു. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ വംശനാശഭീഷണിയുടെ പേരില്‍ ഏറ്റവുമധികം സംരക്ഷണം ലഭിക്കുന്ന ആനയേക്കാളും കടുവയേക്കാളും പരിതാപകരമാണ് അറക്കവാള്‍ മത്സ്യങ്ങളുടെ നിലയെന്നു ഗവേഷകര്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന മത്സ്യം അറക്കവാള്‍ മത്സ്യങ്ങളാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷക കേന്ദ്രത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഈ വര്‍ഷം മുതല്‍ ഒക്ടോബര്‍ 15 അറക്കവാള്‍ മത്സ്യദിനമായി ആചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മത്സ്യത്തിന്റെ പേരില്‍ ഒരു ദിനം ഇന്ത്യയില്‍ ആചരിക്കുന്നത്. അറക്കവാള്‍ മത്സ്യങ്ങളെ കൃത്രിമമായി ഉൽപാദിപ്പിക്കുക എന്നതാണ് ഇവയുടെ വംശത്തെ സംരക്ഷിക്കാന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന ആദ്യ പോംവഴി. ഇതിനുള്ള ശ്രമത്തിലാണ് കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം.