ഒരു ലക്ഷത്തിപതിനയ്യായിരം വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ കാലം

കടന്നു പോകുന്ന മാസങ്ങളും വര്‍ഷങ്ങളുമെല്ലാം താപനിലയുടെ റെക്കോഡുകള്‍ തീര്‍ക്കുമ്പോള്‍ ഈ വാര്‍ത്ത അത്ര അത്ഭുതപ്പെടുത്തില്ലായിരിക്കും. എങ്കിലും താപനിലയുടെ ഈ വര്‍ദ്ധനവില്‍ ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നാണു മുന്‍കാല അനുഭവങ്ങള്‍ പറയുന്നത്. ആയിരവും പതിനായിരവും അല്ല ലക്ഷത്തിലേറെ വര്‍ഷങ്ങൾക്കു മുന്‍പുള്ളതിനേക്കാള്‍ ചൂടാണ് ഇന്ന് ഭൂമി അനുഭവിക്കുന്നതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇക്കാര്യം കണ്ടെത്തിയ ഗവേഷകര്‍ ഈ വർധനവിനു കാരണമായി പറയുന്നത് ആഗോളതാപനമാണ്.

നാസയിലെ കാലാവസ്ഥാ വിഭാഗം ഗവേഷകനായ ജെയിംസ് നാന്‍സെന്‍റെ നേതൃത്ത്വത്തിലുള്ള 11 അംഗ സംഘം നടത്തിയ പഠനത്തിലാണു ഭൂമിയുടെ താപനില ഉയരത്തിലാണെന്നു വ്യക്തമാകുന്ന കണക്കുകൾ പുറത്തു വന്നത്. കഴിഞ്ഞ 45 വര്‍ഷത്തിനിടെയിൽ ഭൂമിയിലെ വർധിച്ച ശരാശരി താപനില 0.84 ഡിഗ്രി സെല്‍ഷ്യസ് ആണത്രെ. ഒരുലക്ഷത്തിപതിനയ്യായിരം വര്‍ഷം മുന്‍പു രണ്ട് ഗ്ലേഷ്യല്‍ പീരിയഡുകള്‍ക്കിടയിലുള്ള സമയത്താണ് ഇത്ര കുത്തനെയുള്ള വർധനവു താപനിലയില്‍ ഉണ്ടായത്.അന്നു പ്രകൃത്യാൽ ഉള്ള കാരണങ്ങള്‍ നിമിത്തമാണെങ്കില്‍ ഇന്നു മനുഷ്യ നിര്‍മ്മിതമാണെന്നു മാത്രം.

അന്നത്തെ വർധനവിനെ തുടര്‍ന്ന് 6-9 വരെ മീറ്റര്‍ വരെ കടല്‍ നിരപ്പുയര്‍ന്നിരുന്നു. അതായത് ഇത്തരമൊരു വലിയ ദുരന്തം ഈ കാഘട്ടത്തിലും പ്രതീക്ഷിക്കാമെന്നര്‍ത്ഥം. അങ്ങനെ സംഭവിച്ചാല്‍ വലിയൊരു ഭാഗം കര വെള്ളത്തിനടിയിലാകും. ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് കടല്‍നിരപ്പിലുണ്ടായ വർധനവു പിന്നീടു താഴ്ന്നത് ഹിമയുഗത്തിനു ശേഷമാണ്. മനുഷ്യനിര്‍മ്മിതമായതുകൊണ്ടു തന്നെ ഇത്തവണ താപനിലയിലെ വർധനവു സൃഷ്ടിക്കുന്ന ആഘാതം തടയാന്‍ ഭൂമിക്കു കഴിഞ്ഞെന്നു വരില്ല. ഇതിനായി മനുഷ്യന്‍ തന്നെ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടി വരുമന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു.