ഇന്ത്യയിലെ ഡാറ്റ്സൻ ഉൽപാദനം ആദ്യ ലക്ഷം പിന്നിട്ടു

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ഇന്ത്യയിലെ ഉൽപാദനം  ആദ്യ ലക്ഷം പിന്നിട്ടു. ചെന്നൈയിലെ ശാലയിൽ നിന്നു പുറത്തെത്തെത്തിയ ഒരു ലീറ്റർ എൻജിനുള്ള ‘റെഡി ഗൊ’യാണ് കമ്പനിയുടെ മൊത്തം ഉൽപ്പാദനം ആദ്യ ലക്ഷത്തിലെത്തിച്ചത്. നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ട്, റെനോ നിസ്സാൻ ഓട്ടമോട്ടീവ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ കോളിൻ മക്ഡൊണാൾഡ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു 1,00,000—ാമതു ഡാറ്റ്സൻ പുറത്തിറങ്ങിയത്.

മൂല്യാധിഷ്ഠിതമായ ബ്രാൻഡിലും ഉൽപന്നങ്ങളിലും ഇന്ത്യൻ ഉപയോക്താക്കൾക്കുള്ള വിശ്വാസവും ഡാറ്റ്സൻ കൈവരിച്ച സ്വീകാര്യതയുമാണ് ഉൽപ്പാദനം 1,00,000 യൂണിറ്റിലെത്തുമ്പോൾ പ്രതിഫലിക്കുന്നതെന്ന് ജെറോം സൈഗോട്ട് അഭിപ്രായപ്പെട്ടു. ‘ഗോ’, ‘ഗോ പ്ലസ്’, ‘റെഡി ഗൊ’ എന്നിവ ഉൾപ്പെടുന്ന ഡാറ്റ്സൻ ശ്രേണിക്ക് മികച്ച പ്രതികരണമാണ് ഇന്ത്യയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിസ്സാൻ മോട്ടോറിന്റെ ഇന്ത്യയിലെ വിൽപ്പനയിൽ പകുതിയിലേറെ സംഭാവന ചെയ്യുന്നത് ഇപ്പോൾ ഡാറ്റ്സനാണ്; പോരെങ്കിൽ ഇന്ത്യയിലെ ഡാറ്റ്സൻ വിൽപ്പനയിൽ ക്രമമായ വർധന കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

തന്റേടത്തെയും ധൈര്യത്തെയും പ്രതിഫലിപ്പിക്കുന്ന ‘യുകൻ’ എന്ന ജാപ്പനീസ് രൂപകൽപ്പനാ സിദ്ധാന്തമാണ് ‘റെഡി ഗൊ’യിൽ ഡാറ്റ്സൻ പിന്തുടരുന്നത്. ടോൾ ബോയ് ശൈലിയിൽ സാക്ഷാത്കരിച്ച കാറിന് ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും(185 എം എം) സ്വന്തമാണ്. അധിക സ്ഥലസൗകര്യം, ഡൈവർക്കു മികച്ച കാഴ്ച എന്നിവയും കാർ വാഗ്ദാനം ചെയ്യുന്നു.  സമഗ്ര സുരക്ഷാ പാക്കേജായ ‘ഡാറ്റ്സൻ പ്രോ സേഫ് സെവൻ’ സഹിതമാണു കാർ വിൽപ്പനയ്ക്കെത്തുന്നത്.  കഴിഞ്ഞ വർഷം ജൂണിൽ വിപണിയിലെത്തിയ ‘റെഡി ഗൊ’യുടെ മുന്നു പരിഷ്കരിച്ച പതിപ്പുകളും ഡാറ്റ്സൻ പുറത്തിറക്കി: 2016 സെപ്റ്റംബറിൽ ‘റെഡിഗൊ സ്പോർട്’, കഴിഞ്ഞ ജൂലൈയിൽ ‘റെഡി ഗൊ ഒരു ലീറ്റർ’ എന്നിവയ്ക്കു പിന്നാലെ കഴിഞ്ഞ മാസം ‘റെഡി ഗൊ വൺ ലീറ്റർ ഗോൾഡും’ വിൽപ്പനയ്ക്കെത്തി.