Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ എക്സ്പോ: സന്ദർശകർ 6.05 ലക്ഷം

sonakshi-sinha Sonakshi Sinha At Auto Expo 2018

രാജ്യാന്തര വാഹന പ്രദർശനമായ ‘ഓട്ടോ എക്സ്പോ’യുടെ 14—ാം പതിപ്പിനെത്തിയത് ആറു ലക്ഷത്തിലേറെ സന്ദർശകർ. ഗ്രേറ്റർ നോയ്ഡയിൽ ആറു നാൾ നീണ്ട വാഹനമാമാങ്കം 22 പുത്തൻ മോഡലുകളുടെ അരങ്ങേറ്റത്തിനാണു വേദിയായത്. 88 പുതിയ മോഡലുകൾ അനാവരണം ചെയ്ത മേളയിൽ 18 കൺസപ്റ്റ് മോഡലുകളും പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)ക്കൊപ്പം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ)യും ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(എ സി എം )യും ചേർന്നു സംഘടിപ്പിച്ച ഓട്ടോ എക്സ്പോയിൽ 119 കമ്പനികൾ ചേർന്ന് അഞ്ഞൂറിലേറെ മോഡലുകളാണു പ്രദർശിപ്പിച്ചത്. 

വൈദ്യുത വാഹന(ഇ വി)ങ്ങളും സങ്കര ഇന്ധന മോഡലുകളും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളുമായിരുന്നു ഇത്തവണ ഓട്ടോ എക്സ്പോയിൽ അരങ്ങുവാണത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും നവാഗതരായ കിയ മോട്ടോഴ്സും ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവുമൊക്കെ ഭാവി മോഡലുകൾ അണിനിരത്തിയിരുന്നു. കിയ മോട്ടോഴ്സിനു പുറമെ ഇന്ത്യ കാവസാക്കി മോട്ടോഴ്സും ക്ലീവ്ലാൻഡ് സൈക്കിൾവെർക്സുമടക്കം 14 ബ്രാൻഡുകളുടെ രാജ്യത്തെ അരങ്ങേറ്റത്തിനും ഓട്ടോ എക്സ്പോ സാക്ഷിയായി. 

രാജ്യത്തെ പൊതുഗതാഗത മേഖല 2030 ആകുന്നതോടെ പൂർണമായും വൈദ്യുതവൽക്കരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ മോഹത്തിലായിരുന്നു നിർമാതാക്കളുടെ പ്രതീക്ഷ; ഇതോടൊപ്പം യാത്രാവാഹനങ്ങളിൽ 40 ശതമാനമെങ്കിലും ബാറ്ററിയിൽ ഓടുന്ന വിഭാഗത്തിലേക്കു മാറ്റാനും സർക്കാരിനു പദ്ധതിയുണ്ട്. പുത്തൻ സാങ്കേതികവിദ്യകളിൽ ഗണ്യമായ നിക്ഷേപത്തിനു നിർമാതാക്കൾ സന്നദ്ധരാണെങ്കിലും ഈ മേഖല സംബന്ധിച്ച നയങ്ങളിൽ വ്യക്തത വേണമെന്നാണു കമ്പനികളുടെ ആവശ്യം. 

അതേസമയം പ്രമുഖ നിർമാതാക്കളായ ഫോക്സ്വാഗൻ ഗ്രൂപ്, ഫിയറ്റ് ക്രൈസ്ലർ, ജഗ്വാർ ലാൻഡ് റോവർ, നിസ്സാൻ, ഫോഡ്, ഹാർലി ഡേവിഡ്സൻ, ബജാജ് ഓട്ടോ ലിമിറ്റഡ്, റോയൽ എൻഫീൽഡ് തുടങ്ങിയവർ മേളയിൽ പങ്കെടുക്കാതെ വിട്ടു നിന്നു.  മുൻ എക്സ്പോകളെ അപേക്ഷിച്ച് ഇത്തവണ ഒരു ദിനം കൂടുതലുണ്ടായിരുന്നത് കൂടുതൽ സന്ദർശകർക്ക് അവസരം നൽകിയെന്ന് ‘സയാം’ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സുഗതൊ സെൻ വെളിപ്പെടുത്തി. മൊത്തം 6,05,175 സന്ദർശകരാണ് ഇക്കുറി എക്സ്പോയ്ക്കെത്തിയതെന്നും അദ്ദേഹം അറിയിച്ചു. 

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ജോൺ ഏബ്രഹാം, അക്ഷയ് കുമാർ, സൊനാക്ഷി സിൻഹ, തപ്സീ പന്നു, ഗുൽ പനാഗ്, രാഹുൽ ഖന്ന തുടങ്ങിയവരും ക്രിക്കറ്റർമാരായ സചിൻ തെൻഡുൽക്കർ, ഗൗതം ഗംഭീർ എന്നിവരും വിവിധ കമ്പനികളുടെ വാഹന അവതരണ ചടങ്ങുകളിൽ അതിഥികളായി.