Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇവാലിയ’യും പിൻവാങ്ങുന്നു

Nissan Evalia

വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഇവാലിയ’യുടെ ഇന്ത്യയിലെ നിർമാണം നിസ്സാൻ മോട്ടോർ തൽക്കാലത്തേക്കു നിർത്തി. വിദേശ രാജ്യങ്ങളിൽ ‘എൻ വി 200’ എന്ന പേരിൽ വിൽപ്പനയ്ക്കെത്തുന്ന ‘ഇവാലിയ’യ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതാണ് ഇന്ത്യയിൽ തിരിച്ചടിയായത്.

ഇന്ത്യൻ ഉപയോക്താക്കൾക്ക് ‘ഇവാലിയ’ സ്വീകാര്യമാവാതെ പോയത് പരമ്പരാഗതമല്ലാത്ത ശൈലിയിലുള്ള രൂപകൽപ്പനയാവാമെന്നാണ് നിസ്സാന്റെ വിലയിരുത്തൽ. എം പി വി വിഭാഗത്തിൽ ടൊയോട്ട ‘ഇന്നോവ’യോടും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ‘സൈലോ’യോടുമൊക്കെ മത്സരിക്കാനായി 2012 ഒക്ടോബറിലാണ് ‘ഇവാലിയ’ നിരത്തിലെത്തിയത്. തുടർന്ന് ഇതുവരെ വെരും 2,412 യൂണിറ്റിന്റെ വിൽപ്പനയാണ് ‘ഇവാലിയ’ കൈവരിച്ചത്.

നിലവിലുള്ള വാഹനങ്ങൾ വിറ്റഴിയുകയും വിപണിയിൽ ‘ഇവാലിയ’യ്ക്ക് ഇടമുണ്ടെന്നു ബോധ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽമാത്രമാവും എം പി വി ഉൽപ്പാദനം പുനഃരാരംഭിക്കുകയെന്നാണു നിസ്സാൻ മോട്ടോർ ഇന്ത്യ നൽകുന്ന സൂചന. ‘ഇവാലിയ’യുടെ ബാഡ്ജ് എൻജിനീയറിങ് വകഭേദമായ ‘സ്റ്റൈലി’ന്റെ പ്രകടനവും ദയനീയമായിരുന്നു. നിസ്സാനുമായുള്ള സംയുക്ത സംരംഭം വഴി ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്ലൻഡ് 2013 ഒക്ടോബറിൽ വിപണിയിലെത്തിച്ച ‘സ്റ്റൈൽ’ കൈവരിച്ച മൊത്തം വിൽപ്പന വെറും 1,154 യൂണിറ്റായിരുന്നു. ഇതോടെ എം പി വി വിപണിയിൽ നിന്നു പിൻമാറാൻ തന്നെ കമ്പനി തീരുമാനിച്ചു; ‘സ്റ്റൈലി’ന്റെ ഉൽപ്പാദനം അവസാനിപ്പിക്കുകയും ചെയ്തു.

വിപണിയിൽ ‘സ്റ്റൈലി’നു പ്രതീക്ഷിച്ച വിൽപ്പന ലഭിച്ചില്ലെന്ന് അംഗീകരിച്ച അശോക് ലേയ്ലൻഡ് പക്ഷേ സ്ഥിതിഗതി മെച്ചപ്പെട്ടാൽ ഭാവിയിൽ ഈ വിഭാഗത്തിൽ തിരിച്ചു വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘സ്റ്റൈലി’നായി സ്ഥാപിച്ച സംയുക്ത സംരംഭത്തിൽ മുടക്കിയ 224 കോടി രൂപ എഴുതിത്തള്ളാനും അശോക് ലേയ്ലൻഡ് തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലം അശോക് ലേയ്ലൻഡ് — നിസ്സാൻ സംയുക്ത സംരംഭത്തിന്റെ ഓഹരി ഘടനയിൽ മാറ്റമുണ്ടാവില്ലെന്നും പങ്കാളികൾ വിശദീകരിച്ചിട്ടുണ്ട്. ‘ദോസ്ത്’ പോലുള്ള ലഘുവാണിജ്യ വാഹന(എൽ സി വി)ങ്ങൾ ഈ സംയുക്ത സംരംഭം തുടർന്നും നിർമിച്ചു വിൽക്കുമെന്നാണ് ധാരണ.