സ്കോഡ ഓട്ടോ: മൊത്തം ഉൽപ്പാദനം 1.90 കോടിയിൽ

Skoda Rapid

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ മൊത്തം ഉൽപ്പാദനം 1.90 കോടി യൂണിറ്റിലെത്തി. ലാഡ ബൊലെസ്ലാവിലെ പ്രധാന നിർമാണശാലയിൽ നിന്നു പുറത്തെത്തിയ ‘മൂൺ വൈറ്റ്’ നിറമുള്ള സ്കോഡ ‘ഫാബിയ’യാണു കമ്പനിക്ക് ഈ നേട്ടം സമ്മാനിച്ചത്. ജന്മനാടായ ചെക്ക് റിപബ്ലിക്കിലാവും സ്കോഡ ഓട്ടോ ഈ ‘ഫാബിയ’ വിൽപ്പനയ്ക്കെത്തിക്കുക. ഇക്കൊല്ലം വാഹന വിൽപ്പനയിലും ഉൽപ്പാദനത്തിലും സ്കോഡ വീണ്ടും ചരിത്രം സൃഷ്ടിക്കുമെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ബെൺഹാഡ് മേയർ അഭിപ്രായപ്പെട്ടു.

ഫോക്സ്‌വാഗനുമായുള്ള സഖ്യം രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ സ്കോഡ ബ്രാൻഡിന്റെ കരുത്തും കമ്പനി ടീമിന്റെ കഴിവുകളുമാണു വ്യക്തമാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കോഡയെ സംബന്ധിച്ചിടത്തോളം വരും വർഷങ്ങളിലേക്കുള്ള കുതിപ്പിന്റെ തുടക്കമാണീ നാഴികക്കല്ല്. സമൂഹത്തിലും വാഹന വ്യവസായത്തിലും സമൂല മാറ്റങ്ങൾക്കു വഴി തെളിക്കാൻ സ്കോഡ ആവിഷ്കരിച്ച ‘സ്ട്രാറ്റജി 2025’ ആണു കമ്പനിയുടെ പുരോഗതിയുടെ അടിത്തറ.

കമ്പനിക്ക് അഭിമാനിക്കാവുന്ന 1.90 കോടി കാരണങ്ങളാണ് ഇന്ന് ലോകമെങ്ങുമുള്ള നിരത്തുകളിലുള്ളതെന്നു ഉൽപ്പാദന, ലോജിസ്റ്റിക്സ് വിഭാഗങ്ങളുടെ ചുമതലയുള്ള സ്കോഡ ബോർഡ് അംഗം മൈക്കൽ ഓൽജെക്ലോസ് അഭിപ്രായപ്പെട്ടു. ചെക്ക് റിപബ്ലിക്കിലും വിവിധ വിദേശ രാജ്യങ്ങളിലുമുള്ള നിർമാണ കേന്ദ്രങ്ങളുടെ പ്രകടക്ഷമതയും കമ്പനി ജീവനക്കാരുടെ പ്രവർത്തനക്ഷമതയുമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ ഏഴു രാജ്യങ്ങളിൽ 14 കേന്ദ്രങ്ങളിലാണു നിർമാണശാലകളുള്ളത്.