Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോഡ വിൽപ്പന വീണ്ടും 10 ലക്ഷത്തിനു മുകളിൽ

Skoda Yeti Skoda Yeti

ജർമനിയിൽ നിന്നുള്ള ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയുടെ വാഹന വിൽപ്പന തുടർച്ചയായ രണ്ടാം വർഷവും 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. സ്കോഡയുടെ ചരിത്രത്തിൽ തന്നെ ഇതു രണ്ടാം തവണയാണു മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റിനു മുകളിലെത്തുന്നത്. യൂറോപ്പിൽ നിന്നുള്ള ആവശ്യം ഉയർന്നതാണു 2015ൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സ്കോഡയെ സഹായിച്ചത്. 2014ലെ വിൽപ്പനയെ അപേക്ഷിച്ച് 1.8% വർധനയാണു സ്കോഡ ഓട്ടോ കഴിഞ്ഞ വർഷം കൈവരിച്ചത്. റഷ്യയിലെ കാർ വിൽപ്പന ഇടിഞ്ഞതും ചൈനീസ് വിപണി ദുർബലമായതും സ്കോഡ ഓട്ടോയ്ക്കു കനത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാൽ പശ്ചിമ, മധ്യ യൂറോപ്പിൽ നിന്നുള്ള ആവശ്യം ഉയർന്നതാണ് ഈ പ്രതിസന്ധി അതിജീവിക്കാൻ സ്കോഡയെ സഹായിച്ചത്.

skoda superb Skoda Superb

അതേസമയം, ഡീസൽ എൻജിനുകൾക്കു യു എസിൽ നിലവിലുള്ള കർശന മലിനീകരണ നിയന്ത്രണ നിലവാര പരിശോധനയെ മറികടക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടിയെന്ന ഫോക്സ്‌വാഗന്റെ കുറ്റസമ്മതം സ്കോഡയെയും വിഷമവൃത്തത്തിലാക്കിയിരുന്നു. ‘ഡീസൽഗേറ്റ്’ വിവാദം 12 ലക്ഷത്തോളം കാറുകളെ ബാധിച്ചിട്ടുണ്ടെന്നാണു കമ്പനിയുടെ കണക്ക്. അതേസമയം ‘പുകമറ’ സോഫ്റ്റ്‌വെയറിനെ ചൊല്ലിയുള്ള കോലാഹലം വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നും സ്കോഡ ഓട്ടോ വ്യക്തമാക്കുന്നു. സ്കോഡ ഓട്ടോയുടെ മൊത്തം വിൽപ്പന 2014ലാണ് ആദ്യമായി 10 ലക്ഷം യൂണിറ്റിലെത്തിയത്. കഴിഞ്ഞ ഡിസംബറിൽ റെക്കോഡ് വിൽപ്പന കൈവരിച്ചതോടെ 2015 ജനുവരി — ഡിസംബറിൽ 10.60 ലക്ഷം കാറുകളാണു സ്കോഡ ഓട്ടോ വിറ്റത്.ജർമനിയിൽ നില മെച്ചപ്പെടുത്തിയ സ്കോഡ, പശ്ചിമ യൂറോപ്പിലെ വിൽപ്പനയിൽ 2014നെ അപേക്ഷിച്ച് 4.3% വർധന നേടി. അതേസമയം മധ്യ യൂറോപ്പിലെ വിൽപ്പനയിലെ വളർച്ചയാവട്ടെ 15 ശതമാനത്തോളമാണ്. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിൽ വിൽപ്പന കാര്യമായ മാറ്റമില്ലാതെ തുടർന്നപ്പോൾ റഷ്യയിലെ വിൽപ്പനയിൽ മൂന്നിലൊന്നിന്റെ ഇടിവു നേരിട്ടു.

കടന്നു പോയ വർഷത്തിൽ നില മെച്ചപ്പെടുത്തിയെങ്കിലും 2016ലെ വിൽപ്പന സാധ്യതയെപ്പറ്റി സ്കോഡ പ്രവചനത്തിനു മുതിർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും ഇക്കൊല്ലം പുതിയ എസ് യു വി പുറത്തിറക്കി നില ഭദ്രമാക്കാനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. അതേസമയം ചെക്കൊസ്ലവക്യയിലെ മൊത്തം കാർ ഉൽപ്പാദനം കഴിഞ്ഞ വർഷം 13 ലക്ഷം യൂണിറ്റിലെത്തി. സ്കോഡയ്ക്കു പുറമെ ഹ്യുണ്ടേയ് മോട്ടോറിനും ടൊയോട്ട മോട്ടോർ കോർപറേഷനും പി എസ് എ പ്യുഷൊ സിട്രോണും ചേർന്നുള്ള സംയുക്ത സംരംഭമായ ടി പി സി എയ്ക്കുമാണ് ഈ മധ്യ യൂറോപ്യൻ രാജ്യത്തു കാർ നിർമാണശാലകളുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.