ഹെൽത്തി അല്ലാത്ത ഹെൽത്ത് എജ്യുക്കേഷൻ; ഒരു ഓർമപ്പെടുത്തൽ 

ജീവിതകഷായം എന്ന കോളം വായിച്ചുതുടങ്ങുന്നവരോട് തുടക്കത്തിലേ ഒരു കാര്യം പറയട്ടെ, ഡോക്ടർ എന്ന നിലയിൽ കൈകാര്യം ചെയ്യുന്ന കോളം  എവിടെയൊക്കെ, എങ്ങനെയൊക്കെ സഞ്ചാരം നടത്തുമെന്ന് തീർച്ചയില്ല, എന്നാൽ, എന്തായി തീർന്നുകൂടാ എന്ന കാര്യത്തിൽ നല്ല ബോധ്യമുണ്ട്. ആ തിരിച്ചറിവിൽ നിന്നാണ് ആദ്യ ചർച്ച തുടങ്ങുന്നത്. ആരോഗ്യ ലേഖനങ്ങൾ, മാസികകൾ, പൊതുജനത്തിന് വേണ്ടിയുള്ള സെമിനാറുകൾ, ചർച്ചകൾ എന്നിവ ഉൾപ്പെടുന്ന ഹെൽത്ത് എജ്യൂക്കേഷൻ എന്നതിന്റെ,  ഇപ്പോഴുള്ള  രീതികളും അവയുടെ പ്രസക്തിയും മറ്റൊരു തലത്തിൽ നോക്കിക്കാണാൻ ഒരു ശ്രമം നടത്തുകയാണ്. അങ്ങനെ വേണ്ടതിന്റെ സമകാലീന യുക്തിയും ചേർത്ത് പറയുന്നു. 

ശരീര ശാസ്ത്രം അതീവ സങ്കീർണമായ ഒന്നാണ്. അതിന്റെ അപ്ളൈഡ് വേർഷൻ ആണ് വൈദ്യശാസ്ത്രം. ഈ സങ്കീർണത തന്നെയാണ് ഇതിന്റെ സാധ്യതയും ന്യൂനതയും. ഒരു രോഗത്തെപ്പറ്റി വാല്യങ്ങൾ  തന്നെ എഴുതാം. ദിനംപ്രതി പുത്തൻ അറിവുകൾ പൊട്ടിമുളയ്ക്കുന്ന ഇക്കാലത്ത് അത് പോലും അപര്യാപ്തം. ഒരു ചുമയെപ്പറ്റി എത്ര വേണമെങ്കിലും പ്രസംഗിക്കാം. ജനങ്ങളിലേക്ക് എത്തുന്ന ഹെൽത്ത് എജ്യൂക്കേഷന്റെ  ഇപ്പോഴത്തെ പ്രവണത ചുമയുടെ മെക്കാനിസം, കാരണങ്ങൾ, ഓരോ കാരണങ്ങളുടെയും വേറിട്ട ലക്ഷണങ്ങൾ, ചികിത്സ തുടങ്ങിയവയെ ക്രമമായും വൃത്തിയായും പറയുക എന്നതാണ്.

നിസ്സാരം മുതൽ മാരകമായ കാരണങ്ങൾ വരെ ഉണ്ട്. എല്ലാ കാരണങ്ങളും എണ്ണി പറയാൻ കഴിയുമോ ? കഴിഞ്ഞാൽത്തന്നെ രോഗിക്ക് അവ മനസിലാക്കാൻ കഴിയുമോ ? പത്തു കാരണവും അതിന്റെ പത്തു ലക്ഷണവും ആണ് ആകെയുള്ളതെന്നു കരുതുക. തരം തിരിച്ചു പറയാവുന്ന പത്ത് അവസ്ഥകളെ അല്ല അത് സൂചിപ്പിക്കുന്നത്. 10 x 9 x 8 x... അത്രയും പെർമ്യൂട്ടേഷൻ കോമ്പിനേഷൻ ഉണ്ട്. കാരണം ഒരു രോഗവും രോഗലക്ഷണവും ഒറ്റപ്പെട്ട് വരില്ല. വരാം, വന്നാൽ കൂടി മറ്റ് എണ്ണമറ്റ കോമ്പിനേഷനുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം. കുറഞ്ഞ പക്ഷം മാരകമായത് എങ്കിലും. ഇത്രയും ലളിതമായി പറഞ്ഞാൽ പോലും ഇതിലും സങ്കീർണമാണ് യഥാർഥ അവസ്ഥ. കാരണം  ഒരേ പ്രായത്തിലും ലിംഗത്തിലും  ഉള്ള രോഗികൾത്തന്നെ ഒരേ രോഗലക്ഷണത്തോടുപോലും പ്രതികരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഒരു കൂട്ടം ആൾക്കാരോട് ഒരു രോഗാവസ്ഥയെ ജനറലൈസ് ചെയ്ത് പറയുമ്പോൾ നമ്മൾ സത്യത്തിൽ ഐസ്ബർഗിന്റെ അറ്റം പോലും കാണിച്ച് കൊടുക്കുന്നില്ല. 

ആ തരിമ്പെങ്കിലും കാണുന്നില്ലേ എന്ന് ചോദിക്കരുത് കാരണം അല്പജ്ഞാനം ആപത്താണ്. അല്പജ്ഞാനം ആപത്താകുന്നത് ചികിത്സിക്കുമ്പോൾ മാത്രമല്ല, ഒരു തീരുമാനം എടുക്കുമ്പോഴും അത് ബാധകമാണ്. ഒരു ലേഖനമോ പ്രസംഗമോ പകർന്ന പരിമിതമായ അറിവിൽ രോഗി, രോഗത്തെപ്പറ്റി തീരുമാനിച്ചു കഴിഞ്ഞു. ശരിയോ തെറ്റോ, അത് എന്ത് തന്നെയായാലും. ആ പ്രവണത പടർന്ന് പോയേക്കാം എന്നത് അതിലേറെ അപകടം.

രാമൻ,  നെഞ്ച് പുകച്ചിൽ  വരുമ്പോൾ ആശുപത്രിയിലേയ്ക്ക് ഓടും. കൃഷ്ണൻ, നമ്മുടെ നെഞ്ച് വേദനയെ പറ്റിയുള്ള ക്ലാസ്സ്‌ കേട്ടിട്ടുണ്ട്. അത് ഗ്യാസ് കൊണ്ട് ഉണ്ടാകാം എന്നായിരുന്നു ക്ളാസിലെ പാഠം. ഹാർട്ട് അറ്റാക്ക് കൊണ്ടാകാമെന്നും പഠിപ്പിച്ചു. നെഞ്ച് വേദന വന്നപ്പോൾ ഗ്യാസ് ആണെന്ന് കരുതി കൃഷ്ണൻ വീട്ടിൽ തന്നെ ഇരുന്നു. രസം അതല്ല, അത് ഗ്യാസ് തന്നെ ആയിരുന്നു. പക്ഷേ അതല്ല ചോദ്യം. അതിമാരകമായ അറ്റാക്ക്‌ അല്ല തനിക്കെന്ന് കൃഷ്ണൻ എങ്ങനെ ഉറപ്പിച്ചു ? നെഞ്ച് പുകച്ചിലിന്റെ ഒരു കാരണം ഹാർട്ട് അറ്റാക്ക് ആണെന്ന് അയാൾക്ക്‌ അറിയാമെങ്കിൽ പോലും. ഹാർട്ട് അറ്റാക്കിന് ചില ലക്ഷണങ്ങൾ ഉണ്ട്, ചിലർക്ക് ആ ലക്ഷണങ്ങൾ  ഉണ്ടാവാം ഉണ്ടാവാതിരിക്കാം. അത് വച്ചൊന്നും ജഡ്ജ് ചെയ്യാൻ പറ്റില്ല. അത് വച്ചൊന്നുമല്ല ജഡ്ജ് ചെയ്യേണ്ടതും.

കൃഷ്ണന്റെ അറ്റാക്കിന്റെ ലക്ഷണം നമുക്ക് തീർച്ചയില്ല. കൃഷ്ണനോടല്ല നമ്മൾ സംസാരിച്ചത് പോലും. നമ്മൾ ഒരു ജനാവലിയെയാണ് സംബോധന ചെയ്തത്. നെഞ്ച് വേദന - നൂറ് കാര്യങ്ങൾ. ആർക്കെന്ത് വരും എന്ന് കൃത്യമായി പറഞ്ഞില്ല, അങ്ങനെ പറയാൻ കഴിയുകയും ഇല്ല. കൃഷ്ണന് പകുതിയേ അറിയൂ, അതും കണക്കുകൂട്ടിയുള്ള ശരികൾ പോലും സത്യമല്ല, യാദൃഛികതയാണ്. ഒന്നും അറിയാത്ത, ആശുപത്രിയിലേയ്ക്ക്‌ ഓടിയ രാമന് നമ്മളെക്കാൾ ആരോഗ്യ അവബോധമുണ്ട്.

ഗൂഗിളിൽ നിന്ന് വായിച്ചു വന്ന്‌, ഡോക്ടറേയും രോഗത്തെയും മനസിലാക്കാൻ ശ്രമിക്കുന്നതിനെ ഡോക്ടർമാർ ഒരുപാട് വിമർശിക്കാറുണ്ട്. ഒരു ഡോക്ടർ തയ്യാറാക്കിയ രോഗത്തെപ്പറ്റിയുള്ള ലെക്ച്ചറോ ലേഖനമോ പഠിച്ചിട്ട് വരുന്നയാൾ ഈ പറഞ്ഞ അവസ്ഥയിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തനാകുന്നത്. ഡോക്ടർക്ക് കൂടുതൽ അറിവുണ്ടെന്ന് കരുതുന്നുണ്ടോ ? അതിലും ഗിഗാബൈറ്റ് കണക്കിന് ഇൻഫോർമേഷൻ നെറ്റിൽ ഉണ്ടല്ലോ. ആ അർഥത്തിൽ ഇപ്പോൾ നടത്തുന്ന ഹെൽത് എജ്യൂക്കേഷൻ ഗൂഗിൾ ചെയ്യുന്നതിൽ കൂടുതൽ ഒന്നും ചെയ്യുന്നില്ല. കാരണം , ഓരോ രോഗിയും  വ്യതസ്തനാണെന്നും അവർക്ക് വരാവുന്ന ചെറിയ രോഗങ്ങളുടെ പിന്നിൽപോലും കോംപ്ലക്സ് ആയ  ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും നമ്മുടെ ഹെൽത്ത് എജ്യൂക്കേഷൻ ഇപ്പോൾ അവരെ  മനസിലാക്കിക്കുന്നില്ല. പഠിപ്പിക്കുന്നില്ല എന്നല്ല, പഠിപ്പിക്കുക മാത്രമേ ഇപ്പോൾ ചെയ്യുന്നുള്ളൂ എന്നതാണ്. 

രോഗങ്ങൾ എല്ലാം സങ്കീർണമോ, മാരകമോ, ഭയാനകമോ എന്നല്ല,  പക്ഷേ അവയ്ക്ക് പിന്നിലെ രസതന്ത്രങ്ങൾ സങ്കീർണമാണ്. അത്  ഡോക്ടർക്ക് പോലും മനസിലായിക്കൊള്ളണം എന്നില്ല. ഒരു ഫ്ലെക്സിലോ ബാനറിലോ  ഒരു പുറം ലേഖനത്തിലോ അത് മുഴുവനായി കുറിച്ച് വയ്ക്കാൻ കഴിയില്ല. അതിന് തുനിയുന്നത്  വിഡ്ഢിത്തമാണ്,  അതിൽ കുറഞ്ഞതെല്ലാം അർധസത്യങ്ങളും. അത് സമ്മതിക്കേണ്ടി വരും. ഒരു ഗ്ലാസ്‌ ഉപ്പുവെള്ളം വച്ച് കടലിനെ അറിയാൻ ശ്രമിക്കുകയാണ്. 

മറ്റൊരു കാര്യം, അറ്റവും മൂലയും മാത്രം അറിഞ്ഞ്, രോഗത്തിന്റെ നൂലാമാലകൾ മനസിലാക്കാതെ, ഒരു രോഗി, അതുമായി ഒരു ഡോക്ടറിന്റെ അടുത്ത് ചെല്ലുന്നു. ഡോക്ടർ രോഗത്തെ കാണുന്നത് എല്ലാ സങ്കീർണതകളോടും കൂടിയാണ്. അത്  രോഗിക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നു.

ഇതൊക്കെയാണോ നമ്മൾ ഉദ്ദേശിച്ചത് ? ഹെൽത്ത് എജ്യൂക്കേഷൻ എന്നത് മെഡിക്കൽ എജ്യൂക്കേഷൻ അല്ല. രോഗിയെ രോഗവും രോഗലക്ഷണവും അല്ല പഠിപ്പിക്കേണ്ടത്. വൈദ്യശാസ്ത്രത്തിന്റെ ആഴവും പരപ്പും എന്തെന്ന് അവന് അവബോധം ഉണ്ടാകണം. അതിന്റെ മേച്ചിൽപ്പുറങ്ങളും അലമാലകളും  തനിക്ക് അതീതമാണ് എന്ന് തിരിച്ചറിയണം. അതിന് കഴിയുന്നുണ്ടോ ? ഇല്ലെന്ന് മാത്രമല്ല, രോഗം എന്നത് രോഗലക്ഷണങ്ങളുടെ കൃത്യം കൃത്യമായ ചില ഇക്വേഷനുകളാണ് എന്നാണ് ഇന്നത്തെ രോഗികൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. ചികിത്സയും.

ഏറെ ഗൗരവതരമായ ഒരു കാര്യം അത്രമേൽ ലഘൂകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ആരാണ് ഉത്തരവാദി ? നോർമൽ അല്ലാത്ത ഒരു അവസ്ഥ മാത്രമാണ് രോഗം എന്ന് കരുതരുത്. അതിന് സാമൂഹികവും  വ്യക്തിപരവും എന്തിന് വൈകാരിക തലങ്ങൾ കൂടി ഉണ്ട്. കാരണം രോഗം ദുരിതത്തിലാക്കുന്നത് ദശലക്ഷം കോടി കോശങ്ങളെ അല്ല, ഒരു  മനുഷ്യജീവിയെയാണ്. അവന്റെ സ്വപ്നങ്ങളെ കൂടിയാണ്. ചുറ്റുമുള്ള ജീവിതങ്ങളെയാണ്. ആ തിരിച്ചറിവും അതുയർത്തുന്ന വെല്ലുവിളികളും സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അതിന് വേണ്ടിയാകണം ബോധവൽക്കരണം.

അപ്പോൾ പിന്നെ രോഗിയോട് രോഗത്തെ പറ്റി പറയേണ്ട ? വേണമല്ലോ, ഒരു രോഗിയോട് അയാളുടെ രോഗത്തെപ്പറ്റി പറയണം. അതിന്റെ രീതികളും, അയാളുടെ തന്നെ വരും വരായ്കകളെക്കുറിച്ച് പറയണം. ചികിത്സയെപ്പറ്റി പറയണം. ഒരു ജനതയുടെ ബോധവൽക്കരണത്തിന് ഒരു ജനക്കൂട്ടം വേണം എന്നത് വെറും മുൻവിധിയാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള വൺ റ്റു വൺ ചർച്ചയാണ് വേണ്ടത്. അത് മുഴുവൻ രോഗി എന്ന കേന്ദ്രബിന്ദുവിനെ ചുറ്റി വേണം. വീട്, ജോലി, ജീവിതം, കുടുംബം ഇതെല്ലാം കരുതണം. ഇന്നത്തെ ഹെൽത്ത് എജ്യൂക്കേഷന്റെ എപ്പിസെന്റർ രോഗിയല്ല, രോഗമാണ്. ആരോഗ്യ ലേഖനങ്ങൾ വായിച്ച ജനം എല്ലാ രോഗത്തിനും മരുന്നുണ്ടെന്ന് കരുതുന്നതും ഒരു രോഗത്തിനും മരുന്നില്ലെന്ന് കരുതുന്നതും ഒരു പോലെ തെറ്റാണ്. ചില രോഗങ്ങൾക്ക്‌ ചില മരുന്നുകൾ ഉണ്ടെന്നത് പോലും അർധസത്യമേ ആകുന്നുള്ളു. സത്യം ഇതാണ്, രോഗത്തിന് മരുന്നില്ലെങ്കിൽ കൂടി രോഗിക്ക് മരുന്നുണ്ട്, ചികിത്സയുണ്ട്. ആ ജാലവിദ്യ ജനത്തെ അറിയിയ്ക്കേണ്ട ബാധ്യത ഓരോ  ഡോക്ടറിനുമുണ്ട്. അത് കവലയിലും കംപ്യുട്ടറിലും പ്രഭാഷിച്ചു കൊണ്ടല്ല, തോൾ ചേർത്ത് പിടിച്ചു കൊണ്ടുള്ള സ്വകാര്യം പറച്ചിലാവണം. ഓരോ രോഗിയും വേറെ വേറേയാണ്. രോഗങ്ങളും അതിനുള്ള ഒറ്റമൂലിയും ചേരുംപടി ചേർത്ത്‌ പ്രസംഗിക്കാൻ ഇത് ലാടവൈദ്യമല്ല, മോഡേൺ മെഡിസിനാണ്.

പക്ഷേ ഒന്ന് പറയാതെ വയ്യ, രോഗ പ്രതിരോധ മേഖലയിൽ ഇപ്പോഴുള്ള ബോധവൽക്കരണ  സമ്പ്രദായം ഫലപ്രദമാണ്. കൊതുക് നിവാരണം,  ശുചിത്വം, വ്യായാമം  തുടങ്ങി രോഗാവസ്ഥ വരാതെ ഇരിക്കാൻ പ്രാഥമിക മേഖലയിലെ സംരംഭങ്ങൾ വളരെ ഗുണം ചെയ്യുന്നു. അന്ധ വിശ്വാസങ്ങളും തിരുത്തപ്പെടുന്നു. തിരുത്തിയത് പുതിയ തെറ്റിലേയ്‌ക്കോ അർധസത്യത്തിലേയ്ക്കോ ആവരുത് എന്ന് മാത്രം. അവിടെ നിർത്തുന്നതാണ് ഗുണകരം. പനി വന്നാൽ ഡോക്ടറെ കാണൂ എന്ന് കൂടി പറയണം. ഡെങ്കി ആണോ എലിപ്പനിയാണോ എന്ന്, രോഗിയെ നേരിട്ട് കണ്ട് ഡോക്ടർ പറയട്ടെ. അതേ ഡോക്ടറുടെ പനിയെ കുറിച്ചുള്ള ലേഖനങ്ങൾ വായിച്ചെടുത്ത് സ്വയം തരം തിരിക്കാൻ കഴിയില്ല. അത്തരം ലേഖനങ്ങളുടെ അതിപ്രസരമുള്ള ഈ കാലത്ത്,  അത് ആര് എഴുതണം എന്ന് കൂടിയും ചർച്ച ചെയ്യണം.