കുട്ടികളിലെ പ്രമേഹം പരിഹരിക്കാൻ?

∙ കുട്ടികളിലെ പ്രമേഹം അഥവാ ടൈപ്പ് 1 പ്രമേഹമെന്നാൽ എന്താണ്?

രക്തത്തിലെ പഞ്ചസാരനില ക്രമാതീതമായി ഉയരുന്ന അവസ്ഥയാണല്ലോ പ്രമേഹം. കുട്ടികളിൽ കാണാറുള്ള പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം. ഒരു വയസ്സു മുതൽ കാമാരപ്രായം അവസാനിക്കുന്നതിനു മുൻപാണ് ഇതു സാധാരണ പിടിപെടുന്നത്. പാൻക്രിയാസ് എന്ന ആഗ്നേയഗ്രന്ഥിയിൽ നിന്നുള്ള ഇൻസുലിൻ എന്ന ഹോർമോണാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിർത്തുന്നത്. പാൻക്രിയാസിലെ തകരാറു മൂലം ഇൻസുലിന്‍ ഉത്പാദനം തീരെ കുറഞ്ഞുപോവുകയോ നിലച്ചു പോവുകയോ ചെയ്യുന്നതു മൂലമാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്.

കുട്ടികളിലെ പ്രമേഹത്തിനു പരിഹാരമെന്താണ്?

ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയാത്തത്രയും വേഗത്തിലായിരിക്കും പലപ്പോഴും കുട്ടികളിൽ പ്രമേഹം വരുന്നത്. എങ്കിലും അമിതമായ മൂത്രമൊഴിക്കൽ ഒരു സൂചനയായി കാണാറുണ്ട്.

കുട്ടികളുടെ പ്രമേഹത്തിനു തക്കതായ ചികിത്സ ലഭ്യമാണ്. പ്രായമായവരിൽ കാണുന്ന പ്രമേഹത്തിന് (ടൈപ്പ് 2) വിപരീതമായി കുട്ടികളിൽ ഇൻസുലിൻ ഇൻജക്ഷൻ മാത്രമേ ഫലപ്രദമായിട്ടുള്ളു. ദിവസം രണ്ടുമുതൽ നാല് അഞ്ചു തവണ വരെ കുത്തിവയ്പ് വേണ്ടിവരാം. ഗുളിക രൂപത്തിലുള്ള ചികിത്സ ഫലപ്രദമല്ല. ഇന്നു ലഭിക്കുന്ന പുതിയ തരത്തിലുള്ള ഇൻസുലിനുകളും അവ കൊടുക്കുവാൻ ഉപയോഗിക്കുന്ന പെൻരൂപത്തിലുള്ള ഇൻജക്ഷനും കുട്ടികളുടെ ജീവിതം സാധാരണ നിലയിലാക്കുവാൻ സഹായിക്കുന്നു. പക്ഷേ, ഇൻജക്ഷൻ ജീവിതകാലം മുഴുവൻ വേണ്ടി വരും. രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവു ഡോക്ടർ നിർദേശിക്കുന്നതുപോലെ നിയന്ത്രിച്ചു നിർത്തണം.

പെട്ടെന്ന് ഗ്ലൂക്കോസ് നില ഉയരുമെന്നതിനാൽ മധുരവസ്തുക്കൾ, സോഫ്റ്റ്ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കണം. ഇൻസുലിൻ കുത്തിവയ്പ് കൃത്യമായി എടുക്കുന്നതുപോലെ ഭക്ഷണം കൃത്യസമയത്തു കഴിക്കണം.