ഡെങ്കിപ്പനി മരണത്തിനു പിന്നിൽ?

ഡെങ്കിപ്പനി ബാധിച്ചു മരണം സംഭവിക്കുന്നതിനു കാരണം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണത്തിന്റെ കുറവാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) ചേർന്നു നടത്തിയ ഒരു പഠനം ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു. ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ രോഗാവസ്ഥയെ പ്ലേറ്റ്‌ലെറ്റ് കുറവ് ഒരു വിധത്തിലും സ്വാധീനിക്കുന്നില്ലെന്നും മുറിവുകളുണ്ടാക്കുന്നതിനും രക്തം പൊടിക്കുന്നതിനും കാരണം പ്ലേറ്റ്‌ലെറ്റ് കുറവല്ലെന്നുമാണ് പഠനം.

2015 ഓഗസ്റ്റിനും നവംബറിനും ഇടയിൽ എയിംസിൽ ചികിത്സിച്ച 369 രോഗികളെയാണ് പഠനത്തിന് വിധേയരാക്കിയത്. പ്ലേറ്റ്‌ലെറ്റ് പതിനായിരത്തിൽ താഴെയുള്ള പതിനഞ്ചോളം രോഗികൾക്ക് ബ്ലീഡിങ് ഉണ്ടായിട്ടില്ല. പ്ലേറ്റ്‌ലെറ്റ് കുറവില്ലാത്ത 10% രോഗികൾക്കെങ്കിലും രക്തസ്രാവം ഉണ്ടായിട്ടുണ്ട്.

രോഗിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ രക്തദാനം (രക്തപ്പകർച്ച) ആവശ്യമില്ല. പ്ലേറ്റ്‌ലെറ്റിന്റെ അളവ് പതിനായിരത്തിൽ താഴെയുള്ളവർക്കും മുറിവുകളോ രക്തം പൊടിക്കലോ ഉള്ളവർക്കും മാത്രം രക്തദാനം മതി എന്നാണ് പഠനത്തിന്റെ കണ്ടെത്തൽ. സാധാരണ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 1.5 ലക്ഷം മുതൽ 4.5 ലക്ഷം വരെയാണ്. ഡെങ്കിപ്പനി ബാധിച്ചാൽ പ്ലേറ്റ്ലറ്റുകളുടെ ഉയർന്ന അളവിലുള്ള നാശവും പുതിയത് ഉണ്ടാകാതിരിക്കലുമാണ് സംഭവിക്കുന്നത്. മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്െലറ്റുകളുടെ പ്രധാന ധർമം. എന്നാൽ ഈ പുതിയ കണ്ടെത്തലിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

Read more : ആരോഗ്യവാർത്തകൾ