കോളറ മരണകാരണമാകുന്നതെങ്ങനെ? വിഡിയോ

കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ കോളറ പിടിപെട്ട് കേരളത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ട്. പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിൽ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് രോഗം കൂടുതലായും കാണപ്പെടുന്നത്. 

ലക്ഷണവും പരിഹാര മാർഗങ്ങളും

ഒരിനം ജലജന്യ രോഗമാണിത്. അതുകൊണ്ടുതന്നെ കിണറുകളിൽ ക്ലോറിനേഷൻ നടത്തുക. രോഗം പടർന്നുപിടിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകാം. 

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ചെറുകുടലിനെ ബാധിക്കുന്ന അണുബാധയാണ് രോഗം. ഛർദ്ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണം. കഞ്ഞി വെള്ളത്തിന്‌ സമാനമായ രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തില്‍ കാണപ്പെടുക.രോഗബാധിതനായ വ്യക്‌തിയുടെ വിസർജ്യം കലർന്ന ആഹാരം കഴിക്കുന്നതിലൂടെയോ വെള്ളം കുടിക്കുന്നതിലൂടെയോ ആണ് ബാക്ടീരിയ ഉള്ളിലെത്തുക. 

പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങൾക്കും ധാരാളം ശുദ്ധജലവും ഒആർഎസ് ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്കിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ്.

അതിസാരം ബാധിച്ച് ശരീരത്തിൽ നിന്നും ജലം, ലവണങ്ങൾ എന്നിവ അമിതമായി നഷ്ടപ്പെടുന്നതാണ് ഗുരുതരാവസ്ഥയ്ക്കു കാരണമാകുന്നത്. ഇതൊഴിവാക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഒആർഎസ് ലായനി എന്നിവ കുടിക്കാം. 

Read More: ആരോഗ്യവാർത്തകൾ