പ്രമേഹരോഗികളിലെ മുറിവുണക്കാൻ പഞ്ചസാര

പഞ്ചസാര അത്ര നല്ലതല്ല– വെളുത്ത വിഷമാണ് എന്നൊക്കെയാണ് നമ്മൾ പഞ്ചസാരയെക്കുറിച്ച് കേട്ടിരിക്കുന്നത്. മധുരം ഇഷ്ടമുള്ളവർ പോലും പ്രമേഹത്തെ പേടിച്ച് ഇവനെ അകറ്റും. എന്നാൽ ഇപ്പോൾ ഗവേഷകർ പറയുന്നത് പഞ്ചസാര ചില്ലറക്കാരനല്ലെന്നാണ്. മധുരം കൂട്ടാൻ മാത്രമല്ല മുറിവുണക്കാനും ഇവൻ മിടുക്കനാണത്രേ. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന ചൊല്ല് കേട്ടിട്ടില്ലേ. അതുപോലാണിപ്പോൾ പഞ്ചസാരയുടെ കാര്യവും.

പ്രമേഹം ഉണ്ടെങ്കിൽ മുറിവിനെയും പേടിക്കണം എന്നതാണവസ്ഥ. ചെറിയ മുറിവ് ആണെങ്കിൽപ്പോലും അത് ഉണങ്ങില്ല. ഇതുമൂലം വർഷങ്ങളായി മുറിവും വ്രണങ്ങളുമായി ജീവിക്കുന്നവരുമുണ്ട്. ഇവർക്കെല്ലാം ആശ്വാസമാകുന്ന പഠനഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

പ്രമേഹരോഗികളിലെയും ഗുരുതരമായ വ്രണം ബാധിച്ചവരിലെയും മുറിവുണക്കാൻ പഞ്ചസാരയ്ക്കു കഴിയുമെന്ന് യുകെയിലെയും പാക്കിസ്ഥാനിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ തെളിഞ്ഞു.

പുതിയ രക്തക്കുഴലുകൾ ഉണ്ടാകാൻ അതായത് ആഞ്ജിയേ ജെനസിസ് എന്ന പ്രക്രിയയ്ക്കു പഞ്ചസാര സഹായിക്കും. ഓക്സിജനും പോഷകങ്ങളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത് രക്തക്കുഴലുകളിലൂടെയാണ്. മുറിവുണങ്ങാൻ പുതിയ രക്തക്കുഴലുകൾ രൂപപ്പെടേണ്ടത് ആവശ്യമാണ്. ഗവേഷകർ ഇതിനായി ഒരു ഹൈഡ്രോജെൽ ബാൻഡേജിലേക്കു പഞ്ചസാര ചേർത്തു. വളരെ വേഗത്തിൽ മുറിവ് ഉണങ്ങുകയും രക്തക്കുഴലുകൾ രൂപപ്പെടുകയും ചെയ്തു.

പ്രായമായവരിലും രക്തപ്രവാഹം കുറഞ്ഞവരിലും മുറിവുണങ്ങാൻ പ്രയാസമാണ്. ഇത് ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമാണ്. ചെലവാകുന്ന തുകയും കൂടുതലാണ്. 

ഒരു പ്രത്യേക ഗ്രൂപ്പിൽപ്പെട്ട പഞ്ചസാരയ്ക്ക് മുറിവ് വേഗത്തിൽ ഉണക്കാൻ സാധിച്ചുവെന്ന് ഈ പഠനം തെളിയിച്ചു. ലളിതലും ചെലവു കുറഞ്ഞതുമായ ഒരു ചികിത്സാമാർഗമാണ് ഇതിലൂടെ ലഭിച്ചത്. 

ഡിപ്പാർട്ട്മെന്റ് ഓഫ് മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ് , ഷെഫീൽഡ് സർവകലാശാലയിലെ സ്കൂൾ ഓഫ് ക്ലിനിക്കൽ ഡെന്റിസ്ട്രി, ലാഹോറിലെ കോംസാറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി എന്നിവ സംയുക്തമായി നടത്തിയ പഠനം മെറ്റീരിയൽസ് ടുഡേ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇനി ഫസ്റ്റഎയ്ഡ് ബോക്സിൽ അൽപ്പം പഞ്ചസാര കൂടി കരുതിക്കൊള്ളൂ...

Read More : Health News