Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ജീൻ പ്രമേഹം സുഖപ്പെടുത്തിയേക്കാം

diabetes

പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പ്രതീക്ഷയേകുന്ന ഒരു വാർത്തയാണ് ഗവേഷകർ നൽകുന്നത്.

ഇൻസുലിൻ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ജീനിനെ ഗവേഷകർ തിരിച്ചറിഞ്ഞു. സാധാരണമായതും അപൂർവമായതുമായ പ്രമേഹ രോഗ ചികിത്സയ്ക്ക് ഇത് പുതിയ വഴി തെളിക്കും.

ടൈപ്പ് 1, ടൈപ്പ് 2 എന്നീ സാധാരണ പ്രമേഹം കൂടാതെ ഒന്നോ രണ്ടോ ശതമാനം പേർക്ക് ജനിതക വൈകല്യം മൂലവും പ്രമേഹം ഉണ്ടാകാം. മച്ച്വരിറ്റി ഓൺസെറ്റ് ഡയബറ്റിസ് ഓഫ് ദി യങ് (MODY) എന്നാണ് ഇതിന് പേര്. പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളുടെ പ്രവർത്തനത്തെ വൈകല്യങ്ങളുള്ള ഈ ജീൻ ബാധിക്കുന്നു.

യു എസിലെ വാൻഡർബിറ്റ്, ലണ്ടനിലെ ക്യൂൻ മേരി, യു കെ യിലെ എക്സീറ്റർ എന്നീ സർവകലാശാലകളിലെ ഗവേഷകർ സംയുക്തമായാണ് പഠനം നടത്തിയത്. ഒരു കുടുംബത്തിലെ നിരവധി പേർക്ക് പ്രമേഹം ബാധിക്കുകയും ചില കുടുംബാംഗങ്ങൾക്ക് പാൻക്രിയാസിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ട്യൂമറുകൾ ഉണ്ടാക്കുകയും ചെയ്തു. ഈ കുടുംബത്തെയാണ് പഠനവിധേയമാക്കിയത്.

ഇൻസുലിനോമസ് (insulinomas) എന്ന ഈ ട്യൂമറുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകുന്നു. സാധാരണ പ്രമേഹത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയാണ് ചെയ്യുന്നത്,

ഒരേ കുടുംബത്തിൽ പെട്ടവർക്ക് രണ്ട് വ്യത്യസ്ത തരം അവസ്ഥ വന്നത് ഗവേഷകരെ ആദ്യം അതിശയിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതു മൂലമുള്ള പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു മൂലമുള്ള ഇൻസുലിനോമസ് എന്ന അവസ്ഥയും

പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ഈ രണ്ടു ബീറ്റാ കോശങ്ങളെയും രണ്ട് വ്യത്യസ്ത അവസ്ഥയിലെത്തിച്ചത് ഒരേ ജീനിന്റെ വൈകല്യം ആണെന്നു കണ്ടു.

പുരുഷന്മാരിലാണ് പ്രമേഹം വരാൻ സാധ്യത കൂടുതൽ. എന്നാൽ ഇൻസുലിനോമസ് എന്ന അവസ്ഥ സ്ത്രീകളിലും വളരെ സാധാരണമാണെന്നു കണ്ടു. എന്നാൽ ഈ വ്യത്യാസത്തിന്റെ കാരണം ഇന്നും അജ്ഞാതമാണെന്ന് പഠനത്തിനു നേതൃത്വം നൽകിയ മാർത്താ കോർബോണിറ്റ്സ് പറയുന്നു.

കൂടുതൽ ബീറ്റാ കോശങ്ങളെ ഉൽപ്പാദിപ്പിക്കാനും സാധാരണ കണ്ടുവരുന്ന പ്രമേഹത്തിന്റെ ചികിത്സയ്ക്ക് സഹായകമാകാനും ഈ പഠനത്തിനാകുമെന്ന് ഗവേഷകർ കരുതുന്നു.

ബീറ്റാ കോശങ്ങളിൽ ഇൻസുലിന്റെ ഉൽപ്പാദനം നിയന്ത്രിക്കുന്ന ജീൻ ആയ MAFA യ്ക്ക് ജനിതക വൈകല്യം ഉള്ളതായി ഗവേഷകർ തിരിച്ചറിഞ്ഞു. ഈ ജനിതക വൈകല്യം കുടുംബത്തിലെ പ്രമേഹമുള്ളവരിലും ഇൻസുലിനോമസ് ബാധിച്ചവരിലും ഉള്ളതായി കണ്ടു.

ഇതാദ്യമായാണ് ഈ ജീനിനുള്ള വൈകല്യത്തെ രോഗവുമായി ബന്ധപ്പെടുത്തുന്നത്. രോഗമുണ്ടാകാൻ ഈ ജനിതക വൈകല്യം പ്രധാന കാരണമാണെന്നു പഠനം പറയുന്നു.

എങ്ങനെയാണ് ഈ വൈകല്യം ഇൻസുലിൻ നിർമാണത്തെ തടസ്സപ്പെടുത്തുന്നതും പ്രമേഹത്തിനോ ഇൻസുലിനോസിനോ കാരണമാകുന്നതും എന്നറിയാൻ തുടർ പഠനത്തിന് ഒരുങ്ങുകയാണ് ഗവേഷകർ. പി എൻ എ എസ് എന്ന ജേണലില്‍ ഈ പഠനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാണ്.

Read More : ആരോഗ്യവാർത്തകൾ