മദ്യം കഴിച്ച ശേഷം അമിതമായി ദാഹിക്കുന്നതിനു കാരണം?

മദ്യമോ പഞ്ചസാരയോ അമിതമായി ഉപയോഗിച്ച ശേഷം വല്ലാത്ത ദാഹം തോന്നാറുണ്ടോ? എന്നാല്‍ അതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. തലച്ചോറിലെ ഒരു ഹോര്‍മോണ്‍ ആണ് ഇതിനു പിന്നിലെന്നാണ് പഠനം. 

ശരീരത്തിലെ ജലാംശം നഷ്ടമാകാതെ സൂക്ഷിക്കുന്നതിന് ശരീരംതന്നെ കണ്ടെത്തിയ ഒരു കുറുക്കുവഴിയാണ് ഈ അമിതദാഹം.

കരളില്‍ ഉൽപാദിപ്പിക്കുന്ന FGF21 എന്ന ഹോര്‍മോണ്‍ ആണ് ഇതിനു കാരണം. ഇതു കരളില്‍നിന്നു രക്തം വഴി തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്തെത്തിയാണ് തലച്ചോറിന് അമിതദാഹം ഉണ്ടാക്കുന്ന സിഗ്നല്‍ നല്‍കുന്നത്. ഓസ്ട്രിയ മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഡോക്ടര്‍ ക്ലിവര്‍ ആണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയത്.

21 പേരില്‍ നടത്തിയ പഠനമാണ് ശരീരത്തിലെ FGF21 ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെക്കുറിച്ചു ഗവേഷകര്‍ക്ക്‌ ആധികാരികമായ വിവരം നൽകിയത്. മദ്യം, പഞ്ചസാര ചേര്‍ത്ത ജ്യൂസ്‌ എന്നിവ കുടിച്ച ശേഷം ഇവരുടെ ശരീരത്തിലെ F21 ഹോര്‍മോണ്‍ അളവു വര്‍ധിച്ചതായും പിന്നീട് അമിതമായി ദാഹം അനുഭവപ്പെട്ടതായും ഗവേഷകര്‍ കണ്ടെത്തി. 

മദ്യമോ ജ്യൂസോ കുടിച്ച ശേഷം ആദ്യത്തെ രണ്ടു മണിക്കൂറില്‍ FGF21 ഹോര്‍മോണ്‍ അളവ് ശരീരത്തില്‍ ക്രമാതീതമായി വര്‍ധിച്ചത് ഹോര്‍മോണ്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ FGF21 ഭാവിയില്‍ മദ്യപാനം തടയാനുള്ള മരുന്നായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കരുതുന്നു. എന്തായാലും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുതന്നെ ഉറപ്പിക്കാം.

Read More : Health News