ഇഷ്ടവസ്ത്രങ്ങൾ പോലെ, ചെരിപ്പു പോലെ ഓരോരുത്തർക്കും സ്വന്തം മരുന്നും!

മരുന്നുകളോടു ശരീരത്തിന്റെ പ്രതികരണം എങ്ങനെ? ഏതൊക്കെ മരുന്നുകൾ ശരീരത്തെ ദോഷകരമായി ബാധിക്കും? ഏതു രീതിയിൽ ഉപയോഗിച്ചാൽ ചികിത്സ കൂടുതൽ മെച്ചപ്പെടുത്താം, മാരകരോഗങ്ങളെ പിടിച്ചുകെട്ടാൻ മരുന്നുകൊണ്ടു സാധിക്കുമോ? ഇങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ജീനോമിക്സിലെ ഗവേഷണങ്ങൾക്കു കഴിയും. ജനിതക വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി മെച്ചപ്പെട്ട ചികിത്സാ പദ്ധതികൾ ആവിഷ്കരിക്കാമെന്നതാണു നേട്ടം. ആരോഗ്യരംഗത്തെ എല്ലാ പ്രശ്നങ്ങൾക്കുമെതിരെയുള്ള മാന്ത്രികവടിയല്ല ജീനോമിക്സ്. എന്നാൽ പ്രതീക്ഷാനിർഭരമായ ഒരുകാലത്തേക്കുള്ള പൊൻവെട്ടമാണിതെന്നു തീർച്ച.

കാൻസർ ചികിത്സയിൽ നേട്ടം

ഇഷ്ടവസ്ത്രങ്ങൾ പോലെ, ചെരിപ്പു പോലെ ഓരോരുത്തർക്കും സ്വന്തം മരുന്നും! ജനിതക വിവരങ്ങൾ പരിശോധിച്ചു രോഗിക്കായി പ്രത്യേകം ഡിസൈൻ ചെയ്യുന്ന മരുന്നുകൾ (വ്യക്ത്യധിഷ്ഠിത മരുന്നുകൾ Personalized Medicine) ചികിത്സ, മരുന്നു നിർമാണം എന്നിവയിൽ പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്, പ്രത്യേകിച്ചും കാൻസർ ചികിത്സയിൽ.

ഓരോ വ്യക്തിയുടെയും ജനിതക വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി അയാളുടെ രോഗത്തിനു മരുന്നും മരുന്നളവും നിർണയിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒരേ മരുന്നുകളോടു വിവിധ വ്യക്തികളുടെ ശരീരത്തിന്റെ പ്രതികരണം വേറിട്ട രീതിയിലായിരിക്കും. ഇതു പലപ്പോഴും ചികിത്സാ പദ്ധതികളെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഉദാഹരണമായി കാൻസർ രോഗികളുടെ കാര്യം തന്നെയെടുക്കുക. ഒരേ തരം കാൻസർ ബാധിച്ചവരിൽപോലും രോഗപ്രത്യേകതകളും ട്യൂമറുകളുടെ ഘടനയുമൊക്കെ വ്യത്യസ്തമാണ്. ഇതുകൊണ്ടാണു കീമോതെറപ്പി പോലുള്ള ചികിത്സാമാർഗങ്ങൾ എല്ലാ രോഗികളിലും ഒരുപോലെ ഫലപ്രദമാകാത്തത്. ഇതിനു പരിഹാരമാകാൻ വ്യക്ത്യധിഷ്ഠിത മരുന്നുകൾ വികസിപ്പിക്കുന്നതുവഴി സാധിക്കും.

ഡോ. സതീഷ് സി.രാഘവൻ

(കാൻസർ ജനിറ്റിക്സ് വിദഗ്ധൻ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോകെമിസ്ട്രി ഡിപ്പാർട്മെന്റിൽ പ്രഫസർ)

Read More : Health News