പ്രസവത്തിനിടയിലെ പിഴവ്; മൂത്രമൊഴിക്കാന്‍ സാധിക്കാതെ യുവതി

രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ഇങ്ങനെയൊരു ദുരിതം തന്നെത്തേടി വരുമെന്ന് കെന്റ് സ്വദേശിയായ റെച്ചൽ ഇൻഗ്രാം ഒരിക്കലും കരുതിയിരുന്നില്ല. അഞ്ചു വർഷങ്ങൾക്കു മുൻപാണ് 26 കാരി റെച്ചലിനെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവത്തീയതിക്ക് അഞ്ചു ദിവസം മുന്‍പ് ഡോക്ടര്‍ റെച്ചലിന് കൃത്രിമമായി വേദന വരാനുള്ള മരുന്ന് നല്‍കി. ഒരു അടിയന്തരപ്രസവമായിരുന്നു റെച്ചലിന്റേത്. 

എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങിയത് അവിടെ നിന്നാണ്. ബാത്ത്റൂമില്‍ പോകുമ്പോഴും അല്ലാത്തപ്പോഴും സഹിക്കാന്‍ കഴിയാത്ത അടിവയര്‍ വേദനയായിരുന്നു തുടക്കം. ബാത്ത്റൂമില്‍ പോകും നേരം തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ വരെ കഠിനമായ വേദന നീണ്ടുനില്‍ക്കാന്‍ തുടങ്ങി. അതോടൊപ്പം തുടര്‍ച്ചയായി മൂത്രത്തില്‍ അണുബാധയും വരാന്‍ തുടങ്ങി. 

തുടര്‍ പരിശോധനകളില്‍ റെച്ചലിന്റെ മൂത്രസഞ്ചിയില്‍ രണ്ടു ലിറ്ററിന് മുകളില്‍ മൂത്രം കെട്ടിനില്‍ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അപൂര്‍വമായ  Fowler's Syndrome ആയിരുന്നു റെച്ചലിന്റെ രോഗം എന്ന് അതോടെ സ്ഥിരീകരിച്ചു.

തനിയെ മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് റെച്ചലിന്. വയറ്റിലൂടെ ഇട്ടിരിക്കുന്ന ഒരു ട്യൂബ് വഴിയാണ് മൂത്രം പോകുന്നത്. ഇതോെട ജോലിയില്‍ തുടരാനോ സമാധാനമായി വീട്ടുകാര്യങ്ങള്‍ നോക്കാനോ കഴിയാതെയായി. 

മൂത്രസഞ്ചിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഒടുവില്‍ പേസ് മേക്കര്‍ നട്ടെല്ലിന്റെ അറ്റത്തു ഘടിപ്പിച്ചെങ്കിലും അതു പരാജയപ്പെട്ടു. ഇതിന്റെ ഫലമായി റെച്ചലിന്റെ കാലിലെ നാഡിയ്ക്ക് പ്രശ്നം സംഭവിച്ചു. ഇത് അവളുടെ ജീവിതം ക്ലെച്ചസിലാക്കി. രോഗത്തിന്റെ ഭാഗമായി കിഡ്നി സ്റ്റോൺ കൂടി വന്നു. 

അണുബാധകള്‍ തടയാനും മറ്റും ആഴ്ചയില്‍  230 ഗുളികകള്‍ വരെയാണ് റെച്ചല്‍ കഴിക്കുന്നത്‌. ഈ അവസ്ഥ റെച്ചലിന്റെ കുടുബത്തെയും ബാധിച്ചു. രണ്ടു കുഞ്ഞുങ്ങളെ നോക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനും റെച്ചലിന്റെ ഭര്‍ത്താവിനു ഫുള്‍ ടൈം ജോലി വിട്ടു പാര്‍ട്ട്‌ ടൈം ജോലി നോക്കേണ്ടി വന്നു. ഉപേക്ഷിച്ചു പോകാന്‍ പലവട്ടം പറഞ്ഞിട്ടും തനിക്കൊപ്പം തന്നെ അദ്ദേഹം നില്‍ക്കുന്നതാണ് ആകെയുള്ള ആശ്വാസം എന്ന് റെച്ചല്‍ പറയുന്നു. 

ഇപ്പോള്‍ ബ്ലാഡറില്‍ നിന്നും ഒരു കത്തിറ്ററിന്റെ സഹായത്തോടെ മൂത്രം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുകയാണ് റെച്ചല്‍. ഇതിനായി ഒരു ഫണ്ട്‌ സ്വരൂപിക്കുകയാണ്. ഏകദേശം മുഴുവന്‍ സമയവും കട്ടിലില്‍ തന്നെയാണ് റെച്ചലിന്റെ ജിവിതം. സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മകള്‍ ആണ് ആശ്വാസമാകുന്നതെന്ന് റെച്ചല്‍ പറയുന്നു. ശസ്ത്രക്രിയയിലൂടെ പൂർണ ആരോഗ്യവതിയായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് റെച്ചൽ.

Read More : ആരോഗ്യവാർത്തകൾ