അതിജീവനത്തിനു സാധ്യതയില്ലാത്ത ആ കുഞ്ഞിനായി അമ്മ കാത്തിരുന്നു; പക്ഷെ... ഒരു നഴ്സിന്റെ അനുഭവക്കുറിപ്പ്‌

Representative Image

മരണത്തിന്റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴും അവസാനപ്രതീക്ഷയും അസ്തമിച്ചു മരണത്തെ കാത്തുകിടക്കുമ്പോഴും എല്ലാ മനുഷ്യരുടെയും കണ്ണുകളില്‍ തിരയടിക്കുന്നത് ഒരേ വികാരവിചാരങ്ങളാകും. ഇത്തരം മുഖങ്ങള്‍ ഏറ്റവുമധികം കണ്ടിട്ടുണ്ടാവുക ഒരു നഴ്സായിരിക്കും.  

ഒന്നോര്‍ത്തുനോക്കൂ, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നഴ്സിന്റെ സഹായം തേടാത്ത, അവരുടെ പരിചരണം ഏറ്റുവാങ്ങാത്ത ആരെങ്കിലും ഉണ്ടാകുമോ? ഉറ്റവരും ഉടയവരും അരികിലില്ലാതെ,ഒറ്റയ്ക്ക് പോരാടേണ്ടി വന്ന  ജീവിതസന്ധികളില്‍ ഒരു നഴ്സിന്റെ സ്നേഹപരിചരണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ലേ? 

എന്നിട്ടും എപ്പോഴെങ്കിലും ആശുപത്രിക്കിടക്കവിട്ടു പോയ ശേഷം നിങ്ങള്‍ ഞങ്ങളെ ഓര്‍ത്തിട്ടുണ്ടോ? ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നില്ല എങ്കിലും നെഞ്ചില്‍ തറഞ്ഞു പോയ ചില മുഖങ്ങള്‍, ചില ഓര്‍മകള്‍ നിങ്ങള്‍ പോയകന്നാലും ഞങ്ങളുടെ ഉള്ളിലുണ്ടാകും, പറയുന്നത് ദീര്‍ഘകാലം കുവൈറ്റില്‍ നഴ്സ് ആയി ജോലി നോക്കിയിരുന്ന ഒരു മാലാഖയാണ്. 

ഹൃദയത്തിന്റെ ഒരു കോണില്‍ ഇന്നും ഉണങ്ങാതെ കിടക്കുന്ന ചില ഓര്‍മകളെക്കുറിച്ച് ഈ നഴ്സസ് ദിനത്തില്‍ അവര്‍ പങ്കുവയ്ക്കുന്നത് വായിക്കാം.

ഒരു നഴ്സ് എന്ന നിലയില്‍ ദിവസവും പലതരത്തിലെ രോഗികളോട് ഇടപെടേണ്ടി വരാറുണ്ട്. ഡോക്ടർമാര്‍ക്ക് രോഗിയുമായാകും കൂടുതല്‍ സമ്പര്‍ക്കം. എന്നാല്‍ ഒരു നഴ്സിന് രോഗിയെ പരിചരിക്കുന്നതിനൊപ്പംതന്നെ പലപ്പോഴും രോഗിയുടെ ബന്ധുക്കളെക്കൂടി സമാധാനിപ്പിക്കേണ്ട അവസ്ഥ വരാറുണ്ട്. അത് ജോലിയുടെ ഉത്തരവാദിത്തം എന്ന നിലയിൽ സന്തോഷത്തോടെ ചെയ്യുന്നുമുണ്ട്. പ്രിയപ്പെട്ടവരുടെ അവസ്ഥയില്‍ മനംനൊന്തു, പ്രതീക്ഷയറ്റ് കഴിയുന്ന ഉറ്റവര്‍ക്ക് പലപ്പോഴും നമ്മുടെ ഒരു സ്വാന്തനം പകരുന്ന കരുത്തു വളരെ വലുതാണ്‌.  

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 14 വര്‍ഷത്തെ വന്ധ്യതാചികിത്സയ്ക്കു ശേഷം ഗര്‍ഭം ധരിച്ച ആ യുവതിയെയും ഭര്‍ത്താവിനെയും ആശുപത്രിയില്‍ വച്ച് ആദ്യമായി കാണുന്നത്. അമേരിക്കയിലും ഫ്രാന്‍സിലും വരെ പോയി പലതരം ചികിത്സകള്‍ നടത്തി ഒടുവിലാണ് അവര്‍ ഗര്‍ഭിണിയായത്‌. അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ അവര്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ക്ക് കണക്കില്ലായിരുന്നു. 

ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിച്ച അവരുടെ ഗര്‍ഭകാലം അതീവസങ്കീര്‍ണമായിരുന്നു. എങ്കിലും ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കയ്യില്‍ ലഭിക്കുമെന്ന് എന്തോ വല്ലാത്തൊരുറപ്പായിരുന്നു. പക്ഷേ ദൈവത്തിന്റെ തീരുമാനം അല്ലേ നടക്കൂ. 

അഞ്ചാം മാസത്തില്‍ ഉണ്ടായ സങ്കീര്‍ണതകള്‍ കാരണം പെട്ടെന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നു. അപ്പോള്‍ അവനു വെറും 800  ഗ്രാമായിരുന്നു തൂക്കം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എങ്ങനെ അവന്‍ കഴിഞ്ഞോ അതിലും ശ്രദ്ധയോടെയാണ് ആ കുഞ്ഞിനെ പിന്നീട് എന്‍ഐസിയൂവില്‍ പരിചരിച്ചിരുന്നത്. ജനിതകമായി തകരാറുകള്‍ ഉണ്ടായിരുന്നു കുഞ്ഞിന്. കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വെറും പത്തുശതമാനത്തിലും താഴെയാണെന്ന് ഞങ്ങള്‍ക്ക് എല്ലാവർക്കും അറിയാം. എങ്കിലും ആ അമ്മ തന്റെ മകന്‍ ആരോഗ്യത്തോടെ തിരികെവരുമെന്ന് പ്രതീക്ഷിച്ചു തന്നെ മൂന്നു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. 

പക്ഷേ വിധി മറ്റൊന്നായിരുന്നു, മൂന്നു മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അബ്ദുള്ള എന്ന് ഓമനപേരിട്ട ആ കുഞ്ഞേ ഈ ലോകത്തോട്‌ വിടപറഞ്ഞു...

അന്ന് ആ അമ്മയെ അത് പറഞ്ഞു മനസ്സിലാക്കാനും അവരെ മാനസികമായി തകരാതെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാനും ഒരു നഴ്സ് എന്ന നിലയില്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. ഭ്രാന്തിന്റെ വക്കോളമെത്തിയ ആ അമ്മ പിന്നെ കുറച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ടാകും എന്നാണ് പ്രതീക്ഷ...പിന്നെ ഒരിക്കലും അവരെ കണ്ടിട്ടില്ല..പക്ഷേ ഇന്നും ആ അമ്മയുടെ കണ്ണീരിന്റെ ചൂട് എന്റെ കൈകളിലുണ്ട്..

ഇതൊക്കെ ഒരു നഴ്സ് ആയതു കൊണ്ടു മാത്രം ലഭിച്ച അനുഭവങ്ങളാണ്. ചില രോഗികളും രോഗികളുടെ കൂട്ടിരിപ്പുകാരും ഞങ്ങളോട് മുഷിപ്പോടെ സംസാരിക്കാറുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും മുഖത്തെ പുഞ്ചിരി മായ്ച്ചിട്ട് അവരോടു സംസാരിച്ചിട്ടില്ല. അത് ഞങ്ങള്‍ക്ക് വിഷമവും സങ്കടങ്ങളും ഇല്ലാത്തതു കൊണ്ടല്ല. അവരുടെ സാഹചര്യം കൊണ്ടും വിഷമം കൊണ്ടും പറയുന്നതാകും എന്ന് അറിയാവുന്നത് കൊണ്ടാണ്...

എങ്കിലും എപ്പോഴെങ്കിലും നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ക്കുള്ളത്ു പോലെ ഒരു കുടുംബം ഞങ്ങള്‍ക്കും ഉണ്ടെന്ന്..ഭൂമിയിലെ മാലാഖമാരെന്ന് ഞങ്ങളെ വിശേഷിപ്പിക്കുന്നതു കൊണ്ടു മാത്രം ഞങ്ങള്‍ക്ക് സങ്കടങ്ങള്‍ ഇല്ലാതെ പോകുന്നില്ലല്ലോ....

Read More : Health Magazine