നിപ്പ മരുന്ന്: അമിത ഡോസ് വൃക്കയെ ബാധിക്കും; മുന്നറിയിപ്പ്

നിപ്പ ബാധിതരെ ചികിൽസിക്കുന്നതിന്റെ ഭാഗമായി 2000 റിബവൈറിൻ ടാബ്‌ലെറ്റുകൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 8000 ടാബ്‌ലെറ്റുകൾ കൂടി കെഎംസിഎൽ വഴി എത്തിക്കുമെന്ന് എൻഎച്ച്എം സംസ്ഥാന ഡയറക്ടർ കേശവേന്ദ്ര കുമാർ അറിയിച്ചു. റിബവൈറിൻ മറ്റുപല രോഗങ്ങൾക്കും ഉപയോഗിക്കുന്നതാണെങ്കിലും നിപ്പ ബാധിതരിൽ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ദോഷകരമായ പല പാർശ്വഫലങ്ങളുള്ള മരുന്നാണിതെന്നു പബ്ലിക് ഹെൽത്ത് അഡി. ഡയറക്ടർ കെ.ജെ.റീന പറഞ്ഞു. കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.  നിപ്പ ബാധിതർക്കു വലിയ ഡോസിൽ മരുന്ന് നൽകേണ്ടിവരും. ഒരു കോഴ്സിൽ 250 ടാബ്‌ലെറ്റുകൾ വേണ്ടിവരുമെന്നും റീന അറിയിച്ചു. 

മരിച്ച പതിമൂന്ന് പേരില്‍ പതിനൊന്ന് പേര്‍ക്കും നിപ്പ വൈറസ്ബാധയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരികരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മൂന്നുപേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായത് ആശ്വാസത്തിന് വകനല്‍കുന്നതാണ്. മലപ്പുറം ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്കെല്ലാം വൈറസ്ബാധയുണ്ടായത് കോഴിക്കോട് നിന്നാണെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

Read More : Nipah Virus