Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമറക്കണ്ണുകൾ ഒപ്പിയെടുത്തത് രണ്ടു വയസ്സുകാരിയുടെ കണ്ണിലെ കാൻസർ; ഫൊട്ടോഗ്രഫർക്ക് നന്ദി പറഞ്ഞ് കുടുംബം

persley

ഫൊട്ടോഗ്രഫറായ അലീസിയയുടെ ക്യാമറകണ്ണുകള്‍ രക്ഷിച്ചത്‌ പെര്‍സ്‌ലി എന്ന രണ്ടു വയസ്സുകാരിയുടെ ജീവനാണ്. വൈദ്യശാസ്ത്രത്തിനു പോലും അദ്ഭുതമായ ആ സംഭവം നടന്നത് കഴിഞ്ഞ ജനുവരിയിലാണ്. ടെനിറിഫിലേക്ക് വിനോദയാത്രയ്ക്ക് പുറപെട്ടതായിരുന്നു പെര്‍സ്‌ലിയുടെ കുടുംബം. 

അവര്‍ തങ്ങിയ ഹോട്ടലിലെ ഫൊട്ടോഗ്രഫറായിരുന്നു അലീസിയ. പെര്‍സ്‌ലിയുടെ കുടുംബത്തിന്റെ ഫൊട്ടോ എടുക്കുന്നതിനിടയിലാണ് കുട്ടിയുടെ ഒരു കണ്ണിലെ വെള്ളപ്പാട് ശ്രദ്ധിക്കുന്നത്. അതും ക്യാമറയിലൂടെ. 

ഇതില്‍ എന്തോ അസ്വാഭാവികത തോന്നിയ അലീസിയ ഉടന്‍ ഈ വിവരം കുട്ടിയുടെ മാതാപിതാക്കളായ സോഫിയെയും ഡാരനെയും അറിയിച്ചു. അവധിക്കാലം കഴിഞ്ഞു ടെന്നിസൈഡിലെ വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ ഉടന്‍ പെർസ്‌ലിയെ ഒരാശുപത്രിയില്‍ കാണിച്ചു. 

പരിശോധനയില്‍ കുഞ്ഞിനു കണ്ണില്‍ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു. ഭാഗ്യത്തിന് രോഗത്തിന്റെ പ്രാരംഭഘട്ടം ആയിരുന്നതിനാല്‍ ഉടനടി ചികിത്സയ്ക്ക് വിധേയമാക്കി. ഇപ്പോള്‍ കീമോതെറാപ്പി നടത്തുകയാണ്. താല്‍ക്കാലികമായി കണ്ണിനു കാഴ്ച നഷ്ടമായിട്ടുണ്ടെങ്കിലും കുട്ടി പൂര്‍ണ ആരോഗ്യവതിയാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അലീസിയ ആണ് മകളുടെ ജീവന്‍ രക്ഷിച്ചതെന്ന് പെര്‍സ്‌ലിയുടെ മാതാപിതാക്കള്‍ പറയുന്നു. കുഞ്ഞിനു കാഴ്ചക്കുറവോ മറ്റു പ്രശ്നങ്ങളോ ഇല്ലായിരുന്നെന്നും ഇവര്‍ പറയുന്നു. കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തു നല്‍കാന്‍ പറഞ്ഞത് ജീവിതത്തില്‍ വലിയൊരു നിമിത്തമായിരുന്നെന്നു ഇവര്‍ പറയുന്നു. യാത്രയുടെ അവസാനദിവസമാണ് ചിത്രങ്ങള്‍ വാങ്ങാന്‍ അലീസിയയുടെ മുറിയില്‍ എത്തുന്നത്. ഉടന്‍ തന്നെ അലീസിയ ഈ ചിത്രങ്ങളില്‍ പെർസ്‌ലിയുടെ കണ്ണിലെ അസ്വാഭാവികത കാട്ടിത്തന്നു. എന്തെങ്കിലും ചെറിയ കാഴ്ചാപ്രശ്നം മാത്രമാകും എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ പരിശോധനാഫലം ഞങ്ങളെ ഞെട്ടിച്ചു. ജീവിതത്തില്‍ ഇപ്പോള്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അലീസിയയോടാണ്. ചികിത്സ കഴിഞ്ഞു വരുമ്പോള്‍ അടുത്ത അവധിക്കാലം ഉറപ്പായും അലീസിയ ജോലി ചെയ്യുന്ന ഹോട്ടലില്‍ തന്നെ ചെലവിടണം എന്നും ഈ കുടുംബം ആഗ്രഹിക്കുന്നു.

Read More : Health News | Fitness Tips