ഭാര്യയുടെ വണ്ണക്കൂടുതലും ഭർത്താവിന്റെ പ്രമേഹവും

തടി കൂടുതലുള്ള ഭാര്യമാർ ക്ഷമിക്കുക, ഇനി പറയാൻ പോകുന്നത് അത്ര സന്തോഷം തരുന്ന വാർത്തയല്ല. ഭാര്യയ്ക്ക് തടി കൂടുതലാണെങ്കിൽ ഭർത്താവിന് ടൈപ്പ് 2 പ്രമേഹം ബാധിക്കാൻ സാധ്യത കൂടുതലാണത്രേ.

ലോകത്തെമ്പാടുമുള്ള 400 ദശലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് ബോഡിമാസ് ഇൻഡക്സ് കൂടുതലുള്ള ഭാര്യമാരുള്ള പുരുഷൻമാർക്ക് ടൈപ്പ് 2പ്രമേഹം ബാധിക്കാമെന്നു കണ്ടെത്തിയത്.

30 കി.ഗ്രാം/ സ്ക്വയർ മീറ്റർ ബിഎംഐ ഉള്ളയാളാണ് ഭാര്യയെങ്കിൽ പുരുഷന് പ്രമേഹസാധ്യത 21 ശതമാനം കൂടുതലാണ്. 25 കി.ഗ്രാം/ സ്ക്വയർ മീറ്റർ ബിഎംഐ ഉള്ള ഭാര്യയുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്. എന്നാൽ ഇതേ സ്ത്രീകളിൽ രോഗസാധ്യത കണ്ടതുമില്ല. ഭർത്താവിന്റെ ബിഎംഐക്ക് സ്ത്രീകളിലെ രോഗസാധ്യതയുമായി ബന്ധമില്ലെന്നും പഠനത്തിൽ കണ്ടു.

വീട്ടുകാര്യങ്ങളും ഭക്ഷണകാര്യവുമെല്ലാം സ്ത്രീകളുടെ ചുമതലയാണ്. വീട്ടിൽ എല്ലാവരും എന്തു കഴിക്കണമെന്നു സാധാരണ തീരുമാനിക്കുന്നതും സ്ത്രീകളാണ്. പങ്കാളിയുടെ ഭക്ഷണശീലങ്ങളിൽ പുരുഷനെക്കാളധികം സ്വാധീനം സ്ത്രീകൾക്കാണ്– ഡയബറ്റോളജിയ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

‍‍ടൈപ്പ് 2 പ്രമേഹത്തോടുള്ള സമീപനം മാറ്റേണ്ടതുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡെൻമാർക്കിലെ കോപ്പൻഹോഗൻ സർവകലാശാല ഗവേഷകർ പറയുന്നു. വ്യക്തിയെ കേന്ദ്രീകരിക്കുന്നതിനു പകരം വീട്ടിലുള്ള എല്ലാവരെയും ശ്രദ്ധിക്കണം. ഒരു സ്ത്രീക്കാണ് രോഗസാധ്യത കൂടുതലെങ്കിൽ അതിൽ അവരുടെ ഭർത്താവിനും പങ്കുണ്ടാകും. രോഗത്തോടുള്ള സമീപനം മാറുകയാണെങ്കിൽ ടൈപ്പ് 2 പ്രമേഹം നേരത്തേ കണ്ടുപിടിക്കാമെന്നും ഗവേഷകർ പറയുന്നു. 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 422 ദശലക്ഷം പേരാണ് പ്രമേഹബാധിതർ. ഓരോ വർഷവും ഒന്നര ദശലക്ഷം പേരാണ് പ്രമേഹവും അതുമായി ബന്ധപ്പെട്ട രോഗങ്ങളും കാരണം മരിക്കുന്നത്. 

നേരത്തേ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ നടത്താനും രോഗം മൂർച്ഛിക്കുന്നതു തടയാനും സാധിക്കും.

Read More : Health Tips