ആന്റിബയോട്ടിക്ക് നല്‍കി വിട്ടു; മണിക്കൂറുകള്‍ക്കകം രണ്ടു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി

ചെവി പൊത്തിപ്പിടിച്ചു കരഞ്ഞ രണ്ടു വയസ്സുകാരന് ചെവിയിൽ അണുബാധയാകുമെന്നു കരുതി ആശുപത്രിയിൽ നിന്ന് ആന്റിബയോട്ടിക് നൽകി വിട്ടയച്ചു. മണിക്കൂറുകൾക്കകം കുഞ്ഞിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തു. 

ഏപ്രില്‍ 14 നു രാത്രിയാണ് ചെഷെയർ സ്വദേശിയായ വിക്കിയുടെ മകൻ ആല്‍ഫി കടുത്ത പനിയുമായി ഉണരുന്നത്. ഇരുചെവികളും പൊത്തിപ്പിടിച്ചു കരഞ്ഞ കുഞ്ഞിനെ ഉടന്‍ വിക്കി അടുത്തുള്ള ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചു. അവനെ പരിശോധിച്ച നഴ്സ് കുഞ്ഞിനു ചെവിയില്‍ അണുബാധയായതാകാം എന്നു പറഞ്ഞു ആന്റിബയോട്ടിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് അയച്ചു. 

അതിനുശേഷം വെറും എട്ടു മണിക്കൂര്‍ ആയുസ്സ് മാത്രമായിരുന്നു കുഞ്ഞിന് ഉണ്ടായത്. വീട്ടിലെത്തിയ ആല്‍ഫിയുടെ രോഗം കൂടി. മറ്റൊരു ആശുപത്രിയില്‍ അവനെ പ്രവേശിപ്പിക്കുമ്പോഴേക്കും ആല്‍ഫി ഈ ലോകത്തോട്‌ വിടപറഞ്ഞിരുന്നു.

ആദ്യം ചികിത്സ തേടിയ ആശുപത്രിയില്‍ രോഗം കണ്ടെത്തുന്നതില്‍ ഉണ്ടായ അപാകതയാണ് മകന്റെ ജീവന്‍ കവര്‍ന്നതെന്നു വിക്കി പറയുന്നു. വീട്ടില്‍ തിരികെ വന്ന ആല്‍ഫി കൂടുതല്‍ തളര്‍ന്നു. അവന്റെ ശരീരത്തില്‍ ചുവന്നപാടുകള്‍ കാണാന്‍ തുടങ്ങുകയും ചൂട് കൂടി വരികയും ചെയ്തു. ഒപ്പം ആല്‍ഫിയുടെ കൈകാലുകള്‍ നീലനിറമാകാനും തുടങ്ങി. മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും അവന്‍ മരിച്ചിരുന്നു. 

ഡോക്ടർമാര്‍ നടത്തിയ പരിശോധനയില്‍ മെനിഞ്ചോകോക്കൽ സെപ്സിസ് ആയിരുന്നു രോഗമെന്നു കണ്ടെത്തി. മെനിഞ്ചൈറ്റിസിനു കാരണമാകുന്ന ഒരുതരം ബാക്ടീരിയ ആണ് ഇതിനു പിന്നിൽ.  രോഗം നിര്‍ണയിക്കാന്‍ വൈകിയതാണ് കുഞ്ഞു മരിക്കാന്‍ കാരണമെന്ന് പിന്നീടു കണ്ടെത്തിയിരുന്നു. 

ഇതിനെത്തുടര്‍ന്ന് ആല്‍ഫിയെ ചികിത്സിച്ച ആശുപത്രി മാനേജ്മെന്റ് ഇതില്‍ മാപ്പ് പറഞ്ഞിരുന്നു. തനിക്ക്  സംഭവിച്ചതു പോലെ മറ്റൊരു മാതാപിതാക്കള്‍ക്കും സംഭവിക്കരുതേ എന്നാണ് ഇപ്പോള്‍ ആല്‍ഫിയുടെ അമ്മ വിക്കിയുടെ പ്രാര്‍ത്ഥന. ഒരുപാട് മാതാപിതാക്കള്‍ക്ക് ഇതൊരു പാഠമാകണം. കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധചികിത്സ തേടണം എന്നതിന്റെ ഉദാഹരണമാണ് ഈ അനുഭവം എന്നും വിക്കി പറയുന്നു.  

Read More : Health News