Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസി മാജിക്; ആർസിസി കീമോതെറപ്പി വാർഡിൽ നിന്നുള്ള കണ്ണുനനയിക്കുന്ന കുറിപ്പ്

messi

ക്ലബുകളിലും വീടുകളിലും മാത്രമല്ല, ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങൾ. രോഗങ്ങളെ തോൽപിക്കാനുള്ള പോരാട്ടത്തിനിടെ ആശുപത്രിക്കിടക്കയിലും ഫുട്ബോൾ ആവേശം ആശ്വാസം കൂടിയായി മാറുകയാണ്. റീജനൽ കാൻസർ സെന്ററിലെ കീമോതെറപ്പി വാർഡിൽ നിന്ന് അനീഷ് എന്ന രോഗി ഫെയ്സ്ബുക്കിൽ എഴുതിയ കണ്ണുനനയിക്കുന്ന കുറിപ്പ്... 

റീജനൽ കാൻസർ സെന്ററിലെ ഒരു കൂട്ടം കാൻസർ പേഷ്യൻസിനൊപ്പമായിരുന്നു അർജന്റീന- നൈജീരിയ മത്സരം കണ്ടത്. കളിതുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ടിവി ഓഫ് ചെയ്യപ്പെട്ടു. 11.30നു ശേഷം ടിവി ഓഫാക്കണമെന്നാണത്രേ ആശുപത്രി ചട്ടം. മലബാർ മേഖലയിൽ നിന്നു വന്ന ഫുട്ബോൾ ഭ്രാന്തന്മാരുമുണ്ടായിരുന്നു ആർസിസിയിലെ ചികിത്സയ്ക്ക്. 

കളി കാണാൻ പറ്റാതാകുന്നതു കാൻസർ കാർന്നുതിന്നുന്നതിലും വേദനയാണെന്നു പേരാമ്പ്രക്കാരൻ വിജയേട്ടന്റെ കണ്ണിൽ നിന്നും വായിച്ചെടുത്തതുകൊണ്ടായിരിക്കാം  ഞാനെന്റെ ഫോൺ അവർക്കു മുന്നിൽ ഓണാക്കി ലൈവ് കാണാനിരുന്നത്. എന്നെപ്പോലെ തന്നെ വിജയേട്ടന്റെയും ഇഷ്ട ടീം അർജന്റീന തന്നെ... ജയം മാത്രം സ്വപ്നം കണ്ട് ടെൻഷനടിച്ചിരിക്കുന്നവരിലേക്കു മെസിയുടെ ഗോൾ വന്നത് എല്ലാവരിലും ഒരു പുത്തനുണർവായിരുന്നു ... ശരീരത്തിലേക്കു കയറ്റിക്കൊണ്ടിരിക്കുന്ന കീമോതെറപ്പിയുടെ ബോട്ടിലുകൾ തീർന്നതറിഞ്ഞില്ല പലരും. 

അവരുടെ ആവേശം കണ്ടപ്പോ മെസി ശരിക്കും മിശിഹയായി അവതരിച്ചതു പോലെ. ബൈ സ്റ്റാൻഡേഴ്സ് ആവേശത്തോടെ കളി കാണാൻ അടുത്തുകൂടുമ്പോഴും തൊട്ട് അപ്പുറത്തായി കിടക്കുന്നവർക്കു വേണ്ടി ഒരു കൊച്ചു ഷൈജു ദാമോദരനാകേണ്ടി വന്നു. നൈജീരിയ ഗോൾ മടക്കിയപ്പോ ഒന്നും മിണ്ടാതെ കിടന്നവരും പേടിച്ചവരും അവരുടെ അസ്വസ്തകൾ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ചിലപ്പോൾ ഫുട്ബോളിൽ അറിയാവുന്ന ഏക പേര് മെസി ആയതു കൊണ്ടായിരിക്കാം ഒരമ്മ അവരുടെ ഭർത്താവിനോടു പറയുന്നുണ്ടായിരുന്നു നിങ്ങൾ ടെൻഷനടിക്കല്ലേ മെസി ഗോളടിക്കുമെന്ന്. 

അവസാന ഗോൾ വീഴുംവരെ പിരിമുറുക്കം അനുഭവിച്ചവരിലേക്കു റോഹോ തൊടുത്തുവിട്ട ഷോട്ട് ആഫ്രിക്കൻ ഈഗിൾസിന്റെ വലകുലുങ്ങുന്നതിനൊപ്പം കീമോ ചെയ്യാൻ കിടക്കുന്നവരുടെ മനസ്സിനെയും ബെഡിനെയും ഒരേപോലെ കുലുക്കി ... വലിയ ആവേശത്തോടെ മെസിക്കും അർജന്റീനക്കും വേണ്ടി കട്ടിലിൽ ഇരുന്നു തന്നാൽ കഴിയുന്ന രീതിയിൽ വിജയമാഘോഷിക്കുമ്പോൾ തൊട്ടടുത്തിരുന്ന ആ അമ്മയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു .... 

Read More : Health News