പല്ലിൽ കമ്പി ഇടാം; ഇതു കൂടി അറിഞ്ഞിട്ട്

ആഹാ! ഇവളുടെ പല്ല് വേലികെട്ടി തിരിക്കേണ്ടി വരുമല്ലോ... പല്ല് മുൻപിലേക്ക് ഉന്തിയ കുട്ടികളെ കാണുമ്പോൾ അടുപ്പക്കാർ പൊതുവേ പറയാറുള്ള ഒരു ഡയലോഗാണിത്. ഇതു കേട്ടാൽ മതി പിന്നെ അച്ഛനമ്മമാർക്ക് ടെൻഷനാണ്. കാരണം പല്ലിന്റെ സൗന്ദര്യം മുഖത്തെയും ബാധിക്കുമല്ലോ. 

നിര തെറ്റിയതോ ക്രമമില്ലാത്തതോ ആയ പല്ലുകൾ, മുൻപോട്ട് ഉന്തിയ പല്ലുകൾ, പല്ലുകൾക്കിടയിലെ അസാധാരണമായ വിടവ് തുടങ്ങിയ പ്രശ്നങ്ങൾക്കാണ് സാധാരണ പല്ലിൽ കമ്പി(ഡന്റൽ ക്ലിപ്പ്) ഇടാറുള്ളത്. 12 വയസ്സാണ് കമ്പി ഇടാനുള്ള പ്രായമായി പറയുന്നതെങ്കിലും കുട്ടികളുടെ വൈകല്യവും പ്രത്യേകതയുമനുസരിച്ച് പ്രായത്തിൽ വ്യത്യാസം വരാം. ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ എടുത്തു മാറ്റുന്നതോ ഉറപ്പിച്ചു വയ്ക്കുന്നതോ ആയ കമ്പി ഇട്ടുള്ള ചികിത്സയാണ് ചെയ്യുന്നത്.

ഡന്റൽ ക്ലിപ് ഇടുന്നതിന് ആവശ്യമായ സ്ഥലം ഇല്ലാതെ വന്നാൽ ചില പല്ലുകൾ എടുത്തു കളയേണ്ടതായും വരും. പല്ലിന്റെ നിറത്തിലുള്ള സെറാമിക് ക്ലിപ്പുകൾ, പല്ലിന്റെ ഉൾഭാഗത്ത് ഉറപ്പിക്കുന്ന ക്ലിപ്പുകൾ, കമ്പികൾ പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള സുതാര്യമായ ക്ലിപ്പുകൾ എന്നിവ ഇപ്പോൾ ലഭ്യമാണ്. പല്ലിന്റെ മുൻഭാഗത്ത് ഒട്ടിച്ചുവയ്ക്കുന്നതും ലോഹനിർമിതവുമായ ഫിക്സഡ് ക്ലിപ്പുകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാൽ കാണാൻ ഇതിനു വലിയ ഭംഗി ഇല്ലെന്ന പരാതി പറയുന്നവരുമുണ്ട്. 

എടുത്തു മാറ്റാൻ സാധിക്കുന്നത് (റിമൂവബിൾ അപ്ലയൻസ്), ഉറപ്പിച്ചു വയ്ക്കാൻ സാധിക്കുന്നത്( ഫിക്സഡ് അപ്ലയൻസ്) എന്നിങ്ങനെ രണ്ടു രീതിയിലുള്ള ഡന്റൽ ക്ലിപ്പുകളാണുള്ളത്. റിമൂവബിൾ അപ്ലയൻസ് ക്ലിപ്പുകൾ ഉപയോഗിച്ചു മാത്രം പൂർണ ക്രമീകരണം സാധ്യമാകാത്ത സാഹചര്യങ്ങളിലാണ് ഫിക്സഡ് ക്ലിപ്പുകൾ ഉപയോഗിക്കുന്നത്. പല്ലുകളിൽ ഒട്ടിക്കുന്ന ബ്രാക്കറ്റുകൾ, കമ്പികൾ, ഇലാസ്റ്റിക്കുകൾ മുതലായവ ഉപയോഗിച്ചു പല്ലുകളിലും ചുറ്റുമുള്ള എല്ലുകളിലും കൃത്യമായ അനുപാതത്തിൽ മർദം ചെലുത്തുന്നതിന്റെ ഫലമായി പല്ലുകൾ കൃത്യമായ സ്ഥാനത്തേക്ക് നീങ്ങുകയും ദന്തക്രമീകരണം സാധ്യമാവുകയും ചെയ്യും. ആറു മാസം മുതൽ ഒന്നരവർഷം വരെ സമയെമെടുക്കുന്നതും സുരക്ഷിതവുമായ ചികിത്സാരീതിയാണിത്.

Read More : Health Magazine