Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ആശുപത്രികളിലെ ചികിൽസ: ചെലവ് ഇരട്ടിയാകും

Medical - Representational image

സംസ്ഥാനത്തു സ്വകാര്യ മേഖലയിലെ ചികിൽസാച്ചെലവ് ഇരട്ടിയാകും. ശസ്ത്രക്രിയകൾക്കും മറ്റു ചി‍കിൽസകൾക്കുമുള്ള ഫീസ് 80–120% വരെ വർധിപ്പിക്കാനാണു തീരുമാനം. അടിസ്ഥാനസൗകര്യച്ചെലവുകൾ വർധിച്ചതാണു കാരണമായി പറയുന്നത്. ഇതിനു പിന്നാലെ, രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളുടെ എണ്ണം വെട്ടിച്ചുരുക്കാൻ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ളതിൽ പകുതിയോളം ആശുപത്രികൾ ഇതോടെ ഇൻഷുറൻസ് പരിരക്ഷയ്ക്കു പുറത്താകും. ഇൻഷുറൻസ് പ്രീമിയത്തിലും ഭാവിയിൽ വൻ വർധന വന്നേക്കും.

treatment-charge

ചികിൽസാച്ചെലവ് ഭീമമായി വർധിച്ചതോടെ ആരോഗ്യ ഇൻഷുറൻസ് ആയിരുന്നു രോഗികളുടെ ആശ്രയം. ആശുപത്രികളിൽ നിന്നുള്ള ക്ളെയിമുകളിൽ ഇൻഷുറൻസ് കമ്പനികൾ എത്ര തുക അനുവദിക്കണമെന്നു തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരാണു (ടിപിഎ) തീരുമാനിക്കുന്നത്. ഓരോ ശസ്ത്രക്രിയകൾക്കുമുള്ള നിരക്കുകളും പലയിടത്തും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഈ നിരക്കുകളാണു പുതുക്കി നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആശുപത്രികൾ നിശ്ചയിച്ച തുക വളരെ കൂടുതലാണെന്നു വിലയിരുത്തിയ പ്രമുഖ പൊതുമേഖലാ കമ്പനികളാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക വെട്ടിച്ചുരുക്കാൻ നിർദേശിച്ചത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഇതേ പാത പിന്തുടർന്നേക്കും. എറണാകുളത്ത് 85 ആശുപത്രികളിൽ ഇൻഷുറൻസ് പരിരക്ഷ ഉള്ളതു നാൽപതോളം മാത്രമായി ചുരുങ്ങിയേക്കും.

∙ 'ചെറുകിട ആശുപത്രികൾ ബിസിനസ് മോഡൽ മാറ്റിയേ പറ്റൂ. ഇപ്പോഴത്തെ രീതിയിൽ തുടരാൻ കഴിയില്ല. മാറ്റങ്ങൾക്ക് തയ്യാറാണെങ്കിൽ അത് സുഗമമാക്കാൻ സർക്കാർ ഒരുക്കമാണ്' - രാജീവ് സദാനന്ദൻ (ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി).

Read More : ആരോഗ്യവാർത്തകൾ