Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്താഴം വൈകിയാൽ അർബുദസാധ്യത

food-kayal

അത്താഴം കഴിക്കുന്ന സമയവും രോഗങ്ങളുമായി വല്ല ബന്ധവും ഉണ്ടോ? രാത്രി വളരെ വൈകിയാണോ നിങ്ങൾ അത്താഴം കഴിക്കുന്നത്? എങ്കിൽ ആ ശീലം മാറ്റുന്നതാകും ആരോഗ്യത്തിനു നല്ലത്. 

രാത്രി ഒൻപതു മണിക്കു മുൻപോ കിടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപോ അത്താഴം കഴിക്കുന്നവർക്ക് സ്താനാർബുദവും പ്രോസ്റ്റേറ്റ് അർബുദവും വരാനുള്ള സാധ്യത കുറയുമത്രേ. ഭക്ഷണസമയം വൈകുമ്പോൾ രോഗസാധ്യത കൂടുന്നു.

ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലം ഭക്ഷണസമയവും സ്തന, പ്രോസ്റ്റേറ്റ് അർബുദങ്ങളും തമ്മിലുള്ള ബന്ധം കണക്കാക്കി. ലോകത്ത് വളരെ സാധാരണമായി കണ്ടു വരുന്ന രണ്ട് അർബുദങ്ങളാണ് സ്താനാർബുദവും പ്രോസ്റ്റേറ്റ് അർബുദവും. 

സ്പെയിനിലെ ബാഴ്സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 1321 സ്ത്രീകളിലും 872 പുരുഷന്മാരിലുമായിരുന്നു പഠനം. അവരിൽ 621 പേർ പ്രോസ്റ്റേറ്റ് കാൻസർ ബാധിതരും 205 പേർ സ്തനാർബുദം ബാധിച്ചവരും ആയിരുന്നു.

ഇവരുടെ ഭക്ഷണസമയം, ഉറക്കശീലങ്ങൾ മുതലായവയും മനസ്സിലാക്കി. അർബുദം തടയാനുള്ള നിര്‍ദ്ദേശങ്ങൾ ഇവർ എത്രമാത്രം പാലിക്കുന്നുണ്ടെന്നും ഒരു ചോദ്യാവലിയിലൂടെ മനസ്സിലാക്കി. 

ദിവസവും ഉള്ള ഭക്ഷണ രീതി അർബുദസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിലൂടെ തെളിഞ്ഞു. ദിവസവും ഒരേ സമയത്തും ചിട്ടയായും ഭക്ഷണം കഴിക്കുന്നവർക്ക് അർബുദം വരാൻ സാധ്യത കുറവാണെന്നു കണ്ടു. ഭക്ഷണം വളരെ വൈകി മാത്രം കഴിക്കുന്നവർ  ആ ശീലം മാറ്റണമെന്നും ഗവേഷകർ പറയുന്നു. 

അർബുദം വരാതെ തടയാനുള്ള നിർദേശങ്ങളിൽ ഭക്ഷണ സമയം കൂടി ഉൾപ്പെടുത്തണമെന്നും സ്പാനിഷ് ഗവേഷകര്‍ പറയുന്നു. ഒരു വ്യക്തിയുടെ ജൈവഘടികാരം അയാളുടെ ഭക്ഷണശീലവും രോഗസാധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം പറയുന്നു. 

രാത്രി ഷിഫ്റ്റിലെ ജോലി പലപ്പോഴും സർക്കാഡിയൻ റിഥത്തിൽ മാറ്റം വരുത്തുന്നതായും സ്തന–പ്രോസ്റ്റേറ്റ് അർബുദങ്ങൾക്ക് ജൈവഘടികാരത്തിൽ വരുന്ന മാറ്റം കാരണമാകുന്നതായും പഠനത്തിൽ പറയുന്നു. 

Read More : Health News