പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ സൂചി കുടുങ്ങി; കണ്ടെത്തിയത് 19 ദിവസത്തിനു ശേഷം

വാക്സിന്‍ എടുക്കാൻ ആശുപത്രിയില്‍ എത്തിയ മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞിന്റെ ശരീരത്തില്‍ ആശുപത്രിഅധികൃതരുടെ അശ്രദ്ധയാൽ കുടുങ്ങിയത്  രണ്ട് സെന്റിമീറ്ററുള്ള സൂചി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. 

കുഞ്ഞിനു വാക്സിന്‍ എടുക്കാനാണ് പവവേലിലുള്ള ഒരു നഴ്സിങ് ഹോമില്‍ കൊണ്ടുപോയത്. വാക്സിന്‍ എടുത്ത ശേഷം ദിവസങ്ങളോളം കുഞ്ഞിനു വിട്ടുമാറാത്ത കടുത്ത പനിയും അസ്വസ്ഥതകളും പതിവായിരുന്നു. 19 ദിവസങ്ങള്‍ക്കു ശേഷം കഠിനമായ പനിയോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞിന്റെ വലതു തുടയില്‍ തടിപ്പും ചുവന്ന പാടും ശ്രദ്ധയില്‍ പെട്ട ശിശുരോഗവിദഗ്ദനാണ് എക്സ്‌റെയും സ്കാനും ശുപാര്‍ശചെയ്തത്. 

എന്തിന്റെയോ അണുബാധയാണ് കുഞ്ഞിനെന്നു ഡോക്ടര്‍മാര്‍ ഉറപ്പിച്ചെങ്കിലും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കുഞ്ഞിന്റെ തുടയ്ക്ക് മുകളിലായി ഒരു സൂചിയുടെ ഭാഗം തറച്ചിരിക്കുന്നു. ആദ്യം ഇതെന്താണെന്നു മനസ്സിലായില്ലെങ്കിലും സിടി സ്കാനില്‍ സൂചിയാണെന്നു കണ്ടെത്തി.  വാക്സിന്‍ എടുക്കുന്നതിനിടയില്‍ സംഭവിച്ചതാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

തുടര്‍ന്ന് കുഞ്ഞിനെ പാറേലിലെ ഭായ് ജെര്‍ബായ് വാടിയ ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എല്ലുകളില്‍ ഉണ്ടാകുന്ന Osteomyelitis അണുബാധയെന്നു കരുതിയാണ് ആദ്യം ഇവിടുത്തെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ ചികിത്സിച്ചത്. സ്കാന്‍ റിപ്പോര്‍ട്ടിലാണ് യഥാര്‍ഥ വിവരം പുറത്തുവന്നത്.  

ഇത്രയും ചെറിയ കുഞ്ഞിന് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത് തന്നെ വെല്ലുവിളിയായിരുന്നു. സൂചി എവിടെയാണ് യഥാര്‍ഥത്തില്‍ ഇരിക്കുന്നതെന്നു കണ്ടെത്താന്‍ പലകുറി എക്സ്‌റെ എടുക്കേണ്ടി വന്നെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ പ്രദന്യ ബെന്ദ്ര പറയുന്നു. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വഴിയാണ് രണ്ടു സെന്റിമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തത്. 

ശരിയായ സമയത്ത് അപകടസ്ഥിതി മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിച്ച ആശുപത്രി അധികൃതര്‍ക്ക് കുഞ്ഞിന്റെ അച്ഛന്‍ സുധാകര്‍ പാസ്റ്റത്തെ നന്ദി അറിയിച്ചിട്ടുണ്ട്. ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്ന കുഞ്ഞിനെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More : Health News