Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീറ്റോ ഡയറ്റ് ശീലമാക്കിയാൽ പ്രമേഹത്തിനു സാധ്യയുണ്ടോ?

diabetes

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണരീതിയെന്നു പ്രചാരം നേടിയതാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്ന രീതിയാണിത്. താരങ്ങളും മറ്റും ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റ് പിന്തുടരുന്നത് പതിവാക്കിയതോടെ സാധാരണക്കാരും ഇതു പരീക്ഷിക്കാൻ തുടങ്ങി. സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെയും (ETH Zurich) യുണിവേഴ്സിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിലെയും ഗവേഷകർ നടത്തിയ പഠനം പുതിയ കീറ്റോജെനിക് ഡയറ്റിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് പുതിയ ചർച്ചയ്ക്കു വഴിമരുന്നിടുന്നു. അന്നജം വളരെ കുറവും കൊഴുപ്പ് കൂടിയതുമായ കീറ്റോ ഡയറ്റ്, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ആരോഗ്യകരവുമാണെന്നാണു കരുതിയിരുന്നത്. എന്നാൽ ഈ ഭക്ഷണരീതി ഇൻസുലിൻ പ്രതിരോധം കൂട്ടാനും അതു വഴി ടൈപ്പ് 2 പ്രമേഹത്തിലേക്കു നയിക്കാനും ഇടയാക്കുമെന്ന് ജേണൽ ഒാഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനഫലം തെളിയിക്കുന്നു. 

രക്തത്തിലുളള ഗ്ലൂക്കോസിനെ ശരീരകോശങ്ങൾക്കു നേരിട്ടു സ്വീകരിക്കാനാകില്ല. അതിനു സഹായിക്കുന്നത് പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ നിർമിച്ചു വിടുന്ന ഇൻസുലിൻ ആണ്. ലളിതമായി പറഞ്ഞാൽ, ഗ്ലൂക്കോസിനു കോശങ്ങളിൽ കടക്കാനുളള വാതിൽ തുറന്നുകൊടുക്കുന്നത് ഇൻസുലിനാണെന്നു പറയാം. ഈ വാതിൽ തുറക്കാനുളള കരുത്ത് ഇന്‍സുലിനു കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണ് ഇൻസുലിൻ റസിസ്റ്റൻസ് അഥവാ ഇൻസുലിന്‍ പ്രതിരോധം. കീറ്റോജനിക് ഭക്ഷണരീതിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന പ്രവർത്തനം ശരിയായി നടക്കാതെ വരുകയും കരളിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കുകയും ചെയ്യും. 

കീറ്റോ ഡയറ്റും കൊഴുപ്പു കൂടിയ ഭക്ഷണങ്ങളും എലികളിൽ പരീക്ഷിച്ചാണ് പഠനം നടത്തിയത്. കീറ്റോ ഡയറ്റ് നൽകിയ എലികളിൽ ഇൻസുലിൻ പ്രവർത്തിക്കുമ്പോളുണ്ടാകുന്ന പഞ്ചസാരയുടെ ഉല്‍പാദനവും കോശങ്ങളിലേക്ക് പ്രത്യേകിച്ച് പേശികളിലേക്കുള്ള ആഗിരണവും മൂലമുള്ള ഫലങ്ങൾ കണക്കാക്കിയാണ് ടൈപ്പ് 2 പ്രമേഹ സാധ്യതയെക്കുറിച്ചു പഠിച്ചത്. പിന്നീട് ഫലങ്ങൾ കണക്കാക്കി കീറ്റോ ഡയറ്റ് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടുമെന്നു പഠനത്തിൽ വ്യക്തമായി. എന്നാൽ കീറ്റോ ഡയറ്റ് ദീർഘകാലം പിന്തുടര്‍ന്നാൽ അത് അമിതവണ്ണത്തിനു കാരണമാകുമോ എന്ന കാര്യം ഗവേഷകർ പഠനവിധേയമാക്കിയില്ല എന്നതും പ്രധാനമാണ്. 

ഓർമിക്കാൻ

കീറ്റോ ഡയറ്റ് പിന്തുടരുന്നവർ കാർബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതൽ 20 ശതമാനം വരെ മാത്രം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 35 ശതമാനം പ്രോട്ടീൻ, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം. കീറ്റോയിൽ കൊഴുപ്പ് അധികവും പ്രോട്ടീൻ മിതമായ അളവിലും കാർബോഹൈഡ്രേറ്റ് വളരെ കുറച്ചും ആയിരിക്കണം. 

എന്തൊക്കെ കഴിക്കണം ? 

കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട കാർബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണത്തിൽ നിന്നാണ്. പരിപ്പുകൾ, ധാന്യങ്ങൾ ഇവ ഒഴിവാക്കണം. ചില പയർ വർഗങ്ങൾ ഉൾപ്പെടുത്താം. പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉൾപ്പെടുത്തണം. അണ്ടിപ്പരിപ്പുകൾ കുറച്ച് ഉപയോഗിക്കാം. മിതമായ അളവിൽ മോര് കൂട്ടാം. പാലുൽപന്നങ്ങളിൽ അന്നജം ഉണ്ട്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാൻ തോന്നിയാൽ വല്ലപ്പോഴും അൽപം ഡാർക്ക്  ചോക്ലേറ്റ് ആകാം. കാൽസ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

Read More : Health News