നമ്മുടെ ശരീരമാണ് കാൻസറിനെതിരെയുള്ള ‘മരുന്ന്’; ആ കണ്ടെത്തലിനാണ് നൊബേൽ

ഓരോ രോഗത്തിനുമെതിരെ പോരാടാൻ നമ്മുടെ ശരീരത്തിൽ ശക്തമായ പ്രതിരോധ സംവിധാനമുണ്ട്. അത്തരത്തിൽ കാൻസറിനെതിരെയും പോരാടാൻ ഓരോരുത്തരുടെയും ശരീരത്തെ തന്നെ സജ്ജമാക്കുന്ന നിർണായക ചികിത്സാരീതി തയാറാക്കിയതിനാണ് 2018ലെ വൈദ്യശാസ്ത്ര മികവിനുള്ള നൊബേൽ പുരസ്കാരം ജയിംസ് പി.അലിസണിനെയും തസൂകു ഹോൻജോയെയും തേടിയെത്തിയത്. കാൻസർ ചികിത്സയെ തന്നെ മാറ്റിമറിക്കും വിധം അദ്ഭുതകരമായ കണ്ടെത്തൽ എന്നാണ് ഈ ഇമ്യൂണോളജിസ്റ്റുകളുടെ കണ്ടെത്തലിനെ നൊബേൽ സമിതി വിലയിരുത്തിയത് (രോഗപ്രതിരോധശക്തിയെ കുറിച്ചു പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഇമ്യൂണോളജി).

കാൻസർ കോശങ്ങളെ നേരിട്ട് ആക്രമിക്കുകയെന്നതാണു പരമ്പരാഗതമായ ചികിത്സാരീതി. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെത്തന്നെ കാൻസറിനെതിരെയുള്ള പോരാട്ടത്തിനു സജ്ജമാക്കുകയെന്നതു കഴിഞ്ഞ നൂറു വർഷമായി ശാസ്ത്രജ്ഞർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്മേലാണ് ഇപ്പോൾ ഇരുവരും വിജയം കണ്ടതെന്ന് നൊബേൽ ജൂറിയുടെ വാക്കുകൾ. അതിൽ നിന്നു തന്നെ കാൻസർ ചികിത്സയിൽ എത്രമാത്രം നിർണായകമാണ് അലിസണിന്റെയും ഹോൻജോയുടെയും കണ്ടെത്തലെന്നതും വ്യക്തം. ഇവരുടെ കണ്ടെത്തലോടെ ഇന്നേവരെയില്ലാത്ത വിധം കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും സമിതി വിലയിരുത്തി. യുഎസിലെ ടെക്സസ് സർവകലാശാലയിലെ എംഡി ആൻഡേഴ്സൻ കാൻസർ സെന്റർ കേന്ദ്രീകരിച്ചാണ് അലിസോണിന്റെ പ്രവർത്തനം. ജപ്പാനിലെ ‍‍ക്യോട്ടോ സർവകലാശാല പ്രഫസറാണു തസൂകു ഹോൻജോ.

വൈദ്യശാസ്ത്രരംഗത്തെ നൊബേൽ പുരസ്കാരം നേടിയ തസൂകു ഹോൻജോ, ജയിംസ് അലിസൺ

രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്ന തരം ശ്വേതരക്താണുവാണ് ടി–സെല്ലുകള്‍. ഇവയിലുള്ള സിടിഎൽഎ–4 എന്ന പ്രോട്ടിൻ തന്മാത്രകളെക്കുറിച്ചുള്ള പഠനമാണ് അലിസണെ നൊബേൽ സമ്മാനത്തിനർഹനാക്കിയത്. 1995–ലായിരുന്നു ഇതു സംബന്ധിച്ച നിർണായക കണ്ടെത്തൽ. ടി–സെല്ലുകളുടെ പ്രവർത്തനങ്ങളെ തടയുന്ന എന്തോ ഒന്ന് അതിനകത്തുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അവയാണ് കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതിൽ നിന്നു ടി–സെല്ലുകളെ തടയുന്നത്. അതായത് ടി–സെല്ലുകളുടെ പ്രവർത്തനങ്ങൾക്ക് ‘ബ്രേക്കിടുന്ന’ ഏതോ ഒരു അസാധാരണ വസ്തു! കൂടുതൽ ഗവേഷണത്തിനിടെയാണ് സിടിഎൽഎ–4 എന്ന പ്രോട്ടിൻ തന്മാത്രയെ അദ്ദേഹം തിരിച്ചറിയുന്നത്. 

കാൻസർ കോശങ്ങളെത്തുമ്പോൾ അവയെ കണ്ടെത്തി പ്രതിരോധിക്കാൻ ‍ടി–സെല്ലുകളെ സഹായിക്കുന്നത് അവയിലെ ഡെൻഡ്രിറ്റിക് സെല്ലുകളാണ്. ആക്സസറി സെല്ലുകൾ എന്നും ഇവയ്ക്കു പേരുണ്ട്. രോഗത്തിനെതിരെ പോരാടാൻ ടി–സെല്ലുകൾക്കു വേണ്ട ആന്റിജൻ നൽകുന്നത് ഡെൻഡ്രിറ്റിക് സെല്ലുകളാണ്. എന്നാൽ സിടിഎൽഎ–4 പ്രോട്ടിൻ, ഡെൻഡ്രിറ്റിക് സെല്ലുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തും. സിടിഎൽഎ–4നെ ഇല്ലാതാക്കിയാൽ, അഥവാ ആ ‘ബ്രേക്ക്’ ഇല്ലാതാക്കിയാൽ പിന്നെ കാൻസർ കോശങ്ങൾക്കു മേൽ കൂടുതൽ കരുത്തോടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് ‘ആക്രമണം’ നടത്താനാകുമെന്നായിരുന്നു അലിസണിന്റെ കണ്ടെത്തൽ. അതിനുള്ള മരുന്നുകളിന്മേലും അദ്ദേഹം ഗവേഷണം നടത്തി. അതുവഴി തന്റെ കണ്ടെത്തലിനെ പുതിയൊരു തരം കാൻസർ ചികിത്സയാക്കി മാറ്റുകയായിരുന്നു അലിസൺ.

ഏകദേശം ഇതേസമയത്തു തന്നെയാണ് തസൂകു ഹോൻജോയും സമാനമാം വിധം പ്രതിരോധ കോശങ്ങളെ ഇല്ലാതാക്കുന്ന സെൽഡെത്ത് പ്രോട്ടീൻ 1 (പിഡി1) കണ്ടെത്തുന്നത്. ടി–സെല്ലുകളിലുള്ള ‘ചെക്ക്പോയിന്റ് പ്രോട്ടീൻ’ ആണിത്. അതായത് ടി–സെല്ലുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നവ. എന്നാൽ സിടിഎൽഎ–4നേക്കാളും വ്യത്യസ്തമായിട്ടായിരുന്നു ടി–സെല്ലിനു നേരെയുള്ള പിഡി–1ന്റെ ആക്രമണം. കാൻസർ കോശങ്ങളെ ആക്രമിക്കുന്നതിൽ നിന്നു ടി–സെല്ലുകളെ തടയുകയാണ് പിഡി–1 ചെയ്യുക. ഹോൻജോയുടെ ഗവേഷണവും വിജയിച്ചതോടെ ആ പ്രോട്ടിനുകളെ ലക്ഷ്യം വച്ചുള്ള ചികിത്സാരീതിയും സജീവമായി. 

പിഡി–1നെ ലക്ഷ്യം വച്ചുള്ള ചികിത്സ രക്താർബുദത്തിനും ശ്വാസകോശാർബുദത്തിനും വൃക്കയെയും ത്വക്കിനെയും ബാധിക്കുന്ന കാൻസറിനും ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. ഇരു പ്രോട്ടീനുകളെയും ലക്ഷ്യം വച്ചുള്ള ചികിത്സയാകട്ടെ ത്വക്കിനെ ബാധിക്കുന്ന അർബുദത്തിന് ഉൾപ്പെടെ ഏറെ ഫലപ്രദവും. ‘ഇമ്യൂൺ ചെക്പോയിന്റ് ഇൻഹിബിറ്റർ തെറപ്പി’ എന്ന കാൻസർ ചികിത്സാരീതിയിൽ ഇത്തരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന അലിസണിന്റെയും ഹോൻജോയുടെയും കണ്ടെത്തലുകളാണിപ്പോൾ നൊബേൽ തിളക്കത്തിലെത്തി നിൽക്കുന്നത്. പിഡി–1ന് എതിരെയുള്ള ‘ഇൻഹിബിറ്റർ’ മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അനുമതി നൽകിയിട്ടുണ്ട്. ത്വക്കിലെ കാൻസർ പ്രതിരോധിക്കാൻ അലിസണും സംഘവും 2011ൽ മരുന്ന് കണ്ടെത്തിയിരുന്നു. ഇവയും യുഎസിൽ അംഗീകാരം നേടി.