Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദത്തിനും അദ്ഭുതം; ഇങ്ങനെയുമൊരമ്മ

25 വർഷമായി രക്താർബുദത്തോടു പടവെട്ടുന്ന അമ്മ. 10 വർഷമായി ഇതേ രോഗത്തോടു പൊരുതുന്ന മകൻ. ഈ അമ്മ ഇതേ രോഗം ബാധിച്ച 9 അമ്മമാർക്ക് ഒരേ സമയം അമ്മയും സഹോദരിയും സുഹൃത്തും സംരക്ഷകയുമാണ്. വിധി ദുരന്തങ്ങൾ മാത്രം സമ്മാനിച്ച അമ്മയുടെ പേര് മെർലിൻ. മകൻ അലൻ. ഒരേ സമയം രോഗിയും രോഗിയുടെ സംരക്ഷകയുമായി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള സഞ്ചാരത്തിനിടെ ഉണ്ടായ അനുഭവങ്ങൾ മെർലിനെ എത്തിച്ചതു ജ്യോതിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണത്തിൽ. 

വിധി എന്നും മെർലിനു കണ്ണീരാണു നൽകിയത്. മകന്റെ രോഗം തിരിച്ചറിഞ്ഞ ശേഷം ആശുപത്രിയിൽ നിന്നു മടങ്ങും വഴി ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഭർത്താവ് ചന്ദ്രൻ ചികിൽസയിലിരിക്കെ മരിച്ചതോടെ ജീവിതത്തിലെ കരുത്തെല്ലാം ചോർന്നു. ദുരവസ്ഥ അറിഞ്ഞു മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ്, ലൂർദ് മാതാ പള്ളി വികാരിയായിരുന്ന ഫാ. ജോൺ വി. തടത്തിൽ  എന്നിവർ സഹായിച്ചു. മകന്റെ മജ്ജ മാറ്റിവയ്ക്കൽ ചികിൽസയ്ക്കിടയിൽ  പ്രാർഥന മാത്രമായിരുന്നു ശക്തിയെന്നു മെർലിൻ പറയുന്നു.</p>

പ്രാർഥനയ്ക്കിടയിലാണു പാവപ്പെട്ട രോഗികൾക്കു കഴിവിനനുസരിച്ചു സഹായം ചെയ്യാൻ മെർലിൻ തീരുമാനിച്ചത്. മകന്റെ രോഗം മൂർഛിച്ചതോടെ വെല്ലൂർ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. മകന്റെ കൂട്ടുകാരന്റെ അച്ഛൻ അഡ്വ. മുഹമ്മദ് സലീം ചികിൽസയ്ക്കാവശ്യമായ പണം നൽകി. ചികിൽസ കഴിഞ്ഞു മടങ്ങിയെത്തിയ മെർലിൻ സുഹൃത്തുക്കളെയും കൂട്ടി കാൻസർ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. </p>

ജ്യോതിസ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചു. കാൻസർ ആരംഭത്തിലെ കണ്ടെത്തി ചികിൽസയിലേക്കു രോഗികളെ എത്തിക്കുകയാണു ട്രസ്റ്റിന്റെ ലക്ഷ്യം. സൗജന്യ കാൻസർ പരിശോധനാ ക്യാംപുകളും ബോധവൽക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. രോഗികളായെത്തുന്നവർ ആശുപത്രികളിൽ ചികിൽസയ്ക്കു പോകാനൊ താമസിക്കുന്നതിനൊ സൗകര്യമില്ലാത്തവരായിരുന്നു. ഇവർക്കായി വട്ടേക്കുന്നത്തു വാടകവീടെടുത്തു ജ്യോതിസ് ഭവനെന്ന പേരിൽ ആശ്രയകേന്ദ്രം ഒരുക്കി. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം ലഭിച്ചു. ഒൻപത് അമ്മമാർ ഇപ്പോൾ മെർലിന്റെ സംരക്ഷണത്തിലുണ്ട്.

ഇവർക്കുള്ള മരുന്നുകളും മറ്റും വാങ്ങി നൽകുന്നതു കാരുണ്യമതികളുടെ സഹായം കൊണ്ടാണ്. രോഗം മൂർഛിക്കുമ്പോൾ ഇവരെ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യമില്ലാത്തതു വലയ്ക്കുന്നുണ്ട്. കാൻസർ ബോധവൽക്കരണത്തിന്റെ  ഈ മാസത്തിൽ കൂടുതൽ പേർക്ക് ഉപകരിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ നടത്താനുള്ള തീരുമാനത്തിലും ശ്രമത്തിലുമാണു മെർലിനും ജ്യോതിസ് ചാരിറ്റബിൾ ട്രസ്റ്റും. വെബ്സൈറ്റ്: jyothischaritabletrust.com. ഫോൺ: 9846254124