Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനുള്ള ഒരു പ്രധാന കാരണം ജീവിതശൈലി

cancer

നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ് കാൻസറെന്നും നമ്മുടെ ജീവിതശൈലിയാണ് അർബുദത്തെ വിളിച്ചുവരുത്തുന്ന ഒരു ഘടകമെന്നും ആർസിസി ഡയറക്ടർ ഇൻ ചാർജ് ഡോ. കെ.രാംദാസ് . മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കഴിക്കുക, ചിട്ടയായ വ്യായാമം ശീലിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ അർബുദത്തെ ഒരു പരിധിവരെ തടയാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെട്രോ മനോരമ വായനക്കാർക്കായി സ്വസ്തി ഫൗണ്ടേഷനും ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ചേർന്നു പിങ്ക്  മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആർസിസിയിലെ കാൻസർരോഗ വിദഗ്ധരുമായി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികളാണു സംവാദം നടത്തിയത്

ലോകത്തിൽ 14 ദശലക്ഷം അർബുദ രോഗികളുണ്ട്. അതിൽ 10 ലക്ഷം പേർ ഇന്ത്യക്കാരാണ്. ഇവരിൽ തന്നെ 66,000 രോഗികൾ കേരളത്തിലാണ്. കേരളത്തിൽ പുരുഷൻമാരിൽ കൂടുതലും ശ്വാസകോശങ്ങളെ ബാധിക്കുന്ന അർബുദവും സ്ത്രീകളിൽ കൂടുതലും സ്തനങ്ങളെ ബാധിക്കുന്ന അർബുദവുമാണു കാണുന്നത്. അർബുദത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അർബുദം നേരത്തേ തിരിച്ചറിയാൻ പല മാർഗങ്ങളുണ്ടെന്നും അവ പരമാവധി പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിലേ രോഗം ചികിത്സിച്ചു ഭേദമാക്കാനാവുമെന്നും ആർസിസി അസി. പ്രഫ. ഡോ. കെ.ചന്ദ്രമോഹൻ പറഞ്ഞു. സ്ത്രീകളിൽ കൂടുതലും സ്തനാർബുദം വരാനുള്ള കാരണം ഫാസ്റ്റ്ഫുഡിന്റെ ഉപയോഗവും വ്യായാമമില്ലാത്ത ജീവിത രീതിയുമാണെന്ന് ആർസിസി റിട്ട. ഹെഡ് ഓഫ് ദ് ഡിപ്പാർട്മെന്റ് ബാബു കെ.മാത്യു പറഞ്ഞു. സ്ത്രീകളിൽ അണ്ഡാശയ അർബുദം കുറഞ്ഞിട്ടുണ്ട്. എന്നാൽ സ്തനാർബുദം കൂടി– അദ്ദേഹം പറഞ്ഞു.    ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എസ്.ജ്യോതിസ്ചന്ദ്രൻ, മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ സി.എ.തോമസ്, ജ്യോതിസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എൽ.സലിത തുടങ്ങിയവർ പങ്കെടുത്തു.