Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നു ലോക പ്രമേഹദിനം; വീട്ടിൽ നിന്നു നേടാം രോഗപ്രതിരോധം

diabetes-day-2018

ഇന്നു ലോക പ്രമേഹദിനം.  കുടുംബവും പ്രമേഹവും എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹരോഗികളില്ലാത്ത കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ഒരു വീട്ടില്‍ തന്നെ ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ പ്രമേഹരാഗികളുണ്ടാവും. പ്രമേഹത്തിന്‍റെ ലോകതലസ്ഥാനമാണ് ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത് കേരളത്തിലാണ്. അഞ്ചില്‍ മൂന്നുപേരും പ്രമേഹ രോഗികളോ പ്രമേഹ സാധ്യത കൂടിയവരോ ആണ്. ചികിത്സിച്ചു ഭേദമാക്കാനാവില്ലങ്കിലും ഒരു പരിധി വരെ പ്രതിരോധിക്കാവുന്നതും നിയന്ത്രിച്ചു നിര്‍ത്താവുന്നതുമായ രോഗമാണിത്.വളരെ ഗൗരവമായ പ്രമേഹ സങ്കീര്‍ണതകളേയും നമുക്ക് പ്രതിരോധിക്കാന്‍ കഴിയും. ഇവയൊക്കെ സാധ്യമാവണമെങ്കില്‍ രോഗിക്കൊപ്പം മറ്റു കുടുംബാഗങ്ങളുടെ സഹകരണവും വഴികാട്ടലും അത്യാവശ്യമാണ്.പ്രമേഹത്തെ സംബന്ധിച്ച് യഥാര്‍ത്ഥ ചികിത്സകന്‍ ഡോക്ടറല്ല രോഗിയും കുടുംബാംഗങ്ങളുമാണ് എന്നാണു പറയുന്നത്.

കുടുംബാംഗങ്ങളുടെ പങ്ക് 

മറ്റു പലരോഗങ്ങളേയും പോലെ മരുന്നുകൊണ്ടുമാത്രം പ്രമേഹ നിയന്ത്രണം സാധിക്കുകയില്ല. അതിന് ആരോഗ്യകരവും സമീകൃതവുമായ ആഹാരം, ദിവസേനയുള്ള വ്യായാമം, മുടങ്ങാതെയുള്ള മരുന്നു സേവ എന്നിവയെല്ലാം ഒരുപോലെ പ്രധാനപ്പെട്ടതാണ്. നാം കൂടുതല്‍ സമയവും കുടുംബാംഗങ്ങള്‍ക്കൊപ്പം വീടുകളിലാണ് ചിലവഴിക്കുന്നത്.അതുകൊണ്ട് മുകളില്‍ സൂചിപ്പിച്ചവയിലൊക്കെ കുടുംബാംഗങ്ങളുടെ സഹകരണവും ചിലപ്പോള്‍ സ്നേഹപൂര്‍ണമായ പെരുമാറ്റവും ശാസനയുമൊക്കെ വേണ്ടി വരും. കൃത്യമായ സമയത്ത് മരുന്ന്, കൃത്യമായ സമയത്ത് ഭക്ഷണം, ദിവസേനയുള്ള വ്യായാമം എന്നിവയിലൊക്കെ പിന്തുണയും ഓര്‍മപ്പെടുത്തലും നല്‍കുക കുടുബാംഗങ്ങളുടെ ഉത്തരവാദിത്തം ആണ്. രോഗികള്‍ ഒറ്റയ്ക്കല്ല, കുടുബാംഗങ്ങള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന തോന്നല്‍ അവര്‍ക്കുണ്ടാവണം. അത് ചികിത്സാസംബന്ധിയായ കാര്യങ്ങളില്‍ ഉണര്‍വ് നല്‍കുന്നതു കൂടാതെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും പ്രമേഹ രോഗികളിലുണ്ടാവുന്ന വിഷാദരോഗം പരിഹരിക്കുന്നതിനും സഹായിക്കും.

അറിവു നേടാം

പ്രമേഹരോഗിമാത്രമല്ല കുടുംബാംഗങ്ങള്‍ എല്ലാം തന്നെ പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും എങ്ങനെ നിയന്ത്രിച്ചു നിര്‍ത്താമെന്നും ഉള്ള അറിവ് സമ്പാദിക്കണം.രക്തത്തിലെ പഞ്ചസാര വളരെ കുറയുമ്പോഴും കൂടുംമ്പോഴുമുള്ള ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം.

വീട്ടില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം

പ്രമേഹരോഗികള്‍ക്ക് മാത്രമായി വീട്ടില്‍ പ്രത്യേക ഭക്ഷണം ഉണ്ടാക്കേണ്ടതില്ല. പ്രമേഹരോഗികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം ഹെല്‍ത്തി ഡയറ്റ് ആയിരിക്കണമെന്നു മാത്രം. അതു തന്നെ മറ്റു കുടുബാംഗങ്ങള്‍ക്ക് പ്രമേഹം വരാതിരിക്കാനും ആരോഗ്യത്തിനും ഉതകുന്നതാണ്. പഞ്ചസാര ഉപേക്ഷിക്കുക, ചോറിന്‍റെ അളവ് കുറയ്ക്കുക, പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക, ജങ്ക്ഫുഡുകള്‍, വറുത്തതും പൊരിച്ചതും, ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കുക ഇവയെല്ലാം പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല മറ്റു കുടുംബാംഗങ്ങള്‍ക്കും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

ചെയ്യാം വ്യായാമം ഒരുമിച്ച്

പ്രമേഹരോഗിക്കൊപ്പം കുടുംബാംഗങ്ങളും ദിവസേനയുള്ള വ്യായാമത്തില്‍ പങ്കാളിയാകുന്നത് വ്യായാമത്തിന്‍റെ നിരവധി പ്രയോജനങ്ങള്‍ ലഭിക്കുന്നതു കൂടാതെ വ്യായാമം മുടങ്ങാതിരിക്കാനും സഹായിക്കും. മുതിര്‍ന്നവരും, കുട്ടികളും സുഹൃത്തുക്കളുമൊക്കെ വ്യായാമത്തിന് ഒപ്പം കൂടാം.

രക്ത പരിശോധനയും മെഡിക്കല്‍ ചെക്ക്അപ്പുകളും

പ്രമേഹമുള്ളവര്‍ പ്രത്യേകിച്ച് ഇന്‍സുലിന്‍ എടുക്കുന്നവര്‍ വീട്ടില്‍ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് രക്തം പരിശോധിക്കണം. അതിന് കുടുംബാംഗങ്ങളുടെ സഹായം വേണം. ആശുപത്രിയില്‍ ചെക്ക്അപ്പിനു പോകുമ്പോഴും കുടുംബാംഗങ്ങളുടെ സാന്നിദ്യം രോഗിക്കു മാത്രമല്ല കൂടെയുള്ളവര്‍ക്കും പ്രയോജനം ചെയ്യും. ഡോക്ടറുടെ ജീവിതശൈലിക്രമീകരണ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും മനസിലാക്കി പ്രവര്‍ത്തികമാക്കണം. ആരോഗ്യത്തിന് അത് മുതല്‍ കൂട്ടാവും.