വർഷങ്ങളോളം ഒരേ മരുന്ന് കഴിക്കുന്ന പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്

പ്രമേഹം മറ്റു രോഗങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നത് അതിന്റെ തുടർചികിത്സയിലാണ്. ജീവിച്ചിരിക്കുന്ന അത്രയും കാലം തുടർചികിത്സ പ്രമേഹരോഗികൾക്ക് അത്യാവശ്യം വേണ്ടതാണ്. മൂന്നു മാസത്തിലൊരിക്കലെങ്കിലും പ്രമേഹ ചികിത്സാ സംഘത്തെ കാണണം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾതന്നെ മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങി വർഷങ്ങളോളം ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. ഇടയ്ക്കിടെ പരിശോധന നടത്തി, അവയവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി ആവശ്യമെങ്കിൽ മരുന്നുകളിൽ കൃത്യമായുള്ള മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കണം. 

50 ശതമാനം പ്രമേഹരോഗികളിലും രക്തത്തിലെ പഞ്ചസാര പെട്ടെന്നു കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെയുള്ളവർ രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കണം, ചികിത്സിക്കുന്ന ഡോക്ടർമാർ എന്തെങ്കിലും നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അവ കൃത്യമായി പാലിക്കണം. തുടർച്ചയായുള്ള ഗ്ലൂക്കോസ് നിരീക്ഷണ പദ്ധതികളും ആധുനിക സംവിധാനങ്ങളുമെല്ലാം നമ്മുടെ നാട്ടിൽ ലഭ്യമാണ്. എന്നാൽ ഇതിന്റെ ഗുണം കിട്ടുന്നതാകട്ടെ വെറും ഒരു ശതമാനത്തിൽ താഴെ രോഗികൾക്കു മാത്രമാണ്. കൂടുതൽ പേർക്ക് ഇതിന്റെ ഗുണം കിട്ടിയാൽ പ്രമേഹ അനുബന്ധ രോഗങ്ങൾ തടയാനും പ്രമേഹരോഗത്തിനുള്ള അധിക സാമ്പത്തിക ബാധ്യത കുറയ്ക്കാനും സാധിക്കും. 

പ്രമേഹം കണ്ടെത്തുന്ന വേളയിൽത്തന്നെ ഏറ്റവും നല്ല ചികിത്സ സ്വീകരിക്കുകയും തുടർചികിത്സാചെലവ് കുറച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് സ്വീകരിക്കേണ്ടത്. ആദ്യം ഒന്നോ രണ്ടോ മരുന്നുകൾ കഴിച്ച്, വർഷങ്ങൾ കഴിയുമ്പോൾ ഓരോ അവയവങ്ങൾക്ക് കേടുപാടുകൾ വരുമ്പോൾ ചികിത്സാചെലവ് വർധിച്ചു വരികയും അതോടൊപ്പം മനസ്സിനും ശരീരത്തിനും അവശത വരുത്തിവയ്ക്കുന്ന ചികിത്സാരീതി സ്വീകരിക്കാൻ പാടില്ല. ആദ്യം കുറച്ച് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും വ്യായാമത്തിനു കുറച്ചു സമയം കണ്ടെത്തണം, കൂടുതൽ പണം നല്ല ചികിത്സയ്ക്കായി കണ്ടെത്തണം, കണ്ണുകൾ, വൃക്ക പരിശോധന തുടങ്ങി ഒരുപാട് ലബോറട്ടറി പരിശോധനകൾ നടത്തണം. പ്രമേഹം കണ്ടെത്തുന്ന വേളയിൽ നല്ല ചികിത്സ ലഭ്യമാകുന്ന നല്ലൊരു ശതമാനം ആളുകൾക്കും പ്രമേഹം തുടച്ചു മാറ്റാനും സാധിക്കും.