പ്രമേഹവും ഹൃദ്രോഗവും തിരിച്ചറിയാന്‍ ഒരു ലൈറ്റ് മാത്രം മതി

വെറുമൊരു ലൈറ്റ് ശരീരത്തിലടിച്ച് പ്രമേഹവും ഹൃദ്രോഗവും തിരിച്ചറിയാനാവുമോ? കഴിയുമെന്നാണ് പുതിയ ഈ കണ്ടുപിടുത്തം പറയുന്നത്. രക്തപരിശോധനകളോ മറ്റോ കൂടാതെ പ്രമേഹ, ഹൃദ്രോഗസാധ്യതകൾ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ഈ നൂതനചികിത്സ വഴി സാധിക്കും.

AGE റീഡര്‍ എന്നൊരു ചെറിയ ഉപകരണമാണ് ഇതിനുപയോഗിക്കുന്നത്. അധികമായെത്തുന്ന ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിലെ പല കോശങ്ങളിലും ഒട്ടിപ്പിടിച്ചിരിക്കാറുണ്ട്. ഇതിനെ Advanced glycation end products അല്ലെങ്കില്‍  AGEs എന്നാണു വിളിക്കുക. ഇതാണ് പലപ്പോഴും രക്തസമ്മര്‍ദം പോലും ഉണ്ടാക്കുന്നത്‌. ഇതൊരുതരം പശ പോലെയാണ് കാണപ്പെടുന്നത്.

ഇതാണ് പ്രമേഹത്തിനു തുടക്കമിടുന്നതും. പ്രായമേറുന്തോറും കോശങ്ങളില്‍ AGE അടിയുന്നത് കൂടുന്നു. നെതര്‍ലൻഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിനു നേതൃത്വം നല്‍കിയത്. 

ഡയഗനൊപ്ടിക്സ് എന്നൊരു കമ്പനിയാണ് ഈ AGE റീഡര്‍ കണ്ടെത്തിയത്. ചര്‍മത്തിലെ AGE ലെവല്‍ ഈ ഉപകരണത്തില്‍ നിന്നുള്ള ഫ്ലൂറസന്റ് ലൈറ്റ് ഉപയോഗിച്ച് നിര്‍ണയിക്കാന്‍ സാധിക്കും.  പ്രമേഹസാധ്യതയില്ലെങ്കില്‍ അതു തിരിച്ചറിയാനും കഴിയും. 70,000 ത്തിലധികം ആളുകളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഈ പഠനത്തിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിയത്. എന്തായാലും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് അവര്‍.