Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുതേ, ആ ‘കഞ്ഞിവാർത്ത’ വിശ്വസിക്കരുതേ...

pazhankanji

‘ഞാൻ ഒരു കഞ്ഞിയായതിൽ അഭിമാനിക്കുന്നു’ എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു സുഹൃത്തിന്റെ ആ വാട്ട്സ്അപ്പ് സന്ദേശം. തുറന്നുനോക്കിയപ്പോൾ മലയാളികൾക്കെല്ലാം മലയോളം പുളകമണിയാൻ സ്കോപ്പുള്ള ഒന്നാന്തരം ഒരു സർട്ടിഫിക്കറ്റിന്റെ ചിത്രം. അതിന് മുഖവുരയായി ഇങ്ങനെ എഴുതിയിരിക്കുന്നു: 

‘ഒടുവിൽ അർഹിച്ച അംഗീകാരം നമ്മുടെ പഴങ്കഞ്ഞിയെ തേടിയെത്തി. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി UNESCO നമ്മുടെ പഴങ്കഞ്ഞിയെ തിരഞ്ഞെടുത്തിരിക്കുന്നു. നമ്മൾ മലയാളികൾ‌ക്കേവർക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ.’ 

‘On the 26 th day of Nov.2018, we declare that Pazhankanji, the breakfast food of South Indians is the healthiest breakfast item in the whole world. ഇതാണ് ഇംഗ്ലിഷ് വരികൾ. സർട്ടിഫിക്കറ്റിൽ യുനെസ്കോയുടെയും ഇന്റർനാഷണൽ പീസ് ഫൗണ്ടേഷന്റെയും ലോഗോ അച്ചടിച്ചിട്ടുണ്ട്. ഒപ്പം, യുനെസ്കോയുടെ ഡയറക്ടർ–ജനറൽ ഐറീന ബെകോവയുടെ പേരും ഒപ്പും. 

certificate

അപ്പോൾ സംഗതി ലോക്കലല്ല. ചട്ടിയിലും കലത്തിലും മലയാളിയുടെ കുടവയറിലുമൊക്കെ നാണിച്ചുകിടന്ന നമ്മുടെ പഴങ്കഞ്ഞിയെ ഇന്റർനാഷണലാക്കി ഉയർത്തിയ യുനെസ്കോയുടെ മഹാമനസ്കതയെ അറിയാതെ നമിച്ചുപോയി.

Read More : ആരോഗ്യത്തിനുത്തമമായ പഴങ്കഞ്ഞി

തുടർന്ന്, വാർത്ത വൈറലായ വിവരമറിയിച്ച് ഫോണിലെ വാട്ട്സ്ആപ്പ് നിരന്തരം ചിലച്ചുകൊണ്ടിരുന്നു. സ്വതവേ കുളിരുള്ള പഴങ്കഞ്ഞിയെക്കുറിച്ച് വൃശ്ചികമാസത്തിൽ വന്ന ഈ ചൂടുള്ള വാർത്ത എന്തേ നമ്മുടെ മുഖ്യധാരാമാധ്യമങ്ങളിലൊന്നും വരുന്നില്ല എന്നുവിഷമിച്ച് ഗൂഗിളിൽ മേഞ്ഞപ്പോഴാണ് ‘കഞ്ഞിവാർത്ത’യുടെ കള്ളി പൊളിഞ്ഞത്. 

ദേശം, ഭാഷ, മതം എന്നിവയ്ക്കെല്ലാം അതീതമായി പ്രവർത്തിച്ച് ലോകസമാധാനത്തിനും സുരക്ഷയ്ക്കും ആഗോളവിദ്യാഭ്യാസത്തിനുമായി നിലകൊള്ളുന്ന സംഘടനയാണ് യുനെസ്കോ. ഒരു ദേശത്തിന്റെ കഞ്ഞിയെ ലോകത്തിലെ ഏറ്റവും ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി തിരഞ്ഞെടുത്ത് മറ്റു ദേശങ്ങളുടെ ഭക്ഷണശീലങ്ങളെയെല്ലാം പിന്നിലാക്കേണ്ട കാര്യം അവർക്കില്ല. 

പിന്നെ, സർട്ടിഫിക്കറ്റിന്റെ കാര്യം. അത്, ഓൺലൈൻ കലാകാരന്മാരുടെ സർഗാത്മകസൃഷ്ടിയാണ്. ഇതാദ്യമായല്ല സൈബർലോകത്ത് ഇത്തരം സർട്ടിഫിക്കറ്റുകൾ പ്രചരിക്കുന്നത്. 2016–ൽ കരക്കമ്പിയായി കറങ്ങിനടന്ന ഒരു ‘യുനെസ്കോ’ സർട്ടിഫിക്കറ്റിൽ പഴങ്കഞ്ഞിയല്ല, ഇഡ്ഢലിയായിരുന്നു ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പ്രഭാതഭക്ഷണം. തുടർന്ന്, സൈബർ പാണന്മാർ ഇഡ്ഢലിയുടെ ഗുണഗണങ്ങൾ പാടിനടന്നു.  ലോകത്തിലെ ഏറ്റവും മികച്ച കറൻസി ഇന്ത്യയിലെ 2000 രൂപയുടേതാണ്, ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനം ‘ജനഗണമന’യാണ്, ലോകത്തിലെ ഏറ്റവും സമാധാനപരമായ മതം ‘…....’ ആണ്  എന്നുതുടങ്ങി പലവിധ യുനെസ്കോ സർട്ടിഫിക്കറ്റുകൾ ഇന്ന് ‘നെറ്റിൽ’ സുലഭമാണ്. 

ദോഷം പറയരുതല്ലോ, ഒറ്റനോട്ടത്തിൽ ആർക്കും സംശയത്തിനിടവരാത്തവിധമാണ് ഈ സർട്ടിഫിക്കറ്റുകളുടെ രൂപകല്പന. പക്ഷേ, 2018 നവംബറിലേതായി ഇപ്പോൾ പ്രചരിക്കുന്ന ‘കഞ്ഞിസർട്ടിഫിക്കറ്റി’ലെ ഒപ്പ് 2017 നവംബറിൽ സ്ഥാനമൊഴിഞ്ഞ  ഡയറക്ടർ–ജനറലിന്റേതാണ്. ഫ്രഞ്ചുകാരിയായ ഓഡ്രി അസൂലെയാണ് യുനെസ്കോയുടെ നിലവിലുള്ള ഡയറക്ടർ–ജനറൽ. 

അപ്പോൾ, കഞ്ഞിവാർത്ത കള്ളമാണ്. എന്നുവച്ച്, പഴങ്കഞ്ഞിയുടെ കാര്യത്തിൽ അഭിമാനമൊട്ടും കുറയ്ക്കേണ്ട കാര്യമില്ല മലയാളികൾക്ക്. കാരണം,  പഴങ്കഞ്ഞി കുടിച്ച് പയറുപോലെ നടക്കുന്ന പഴമക്കാരുള്ള നാടാണ് നമ്മുടേത്.