കസേരയിൽ കുഷൻ വച്ച് ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ വേദന നിസ്സാരമാക്കല്ലേ

40 വയസ്സു കഴിഞ്ഞ ചില രോഗികൾ വലിയ ഒരു കുഷനും കൈയിൽ പിടിച്ചുകൊണ്ടാണ് ഡോക്ടറെ കാണാൻ വന്നത്. ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴും നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പ്രഷ്ഠത്തോടു ചേർന്ന് കടുത്ത വേദനയാണ് പലർക്കും. കാര്യം നിസ്സാരമാണെങ്കിലും ചിലപ്പോഴെങ്കിലും ഗുരുതരമായേക്കാവുന്ന പ്രശ്നം. നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പക്ഷിയുടെ ചുണ്ട് പോലെ വളഞ്ഞിരിക്കുന്ന എല്ലിനുള്ള വേദനയാണിത്. കോക്സിഡൈനിയ അഥവാ ടെയിൽ ബോൺപെയിൻ എന്ന പേരിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗം. 

നട്ടെല്ലിന്റെ അടിഭാഗത്തുള്ള ‘സാക്രം’ എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന 3 മുതൽ 5 വരെയുള്ള ചെറിയ അസ്ഥികളാണ് ടെയിൽ ബോൺ അഥവാ കോക്സിക്സ്.  മനുഷ്യന്റെ പരിണാമ ദശയിൽ ഉണ്ടായിരുന്ന വാലിന്റെ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ പേരിലറിയപ്പെടുന്നത്.

കാരണങ്ങൾ
പല കാരണങ്ങളാൽ കോക്സിഡൈനിയ ഉണ്ടാകും. സ്ത്രീകളിലാണ് പൊതുവെ കണ്ടു വരുന്നത്. ഗർഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ച് ടെയ്ൽ ബോണിന് സ്ഥാനചലനം സംഭവിച്ചേക്കാം. അങ്ങനെ വരുമ്പോൾ ഇരുന്നിട്ടും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴും അതി കഠിനമായ വേദനയുണ്ടാകും. ദീർഘദൂരം യാത്ര ചെയ്യുന്നവർക്കും ബൈക്കിൽ യാത്ര ചെയ്യുന്നവർക്കും സ്ഥിരമായി കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കും ഇതേ വേദന അനുഭവപ്പെടാറുണ്ട്. 

ശരീരത്തിന്റെ വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ൽ ബോണിന് വേദന അനുഭവപ്പെടാം. അമിതമായ ശരീര ഭാരം കൊണ്ട് ടെയ്ൽ ബോണിന് സമ്മർദം ഉണ്ടാവുകയും അവയ്ക്കു സ്ഥാന ചലനം സംഭവിച്ച് വേദന വരികയും ചെയ്യും. ശരീരം പെട്ടെന്ന് മെലിയുന്ന പ്രകൃതമാണെങ്കിൽ  ടെയ്ൽ ബോണിനും ത്വക്കിനും ഇടയിലുള്ള കൊഴുപ്പ് കുറഞ്ഞു പോകും. ഇരിക്കുമ്പോൾ എല്ലുകളിലേക്ക് സമ്മർദം അനുഭവപ്പെടുകയും വേദന വരികയും ചെയ്യും. 

വീഴ്ചയെ തുടർന്നും കഠിനമായ ഈ വേദന ഉടലെടുക്കാം. കുളിമുറിയിലോ മറ്റിടങ്ങളിലോ കാൽ വഴുതി , പ്രഷ്ഠഭാഗം ഇടിച്ചു വീഴുമ്പോൾ ടെയ്ൽ ബോണിന് ക്ഷതമോ ഒടിവോ സംഭവിക്കാം. അതിനു ശേഷവും വേദന അനുഭവപ്പെടാം. 

കൂടാതെ ടെയ്ൽ ബോണിനോടു ചേർന്ന് അണുബാധ ഉണ്ടാകുന്ന അവസ്ഥയും കണ്ടു വരാറുണ്ട്. അങ്ങനെ ഉള്ളവരിൽ ത്വക്കിലൂടെ പഴുപ്പ് ഒലിച്ചു വരുന്നത് പ്രകടമാവും. മലബന്ധം ഉള്ളവരിലും ഈ വേദന കണ്ടു വരുന്നുണ്ട്. ചുരുക്കം ചില ആളുകളിൽ നട്ടെല്ലിനുണ്ടാകുന്ന അർബദും കൊണ്ട് ഇത്തരത്തിലുള്ള വേദന വരാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചിലർക്ക് ഈ വേദന വരാനുള്ള കാരണം തെറ്റായ രീതിയിലുള്ള ഇരിപ്പാണ്. ഓഫിസിലും ടിവി കാണുന്ന സമയത്തും തെറ്റായ രീതിയിൽ ഇരുന്നാൽ, അമിതമായ സമർദം ടെയ്ൽ ബോണിന് അനുഭവപ്പെടാം. അതിനാൽ ചികിൽസയുടെ ആദ്യ പടി ശരിരായ രീതിയിൽ ഇരിക്കാനുള്ള പരിശീലനമാണ്.

ടെയ്ൽ ബോണിൽ വരുന്ന സമ്മർദം ഒഴിവാക്കാൻ പല തരത്തിലുള്ള കുഷനുകളും ലഭ്യമാണ്. ഏറ്റവും മികച്ച കുഷൻ ചുരുങ്ങിയ ചെലവിൽ നമുക്ക് തന്നെ നിർമിക്കാം. നമ്മുടെ സീറ്റിന്റെ മാതൃകയിൽ ചതുരത്തിലുള്ള ഫോം വെട്ടിയെടുത്ത് മധ്യഭാഗത്ത് വൃത്താകൃതിയിൽ ഒരു കുഴിയുണ്ടാക്കി കവറിട്ട് വയ്ക്കുക. ഇത് ഉപയോഗിക്കുമ്പോൾ ടെയ്ൽ ബോൺ താഴെ തട്ടുന്നത് ഒഴിവാക്കാം. ചൂടുള്ള പാത്രത്തിന് അടിയിൽ ഒരു ട്രേ നിറയെ തണുത്ത വെള്ളം വയ്ക്കുന്നതു പോലെയാവും ഇത്. 

ഇത്തരം വേദനയുള്ളവർ ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കൂടാതെ തടിക്കട്ടിൽ, തടി ബഞ്ച് തുടങ്ങിയ കട്ടിയുള്ള പ്രതലത്തിൽ   ഇരിക്കുന്നതും ഒഴിവാക്കണം. കഴിയുന്നതും അധിക സമയം ഇരിക്കാതെ നിൽക്കുകയോ നടക്കുകയോ ചെയ്യാൻ ശ്രമിക്കണം. 

ചികിൽസ
ഡോക്ടറുടെ നിർദേശമനുസരിച്ച് വേദന സംഹാരികൾ ഉപയോഗിക്കാം. വേദനയുടെ കാഠിന്യമനുസരിച്ച് ചിലപ്പോൾ അസ്ഥിയുടെ അഗ്രഭാഗത്തായി ഒരു ഇഞ്ചക്ഷൻ വേണ്ടി വന്നേക്കാം.

വളരെ ചുരുക്കം ആളുകളിൽ അസ്ഥിയുടെ രൂപത്തിലുള്ള വ്യത്യാസം കാരണം അത് ത്വക്കിലോട്ട് കുത്തി നിൽക്കുന്ന അവസ്ഥ വന്നേക്കും. ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കൂർത്ത ഭാഗങ്ങൾ നീക്കാൻ സാധിക്കൂ. ഇതു വളരെ വിരളമാണ്. 

മൂന്നോ നാലോ ആഴ്ചയിൽ കൂടുതൽ നിൽക്കുന്ന വേദന നിസ്സാരമായി തള്ളിക്കളയരുത്. ഒരു ഡോക്ടറെ സമീപിച്ച് എക്സ്റേ, രക്തപരിശോധന, സ്കാനിങ് എന്നിവ ചെയ്യണം. അസ്ഥികൾക്കുണ്ടായേക്കാവുന്ന പൊട്ടൽ, അണുബാധ, കാൻസർ, ട്യൂമർ എന്നിവ നിർണയിക്കാൻ ഇതിലൂടെ സാധിക്കും. 

നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന അതികഠിനമായ വേദന പലപ്പോഴും നിസാരമാണ്. അൽപം ശ്രദ്ധയും ശരിരായ പരിശീലനവും ഉണ്ടെങ്കിൽ വേദന മാറ്റിയെടുക്കാം. എന്നാൽ അപൂർവം ചില കേസുകളിൽ ഈ വേദന ഗൗരവമേറിയ രോഗങ്ങളുടെ ലക്ഷണവുമാകുന്നു. 

ഡോ.ആർ.കൃഷ്ണകുമാർ, 
സീനിയർ കൺസൽറ്റന്റ്, സ്പൈൻ സർജറി വിഭാഗം മേധാവി. 
ലേക്‌ഷോർ ആശുപത്രി.