ശ്വസിച്ചെടുക്കാം, എബോള മരുന്ന്

വാഷിങ്ടൺ∙ എബോള രോഗത്തിനു ശ്വസിച്ചെടുക്കാവുന്ന പ്രതിരോധ മരുന്നുമായി യുഎസ് ഗവേഷകർ. കുത്തിവയ്പു വേണ്ടാത്തതിനാൽ നഴ്സിന്റെ ആവശ്യമില്ല, ആശുപത്രിയിൽ പോകേണ്ട.

ടെക്സസ് മെഡിക്കൽ ബ്രാഞ്ച് യൂണിവേഴ്സിറ്റിയും (യുടിഎംബി) നാഷനൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ഹെൽത്തും ചേർന്നാണു പ്രതിരോധമരുന്നു വികസിപ്പിച്ചെടുത്തത്. പ്രതിരോധമരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ചു വിജയം കണ്ടെന്നും മനുഷ്യരിലെ ഉപയോഗത്തിനായി വൈകാതെ തയാറാകുമെന്നുമാണു ഗവേഷകർ പറയുന്നത്. ശ്വാസത്തിലൂടെ എബോള രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ ഈ വഴിയുള്ള പ്രതിരോധം മികച്ച ഫലം തരുമെന്നു യുടിഎംബിയിലെ മിഷേൽ മേയർ ചൂണ്ടിക്കാട്ടുന്നു. ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്.