Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംഗോയിൽ എബോള വീണ്ടും

ebola-vaccine

കിൻസഷസ∙ കോംഗോയിൽ വീണ്ടും എബോള രോഗം പടരുന്നു. 14 പേർക്കു രോഗം സ്ഥിരീകരിച്ചു. ഒരാൾ മരിച്ചതായി കോംഗോ ആരോഗ്യമന്ത്രാലയം അറിയിച്ചു. 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള എംബന്റാക നഗരത്തിൽ എബോള സ്ഥിരീകരിച്ചതു ഭീതിപടർത്തിയിട്ടുണ്ട്. തലസ്ഥാനമായ കിൻസഷസയിൽനിന്ന് ഒരു മണിക്കൂർ വ്യോമദൂരമേയുള്ളൂ ഈ നഗരത്തിലേക്ക്.

തിരക്കേറിയ ജലപാതയായ കോംഗോ നദിയുടെ തീരത്താണു നഗരമെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കോംഗോയിലേത് ‘ഉയർന്ന അപായസാധ്യത’ ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. നഗരപ്രദേശത്ത് എബോള വൈറസ് വളരെ വേഗം പടരുമെന്നതാണു ഭീതിക്കു കാരണം.

പുതിയതായി വികസിപ്പിച്ച വാക്സിന്റെ 4000 ഡോസ് കോംഗോയിൽ എത്തിച്ചിട്ടുണ്ട്. 2014–15ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നപ്പോൾ ഈ വാക്സിൻ ഫലപ്രദമായിരുന്നു.

എബോള: നദിയായിരുന്നു; ഇപ്പോൾ മഹാമാരി

വൈറസിലൂടെ സംക്രമിക്കുന്ന മാരകരോഗമാണ് എബോള. 1976ൽ സുഡാനിലും കോംഗോയിലുമാണ് ഇതു കണ്ടെത്തിയത്. ആദ്യമായി ഈ വ്യാധി പൊട്ടിപ്പുറപ്പെട്ട കോംഗോയിലെ യാംബുക്കു പ്രദേശത്തിനു സമീപമുള്ള എബോള എന്ന നദിയുടെ പേര് രോഗത്തിനു നൽകുകയായിരുന്നു. ആ വർഷം നാനൂറിലേറെപ്പേർ മരിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ എബോള രോഗബാധ 2014ൽ ആയിരുന്നു. 11,310 പേർ മരണമടഞ്ഞു. ലോകാരോഗ്യ സംഘടന അന്ന് എബോളയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

രോഗം പരത്തിയത് വവ്വാലുകളും കുരങ്ങന്മാരും

വൈറസ് ശരീരത്തിലെത്തിയാൽ രണ്ടു മുതൽ 21 വരെ ദിവസത്തിനിടയിൽ രോഗലക്ഷണങ്ങൾ കാണാം. ശക്‌തമായ പനി, തൊണ്ടവേദന, പേശീവേദന, തളർച്ച, ഛർദി, വയറിളക്കം തുടങ്ങിയവ ലക്ഷണങ്ങൾ. ആന്തരികമോ ബാഹ്യമോ ആയ രക്‌തസ്രാവമുണ്ടാകാം. ലക്ഷണം കണ്ടശേഷം 16 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചേക്കാം.

രോഗബാധ സ്‌ഥിരീകരിച്ചാൽ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുത്തി മാറ്റിപ്പാർപ്പിക്കുകയാണു രക്ഷാമാർഗം. വന്യജീവികളിൽ നിന്നാണ് ആദ്യം വൈറസ് മനുഷ്യനിലേക്കു പടർന്നതെന്നു കരുതുന്നു. രോഗവാഹകരായത് വവ്വാലുകളും കുരങ്ങന്മാരുമാണ്.