സൂക്ഷിക്കുക! അന്തരീക്ഷവായു രക്തസമ്മർദ്ദം കൂട്ടും

വായുമലിനീകരണം ശ്വാസകോശരോഗങ്ങൾക്ക് മാത്രമാണോ കാരണമാകുന്നത്?. അല്ല, മറ്റ് നിരവധി പ്രശ്നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. വായുമലിനീകരണം രക്തസമ്മർദ്ദത്തിനും കാരണമാകുമത്രെ.

17 ഓളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മലിനീകരണം രക്തസമ്മർദ്ദത്തെ ബാധിക്കുമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിയിരിക്കുന്നത്. ഗ്യാംങ്ടോംഗ് പ്രൊവിന്‍ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ചൈനയാണ് പഠനം നടത്തിയിരിക്കുന്നത്.

ജേണൽ ഓഫ് ഹൈപ്പർടെന്‍ഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൾഫർ ഡയോക്സൈഡിന്റെയും നൈട്രജൻ ഓക്സൈഡിന്റെയും അന്തരീക്ഷത്തിലെ സ്വാധീനമാണ് ഇത്തരത്തിൽ ഹാനികരമാകുന്നത്.

വായുമലിനീകരണം മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ ചൈനയിലാണ് നടക്കുന്നത്. ഇന്നത്തെ നിലയില്‍ വായുമലിനീകരണം തുടര്‍ന്നാല്‍ 2050-ഓടെ പ്രതിവര്‍ഷം 66 ലക്ഷം പേര്‍ മരണപ്പെടുമെന്ന് കണക്കുകള്‍ പറയുന്നു.