ഇങ്ങനെപോയാല്‍ മരുന്നുകള്‍ ഫലിക്കാതാവുമെന്നു മുന്നറിയിപ്പ്

ആന്റിബയോട്ടിക് മരുന്നുകള്‍ നിര്‍ബാധം ഉപയോഗിക്കുന്നത് മരുന്നുകള്‍ ഫലിക്കാത്ത കാലത്തേക്കാണ് ലോകത്തെ നയിക്കുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ചെറിയ ജലദോഷത്തിനും പനിക്കുംപോലും ആന്റിബയോട്ടിക് മരുന്നുകള്‍ ചോദിച്ചു വാങ്ങുന്ന മലയാളികളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.

ഡോക്ടറെക്കാണാന്‍പോലും ശ്രമിക്കാതെ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നു സ്വയം ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നവരാണ് പലരും. ചെറിയ രോഗങ്ങള്‍ക്കു പോലും ഡോസ് കൂടിയ മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് രോഗം വരുമ്പോള്‍ അതിനേക്കാള്‍ ഡോസ് കൂടിയ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരും.  ഇത് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി രോഗാണുക്കള്‍ക്കു നേടിക്കൊടുക്കുമെന്നും ഭാവിയില്‍ മരുന്നുകള്‍ ഫലിക്കാതെ വരുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.

ഇന്നത്തെ രീതിയില്‍ നിയന്ത്രണമില്ലാതെ മരുന്ന് ഉപയോഗിക്കുന്നതു തുടര്‍ന്നാല്‍ 2050 ആവുന്നതോട പ്രതിവര്‍ഷം 10ദശലക്ഷം പേരെങ്കിലും മരുന്നുകള്‍ ഫലിക്കാതെ മരിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തിക്കുമെന്നാണു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കുന്നത്. സെക്കന്‍ഡില്‍ മൂന്നുപേര്‍വീതം മരണപ്പെടുന്ന സ്ഥിതിയാണ് ലോകാരോഗ്യസംഘടന മുന്നില്‍ക്കാണുന്നത്.  

മരുന്നുകള്‍ ഫലിക്കാത്തതുകാരണം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മാത്രം ഇപ്പോള്‍ പ്രതിവര്‍ഷം 25000 പേര്‍ മരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.  ഇതിനെ പ്രതിരോധിക്കാന്‍ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും നിയന്ത്രിക്കണം. ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം സംബന്ധിച്ചു ലോകവ്യാപകമായ ബോധവല്‍ക്കരണത്തിനും സംഘടന ആഹ്വാനം ചെയ്യുന്നു.