മരുന്നുകൾക്കൊപ്പം വൈറ്റമിൻ സപ്ലിമെന്റ് എന്തിന്?

ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾക്കൊപ്പം വൈറ്റമിനുകൾ ധാരാളമായി കുറിച്ചുകൊടുക്കുന്ന ഒരു ശീലം മുമ്പ് ഡോക്‌ടർമാർക്കുണ്ടായിരുന്നെങ്കിലും ഇന്നു തീരെകുറവാണ്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ വയറ്റിലുള്ള ചില നല്ല ബാക്ടീരികളും മറ്റും നശിച്ചു പോകുന്നതു തടയാൻ വേണ്ടിയായിരുന്നു ഇങ്ങനെ നൽകിയിരുന്നത്. അതുകൊണ്ടു പ്രത്യേകിച്ചു പ്രയോജനമില്ലെന്നും മരുന്നു കഴിക്കൽ നിർത്തുമ്പോൾ അവ താനേ ശരീരത്തിൽ ഉണ്ടാകുമെന്നു കണ്ടതോടെയാണ് ആ ശീലം ഇല്ലാതായത്.

മരുന്നും മുന്തിരി ജ്യൂസും

മരുന്നും ഗ്രേപ് ഫ്രൂട്ടുമായി പ്രതിപ്രവർത്ത‍ിനു സ‍ാധ്യതയുള്ളതായി പഠനങ്ങളുണ്ട്. ഗ്രേപ് ഫ്രൂട്ടിന്റെ തന്നെ വിഭാഗത്തിൽ പെട്ടതാണ് ഇന്ത്യന്‍ മുന്തിരിയും. അതു കൊണ്ട് ഇതു സംബന്ധിച്ച് പ്രത്യേകിച്ച് പഠനങ്ങളൊന്നുമില്ലെങ്കിലും, കൂടുതൽ സുരക്ഷിതത്വത്തിന്, മുന്തിരിജ്യൂസ് മരുന്നിനോടൊപ്പം കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.

ഒരു മരുന്നു കഴിച്ചാൽ അതു രക്തംവഴി കരളിൽ എത്തുമ്പോഴാണ് ചെറുഘടകങ്ങൾ ആയി വിഘടിക്കപ്പെടുന്നതും (മെറ്റബോളിസം) അതുവഴി രോഗിക്കു ഗുണം കിട്ടുന്നതും. ശരീരത്തിലുള്ള ചിലതരം എൻസൈമ‍‍ുകളാണ് ഇതിനു സഹായിക്കുന്നത്. മുന്തിരിയിലുള്ള ചില രാസഘടകങ്ങൾക്ക് മരുന്നിന്റെ വിഘടനത്തെ തടയാനുള്ള കഴിവുണ്ട്. ഇതുമൂലം രക്തത്തിലെ മരുന്നിന്റെ അളവ് മൂ‍ന്നിരട്ടിവരെയോ അതിലധികമായോ കൂട്ടാൻ സാധിക്കും.

കൊളസ്ട്രോൾ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിൻ വിഭാഗത്തിൽപെട്ട മരുന്നുക‍ൾ, ബി പി മരുന്നുകൾ, ട്രാൻസ്പ്ലാന്റ‍േഷൻ കഴിഞ്ഞവർ കഴിക്കുന്ന മരുന്ന‍ുകൾ, ചിലതരം ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ തുടങ്ങിയവയാണ് മുന്തിരിജ്യൂസുമായി കൂടുതലായി പ്രതി പ്രവർത്തിക്കുന്നത്. മാംസ‍ പേശികൾക്കു വേദന, വൃക്കകളുടെ പ്രവർത്തനതടസ്സം, തലകറക്കം ശ്വസനതടസ്സം. ബി പി വ്യതിയാനം തുടങ്ങിവയാണ് ശ്രദ്ധേയമായ പാർശ്വഫലങ്ങൾ. മുന്തിരി, ജെല്ലി, വൈൻ ഇവയൊന്നു മരുന്നിനോടൊപ്പം കഴിക്കേണ്ട.