ബിഷപ്പ് ജേക്കബിന്റെ വൃക്ക സൂരജിൽ പ്രവർത്തിച്ചു തുടങ്ങി

ശസ്ത്രക്രിയയ്ക്കു മുൻപ് ബിഷപ്പ് ജേക്കബ് മുരിക്കൻ സഹോദരങ്ങൾക്കൊപ്പം

പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബിന്റെ സ്നേഹം വൃക്കയുടെ രൂപത്തിൽ സൂരജിന്റെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി. എറണാകുളം വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിൽ നടന്ന അവയവമാറ്റത്തിലൂടെയാണ് ഈ കാരുണ്യവർഷത്തിൽ ബിഷപ്പ് മുരിക്കൻ കാരുണ്യത്തിന്റെ പ്രതീകമായത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ജീവനക്കാരനായ സൂരജ് എന്ന 31 വയസുകാരൻ കഴിഞ്ഞ ഒരു വർഷമായി വൃക്ക ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു. ജന്മനാ ഒരു വൃക്ക മാത്രമുള്ള സൂരജ് കഴിഞ്ഞ വർഷം മൂത്രത്തിൽ അണുബാധ വന്നതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു വൃക്കമാത്രമേ ഉള്ളൂവെന്നറിഞ്ഞതും വൃക്കയുടെ തകരാർ കണ്ടെത്തിയതും. തുടർന്ന് കിഡ്നി ഫെഡറേഷനുമായി ബന്ധപ്പെട്ട് കാത്തിരിക്കുകയായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സൂരജിനു തന്റെ വൃക്ക അനുയോജ്യമാകുമെന്ന് പരിശോധനകളിൽ തെളിഞ്ഞതോടെ ഒട്ടും വൈകാതെ തന്നെ അവയവമാറ്റം നടത്താൻ തീരുമാനിക്കുകയായിരുന്നു ഈ വൈദികൻ.

വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ. ജോർജ് പി. ഏബ്രഹാം, ഡോ. ഡാറ്റ്സൺ ജോർജ് പി., നെഫ്രോളജിസ്റ്റുമാരായ ഡോ. എബി ഏബ്രഹാം, ഡോ. ജിതിൻ എസ്. കുമാർ, ചീഫ് ഓഫ് സ്റ്റാഫും അത്യാഹിതചികിത്സാ വിഭാഗം മേധാവിയുമായ ഡോ. മോഹൻ മാത്യു, ഡോ. മത്തായി സാമുവൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കും നേതൃത്വം നൽകി. അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോ. ജോർജ് പി. ഏബ്രഹാമും ഡോ. എബി ഏബ്രഹാമും അറിയിച്ചു.