അസ്ഥിസാന്ദ്രത അളന്നറിയാം

പലപ്പോഴും അസ്ഥിക്ഷയത്തിന്റെ ലക്ഷണങ്ങൾ വൈകിയാണ് വരാറ്. രോഗം കണ്ടെത്തുമ്പോഴേക്കും അസ്ഥിയുടെ കനം 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടാവും. ഈ ഒരു ഘട്ടമെത്തിക്കഴിഞ്ഞാൽ പിന്നെ അസ്ഥികൾക്ക് ഒടിവു സംഭവിക്കാൻ സാധ്യത കൂടും.

അസ്ഥിക്ഷയം നേരത്തേ അറിയാം

ലക്ഷണങ്ങൾ പ്രകടമാകുന്നതിനു വളരെ മുമ്പു തന്നെ അസ്ഥിക്ഷയത്തിനുള്ള നേരിയ സാധ്യത പോലും കണ്ടെത്താൻ ബോൺ മിനറൽ ഡെൻസിറ്റി പരിശോധന സഹായിക്കും. വളരെ കൃത്യമായി ബി എം ഡി കണ്ടുപിടിക്കുന്നത് ഡെക്സ്ട്രാ സ്കാൻ വഴിയാണ്. നട്ടെല്ലിന്റെയും ഇടുപ്പുസന്ധികളുടെയും ബലക്ഷയമാണ് ഇതുപയോഗിച്ച് കണ്ടെത്തുന്നത്.

അസ്ഥിസാന്ദ്രത കുറയുന്നുവെന്ന് നേരത്തേ കണ്ടെത്താനായാൽ രോഗം വഷളാവാതെ നിയന്ത്രിക്കാനും ഒടിവുകളോ പൊട്ടലുകളോ സംഭവിക്കുന്നത് തടയാനുമാവും.

ഈ പരിശോധനയുടെ ഫലം ടി സ്കോർ എന്നാണറിയപ്പെടുന്നത്. ടി സ്കോർ —2.5 ലും താഴെയാണെങ്കിൽ അസ്ഥിക്ഷയം സംഭവിച്ചതായി അനുമാനിക്കാം. ഏതാണ്ട് 15 മിനിറ്റ് മാത്രം എടുക്കുന്ന വേദനാരഹിതമായ പരിശോധനയാണ് ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ്.

എന്തിനാണ് ബി എം ഡി (BMD) പരിശോധന?

∙ അസ്ഥികൾക്ക് ഒടിവു സംഭവിക്കുന്നതിനു മുമ്പേ തന്നെ അസ്ഥിക്ഷയത്തിന്റെ സാധ്യത തിരിച്ചറിയാനും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒടിവുകൾ തടയാനും.

∙ അസ്ഥി ഒടിവു സംഭവിച്ച ഒരാളിൽ അതിന്റെ കാരണം ഓസ്റ്റിയോപൊറോസിസ് ആണോയെന്നു തീർച്ചപ്പെടുത്താൻ.

∙ ഒരാളുടെ അസ്ഥിസാന്ദ്രത സ്ഥിരമാണോ ഏറ്റക്കുറച്ചിലുകളുണ്ടോ എന്ന് കണ്ടെത്താൻ.

ആർക്കൊക്കെ നടത്താം?

∙ ഓസ്റ്റിയോപൊറോസിസ് സാധ്യതയുള്ള 50നു മുകളിലുള്ള പുരുഷന്മാർ.

∙ അപകടസാധ്യതകളൊന്നുമില്ലെങ്കിലും 65 വയസിനു മുകളിലുള്ള എല്ലാ സ്ത്രീകളും 70 വയസിനു മുകളിലുള്ള പുരുഷന്മാരും.

∙ 50 വയസിനു മുകളിലുള്ളവരിൽ എല്ലുകൾക്ക് ഒടിവു സംഭവിച്ചാൽ.

∙ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ കഴിക്കുന്നവർ, സ്തനാർബുദ ചികിത്സയ്ക്കു വിധേയരാകുന്നവർ, വളരെ പ്രകടമായി പൊക്കം കുറയുന്നവർ, വളരെ നേരത്തേ ആർത്തവവിരാമമായവർ തുടങ്ങിയവർക്കും ഈ പരിശോധന ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

അൾട്രാ സൗണ്ട് പരിശോധന

അൾട്രാസൗണ്ട് പരിശോധനയിലൂടെയും ബി എം ഡി കണ്ടുപിടിക്കാം. കൈത്തണ്ട, ഉപ്പൂറ്റി എന്നിവിടങ്ങളിലെ എല്ലിലാണ് പരിശോധന നടത്തുന്നത്. പക്ഷേ ഇതിനു കൃത്യത കുറവാണ്.

ടി സ്കോർ പറയുന്നത്

ബോൺ മിനറൽ ഡെൻസിറ്റി പരിശോധനാഫലമാണ് ടി സ്കോർ. ടി സ്കോർ +1നും —1നും ഇടയിലാണെങ്കിൽ അസ്ഥിസാന്ദ്രത സാധാരണമാണ്. —1നും —2.5നും ഇടയിലാണെങ്കിൽ അസ്ഥിസാന്ദ്രത വേണ്ടതിലും കുറഞ്ഞ് ഓസ്റ്റിയോ പൊറോസിസ് അടുക്കാറായി (ഓസ്റ്റിയോപീനിയ). —2.5നും താഴെയാണെങ്കിൽ ഓസ്റ്റിയോപൊറോസിസ് സംഭവിച്ചു കഴിഞ്ഞു.