പല്ല് കേടായാൽ കളി മോശമാകും !

പല്ലിനു കേടുള്ളതുകൊണ്ടാണ് ഇംഗ്ലിഷ് ഫുട്ബോളർമാരുടെ കളി മോശമാകുന്നതെന്ന് കണ്ടെത്തൽ! ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഇന്റർനാഷനൽ സെന്റർ ഫോർ എവിഡൻസ് ബേസ്ഡ് ഓറൽ ഹെൽത്ത് ആണു രസകരമായ കണ്ടുപിടിത്തം നടത്തിയത്. ഗവേഷണ റിപ്പോർട്ട് ബ്രിട്ടിഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ഹൾ സിറ്റി, സതാംപ്ടൺ, സ്വാൻസി, വെസ്റ്റ്ഹാം, ബ്രൈറ്റൺ, കാർഡിഫ്, ഷെഫീൽഡ് എന്നീ ക്ലബ്ബുകളിലെ 187 താരങ്ങളെയാണു ഡന്റിസ്റ്റുകൾ പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവരിൽ 53 ശതമാനം പേർക്കും പല്ലിനു തേയ്മാനമുള്ളതായി കണ്ടെത്തി. 45 ശതമാനം പേർ ഇതിനെച്ചൊല്ലി ആശങ്കപ്പെടുന്നവരാണ്. ഏഴു ശതമാനം പേർ പല്ലിന്റെ കേട് അവരുടെ പരിശീലനത്തെയും കളിയെയും ബാധിക്കുന്നതായി പറഞ്ഞു. 40 ശതമാനം താരങ്ങൾക്കു പല്ലിനു കേടുള്ളവരാണ്. സാധാരണ ജനങ്ങളിൽ ഇതു 30 ശതമാനം മാത്രം.

ഇവരിൽത്തന്നെ രണ്ടു പ്രധാന വിഭാഗക്കാരാണ് ഉള്ളതെന്നു ഗവേഷകരിലൊരാളായ പ്രഫ. ഇയാൻ നീഡ്ൽമാൻ ബിബിസിയോടു പറഞ്ഞു. ഒരു കൂട്ടർ പല്ലുവേദനയും മോണവീക്കവും കൊണ്ടു കഷ്ടപ്പെടുന്നവരാണ്. അവരുടെ കളിയെയും പരിശീലനത്തെയും ഇതു സ്ഥിരമായി ബാധിക്കുന്നു. മറ്റുള്ളവർ‌ തണുത്ത ജൂസ് പോലുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പല്ലിനു പുളിപ്പുണ്ടാകുന്നർ. മധുരവും അസിഡിക് സ്വഭാവവുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതാണു പലതിനും കാരണം. പരിശീലനത്തിനിടെ ധാരാളം ശ്വാസം വിടുന്നതിനാൽ വായ വരളുന്നതും ഉമിനീർ ആവശ്യത്തിന് ഉൽപാദിപ്പിക്കപ്പെടാത്തതുമാണു മറ്റൊരു കാരണം.

താരങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ദന്തപരിപാലനത്തിനും വലിയ പ്രധാന്യമുണ്ടെന്നു ക്ലബ്ബുകൾ തിരിച്ചറിയണമെന്നും നീഡ്ൽമാൻ പറഞ്ഞു. 2012 ലണ്ടൻ ഒളിംപിക്സിന്റെ സമയത്ത് അത്‌ലിറ്റുകളിലും ഡോക്ടർമാർ സമാനമായ പരിശോധനകൾ നടത്തിയിരുന്നു. അന്നും കണ്ടെത്തിയതു പല്ലുകളുടെ പ്രാധാന്യം തന്നെ.