Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുകൾ തുടിക്കുന്നതിനു പിന്നിൽ?

eyes

എപ്പോഴെങ്കിലുമൊക്കെ നമ്മുടെ കൺ തടങ്ങൾ തുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നോർത്ത് അത്ഭുതപ്പെട്ടിട്ടുമുണ്ടാകും അല്ലെ? ഭൂരിഭാഗം ആളുകളിലും കണ്ണു തുടിക്കുന്നത് അത്ര ഗൗരവമായി കാണേണ്ടതില്ല. അമിതമായ ക്ഷീണം, പിരിമുറുക്കം എന്നിവ മൂലവും ഇങ്ങനെ സംഭവിക്കാം. എന്നാൽ ഈ പ്രശ്നം നിരന്തരമായി അലട്ടുന്നവർ ഇതിന് പ്രത്യേക ചികിത്സ തേടേണ്ടതും ആവശ്യമാണ്.

പ്രധാനമായും മൂന്ന് തരത്തിലാണ് ഇതുള്ളത്. ആദ്യത്തേത് കൺപോളകളിൽ ഏതെങ്കിലുമൊന്ന് അതായത് താഴത്തെയോ മുകളിലത്തേതോ തുടിക്കുന്നത്. വേദനയില്ലാത്തതും ദോഷകരമല്ലാത്തതുമാണിത്. സാധാരണയായി ഒട്ടുമിക്കയാളുകളിലും ഇതുണ്ടാകാറുണ്ട്. ജീവിത ശൈലിയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഉദാഹരണത്തിന് മദ്യപാനം, പുകവലി, കഫീനിന്റെ ഉപയോഗം, ക്ഷീണം, പിരിമുറുക്കം എന്നിവ.

രണ്ടാമത്തേത് നമ്മുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുന്ന ഒന്നാണെന്ന് പറയാം. നിരന്തരം രണ്ടു കണ്ണുകളും വിറയ്ക്കുകയോ ചിമ്മിക്കൊണ്ടയിരിക്കുന്ന ഒരവസ്ഥയാണിത്. വളരെ വിരളമായി മാത്രം ഉണ്ടാകുന്ന ഈ അവസ്ഥയ്ക്ക് ആശ്വാസം ലഭിക്കാൻ മണിക്കൂറുകളോളം കണ്ണുകളടച്ചു വയ്ക്കേണ്ടിവരാറുണ്ട്.

വായയ്ക്കു ചുറ്റുമുള്ള പേശികളും കൺപോളകൾ ഉൾപ്പടെയുള്ള ഭാഗങ്ങൾ വിറയ്ക്കുന്ന അവസ്ഥയാണ് മൂന്നാമത്തേത്. മുഖത്തിന്റെ ഏതെങ്കിലും ഒരു വശത്തു മാത്രമാണിത് സംഭവിക്കുന്നത്. ഇതിന് കാരണമാകുന്നത് മുഖത്തെ ഒരു ചെറിയ ധമനിയാണ്.

ഒഴിവാക്കാൻ മാർഗങ്ങൾ

നിങ്ങൾ ജോലി ചെയ്യുന്ന സമയത്തോ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന സമയത്തോ ആണ് കണ്ണ് തുടിക്കുന്നത് എങ്കിൽ കുറച്ചു സമയത്തേക്ക് കണ്ണുകൾ അടച്ചുവയ്ക്കുക.

നന്നായി ഉറങ്ങുക

കൈവിരൽ ഉപയോഗിച്ച് കൺപോളയിലൂടെ വൃത്താകൃതിയിൽ മസാജ് ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക.

കഫീനിന്റെ ഉപയോഗം കുറയ്ക്കുക.

മദ്യപാനം ഒഴിവാക്കുക.